- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപരമായി യാതൊരു അനുമതിയുമില്ല; എന്നിട്ടും ഏനാദിമംഗലം സ്‌കിന്നർ പുരത്തെ തോട്ടഭൂമിയിൽ ടാർ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ച് കൺസ്ട്രക്ഷൻ കമ്പനി; നിയമം ലംഘിച്ച് പാറ പൊട്ടിച്ച് മെഷിനറികൾ വച്ചു; ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും പ്രതികളാക്കി അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി
തിരുവനന്തപുരം: തോട്ടഭൂമി വ്യവസായ ആവശ്യത്തിനായി ഡി നോട്ടിഫൈ ചെയ്തില്ല, മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തും അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ യാതൊരു അനുമതിയും നൽകിയില്ല എന്നിട്ടും അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നർ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാർ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു. യാതൊരു വിധ അനുമതിയും കിട്ടാതിരുന്നിട്ടും ഭരിക്കുന്ന പാർട്ടിയിലെ സാദാ നേതാക്കളുടെ ഒത്താശയോടെയാണ് സെക്കൻഡ് ഹാൻഡ് പ്ലാന്റ് ഇവിടെ കൊണ്ട് ഇറക്കിയിരിക്കുന്നത്. തടയാനും പ്രക്ഷോഭം നടത്താനും ഒരു കുഞ്ഞുമില്ല. കമ്പനിയുടെ നീക്കം മറുനാടൻ പുറത്തു വിട്ടത് അറിഞ്ഞിട്ടും പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ ചെറുവിരൽ അനക്കിയിട്ടില്ല. റവന്യൂ വകുപ്പും മറ്റ് അധികാരികളും തിരിഞ്ഞു നോക്കുന്നുമില്ല.
എന്നിട്ടും പ്ലാന്റ് സ്ഥാപിക്കാൻ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കാട്ടി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും പ്രതികളാക്കി പാലത്ര കൺസ്ട്രക്ഷൻസ് അടൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പരാതിയെന്നാണ് സൂചന. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത.
ചങ്ങനാശേരി പാലത്ര കൺസ്ട്രക്ഷൻസിന് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി സ്‌കിന്നർ പുരത്ത് അഞ്ചേക്കർ തോട്ടഭൂമിയാണ് വാങ്ങിയിരിക്കുന്നത്. തോട്ടഭൂമിയിൽ വ്യവസായം തുടങ്ങണമെങ്കിൽ ഡീ നോട്ടിഫൈ ചെയ്യണം. ഇതു വരെ അങ്ങനെ ഒരു നോട്ടിഫിക്കേഷൻ വന്നിട്ടില്ല. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്‌സിങ് പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയിട്ടില്ല.
ഒരു അനുമതിയുമില്ലാതെയാണ് മലിനീകരണ ഭീകരനെ തിങ്കളാഴ്ച രാത്രി ഇവിടെ കൊണ്ടിറക്കിയത്. പ്ലാന്റ് സ്ഥാപിച്ചു തുടങ്ങി. അനുമതി ആർക്ക് വേണം എന്നതാണ് ചോദ്യം. സിപിഎമ്മിന്റെ ഒത്താശയുണ്ടെങ്കിൽ ഒരു പിന്തണയും വേണ്ട. ഒരു നിയമവും പാലിക്കണ്ട. എതിർപ്പുമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അവനെ നാടുകടത്തും. ഭരണത്തിന്റെ പിൻബലത്തിൽ ക്വട്ടേഷൻ എടുത്ത് സിപിഎം നേതാക്കൾ തടിച്ചു കൊഴുക്കുന്നതിന്റെ ഉദാഹരണമാണ് ഏനാദിമംഗലത്ത് കാണുന്നത്.
ഇതൊക്കെ കാണുമ്പോഴാണ് ഇന്നാട്ടിലെ സാധാരണക്കാർ ചോദിക്കുന്നത് ഇവിടെ നീതിയും നിയമവുമൊന്നുമില്ലേ എന്ന്. ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ അത്യന്താധുനികമായ ഒരു ടാർ മിക്‌സിങ് പ്ലാന്റ് വന്നപ്പോൾ കുത്തിത്തിരുപ്പുണ്ടാക്കി ജനത്തെ സമരത്തിനിറക്കിയ ഒരു പഞ്ചായത്തംഗം ഉണ്ട് ഏനാദിമംഗലത്ത്. ആ മെമ്പറാണ് ഇപ്പോൾ സ്‌കിന്നർ പുരത്ത് ജാംബവാന്റെ കാലത്തുള്ള, അന്തരീക്ഷണ മലിനീകരണം രൂക്ഷമാക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നതാണ് വിരോധാഭാസം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്