ന്യൂഡൽഹി: നഷ്ടത്തിലായ എയർ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക്. എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസിന്റെ ടെൻഡറിന് അംഗീകാരമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയർ ഇന്ത്യയുടെ ടെൻഡറിന് അംഗീകാരം നൽകിയതായാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. ടെൻഡർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അറുപത്തിയേഴു വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ൽ ഇത് സർക്കാർ ദേശസാത്കരിച്ചു. എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഇന്ത്യയ്ക്കുള്ള ഓഹരിയും എർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്സിന്റെ അൻപതു ശതമാനം ഓഹരിയും കൈമാറും. 60,000 കോടിയുടെ നഷ്ടമാണ് നിലവിൽ എയർ ഇന്ത്യയ്ക്കുള്ളത്. കമ്പനി നടത്തിക്കൊണ്ടു പോകുന്നതുവഴി പ്രതിദിനം 20 കോടി രൂപ നഷ്ടം സർക്കാർ സഹിക്കുന്നുണ്ട്.

ടാറ്റയ്ക്കിത് വൈകാരിക നേട്ടം

മറ്റ് കാര്യങ്ങൾ മാറ്റി നിർത്തിയാൽ ടാറ്റയ്ക്ക് എയർ ഇന്ത്യയോട് വൈകാരികമായ ബന്ധം കൂടിയുണ്ട്. 1932 ൽ ജെ.ആർഡി ടാറ്റ രൂപീകരിച്ച ടാറ്റാ എയർലൈൻസാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്. അതിന്റെ ആദ്യ െൈലസൻസുള്ള പൈലറ്റുമായിരുന്നു ടാറ്റ. സ്വാതന്ത്ര്യത്തിന് ശേഷം ടാറ്റ എയർലൈൻസിനെ ദേശസാൽകരിക്കുകയായിരുന്നു. 1953ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ തങ്ങളെ ഉചിതമായി കേൾക്കാതെയായിരുന്നു സർക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആർ.ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയർ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാൾ താൻ കാണുന്നുവെന്നായിരുന്നു ജെ.ആർ.ഡി ടാറ്റയുടെ അന്നത്തെ വാക്കുകൾ. എയർഇന്ത്യയുടെ പൂർവരൂപമായ ടാറ്റ എയർലൈൻസ് മാത്രമാണ് തന്റെ സൃഷ്ടിയെന്നും മറ്റു കമ്പനികളെല്ലാം തന്നിലേക്ക് വന്നുചേരുകയായിരുന്നെന്നും ജെആർഡി ടാറ്റ ഒരിക്കൽ വികാരഭരിതനായി ഓർമിച്ചെടുത്തിരുന്നു.

എയർ ഇന്ത്യയെ വിറ്റഴിക്കാനുള്ള ചുരുങ്ങിയ വില കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ടാറ്റ സൺസും, സ്‌പൈസ് ജെറ്റ് പ്രോമട്ടറായ ്ജയ് സിങ്ങുമാണ് താൽപര്യ പത്രം സമർപ്പിച്ചിട്ടുള്ളത്. 15,00 കോടി മുതൽ 20,000 കോടി വരെയായിരിക്കും ചുരുങ്ങിയ ലേല വില എന്ന് ബിസിനസ് സ്റ്റാൻഡാർഡ് റിപ്പോർട്ട് ചെയ്തു.

എയർ ഇന്ത്യയെ കരകയറ്റാൻ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും കമ്പനി മുൻ ഡയറക്ടർ ജിതേന്ദ്രർ ഭാർഗവ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യമാണ് എയർ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ എയർ ഇന്ത്യ വിൽക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം.

2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനാൽ അന്ന് ടാറ്റ പിന്മാറുകയായിരുന്നു.