- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കാൽ നൂറ്റാണ്ട് കന്യാസ്ത്രീകളും അച്ഛന്മാരും നികുതി അടയ്ക്കാതെ സുഖിച്ചു; 2014ൽ നികുതി പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ നിയമ പോരാട്ടം; അനുകൂലിച്ചും പ്രതികൂലിച്ചും കോടതി വിധി; ഒടുവിൽ ആ വിശുദ്ധ നികുതി വെട്ടിപ്പിന് വിരാമം
കൊച്ചി: ഇനി കന്യാസ്ത്രീകളും വൈദികരും നികുതി നൽകണം. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) പിടിക്കാമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെ 'വിശുദ്ധ നികുതി' ഇളവിന് വിരാമമാകുകയാണ്. 2014 ലാണ് സർക്കാർ, എയ്ഡഡ് അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിനു ടിഡിഎസ് ബാധകമാക്കാൻ ഇൻകം ടാക്സ് വകുപ്പ് ട്രഷറി വിഭാഗത്തിനു നിർദ്ദേശം നൽകിയത്. ഇതിനെ എതിർത്താണ് വൈദികർ നിയമപോരാട്ടത്തിന് എത്തിയത്.
ശമ്പള വരുമാനമുണ്ടെങ്കിൽ ടിഡിഎസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി വിശദീകരിക്കുന്നു. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നൽകണമെന്ന ബൈബിൾ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ടാണു കോടതിയുടെ വിധി. മുക്കാൽ നൂറ്റാണ്ട് കന്യാസ്ത്രീകളും അച്ഛന്മാരും നികുതി അടയ്ക്കാതെ കഴിയുകയായിരുന്നു. 2014ൽ നികുതി പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് നിയമ പോരാട്ടം. അനുകൂലിച്ചും പ്രതികൂലിച്ചും കോടതി വിധി വന്നു. ഒടുവിൽ ആ വിശുദ്ധ നികുതി വെട്ടിപ്പിന് വിരാമം ഇടുകയാണ് ഹൈക്കോടതി.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. നിയമപ്രകാരം നികുതി ഈടാക്കുന്നതു മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകില്ലെന്നും വിശദീകരിച്ചു. സിംഗിൾ ജഡ്ജിയുടെ സമാന ഉത്തരവിനെതിരെ സിസ്റ്റർ മേരി ലൂസിറ്റ നൽകിയതുൾപ്പെടെ 49 അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വർഷങ്ങൾ നീണ്ട അനീതിക്ക് മൂക്കു കയർ ഇട്ട് ഹൈക്കോടതി രംഗത്ത്. സംസ്ഥാനത്തെ കന്യാസ്ത്രീകളും വൈദികരും അദ്ധ്യാപകവൃത്തിയടക്കമുള്ള സർക്കാർ ഉദ്യോഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന് ഇതുവരെ നൽകിയിരുന്ന നികുതി ഇളവ് കോടതി റദ്ദ് ചെയ്തു. നികുതി ഇളവ് റദ്ദാക്കിയ സർക്കാർ ഉത്തരവിനെതിരെ പോയ അപ്പീലിലാണ് ആദായനികുതി വകുപ്പിന് അനുകൂലമായ തീരുമാനം കോടതി എടുത്തത്. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട് എന്ന രീതിയിൽ പ്രചാരണം നടത്തി വരുമ്പോഴാണ് കോടതിയുടെ ശക്തമായ ഇടപെടൽ എന്നത് ശ്രദ്ധേയമായത്.
എയ്ഡഡ് സ്കൂളുകളിലും മറ്റും അദ്ധ്യാപകരായി ജോലി നോക്കുന്ന കന്യാസ്ത്രീകൾ, വൈദികർ എന്നിവരുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി പിരിക്കുന്നതിൽ അപാകതയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ശമ്പളം ഒപ്പിട്ടു വാങ്ങി വിവിധ ക്രിസ്ത്യൻ സഭകൾക്കു നൽകുകയാണു തങ്ങളെന്നു കാട്ടിയാണ് അദ്ധ്യാപകർ ഹർജി നൽകിയത്. വിവിധ ക്രിസ്ത്യൻ സഭകളിൽ അംഗങ്ങളായതിനാലാണ് ഇത്തരത്തിൽ ചെയ്യേണ്ടിവരുന്നത്. അതിനാൽ തങ്ങളുടെ പ്രവർത്തനത്തെ സേവനമായാണ് കാണേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 1944 ൽ സെൻട്രൽ ബോർഡ് ഓഫ് റവന്യൂവും 1977ൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസും സന്ന്യാസ സഭകളിൽ അംഗങ്ങളായവരുടെ ശമ്പളം, ആനുകൂല്യം തുടങ്ങിയവയിൽ നിന്ന് നികുതി പിരിക്കേണ്ടെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
പക്ഷേ, ഈ വാദം അംഗീകരിക്കാൻ കോടതി് തയ്യാറായില്ല. കന്യാസ്ത്രീകൾക്കും വൈദികർക്കും അദ്ധ്യാപക ജോലിക്കുള്ള ശമ്പളം നൽകുന്നത് സർക്കാരാണ്. ഈ തുക അവർ ട്രഷറിയിൽ നിന്ന് നേരിട്ട് ഒപ്പിട്ടാണ് വാങ്ങുന്നത്. ഒപ്പിട്ടു വാങ്ങുന്ന പണം പിന്നീട് ആർക്കു നൽകുന്നുവെന്നത് ആദായ നികുതി വകുപ്പ് അറിയേണ്ട കാര്യമല്ലെന്നും നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ചും നിരീക്ഷിച്ചിരുന്നു. സഭയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ഈ തുകയെല്ലാം പോകുന്നതെങ്കിൽ ആദായ നികുതി ഇളവിന് സാധുതയുണ്ട്. എന്നാൽ ഇവിടെ സ്ഥിതിയതല്ലെന്നു സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഡിവിഷൻ ബഞ്ചും ശരിവയ്ക്കുന്നത്.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണു പോകുന്നതെന്നും അപ്പീൽ ഭാഗം വാദിച്ചു. എന്നാൽ, ശമ്പളവും പെൻഷനും ഗ്രാറ്റ്വിറ്റിയും പറ്റുന്ന വൈദികരും കന്യാസ്ത്രീകളും സർക്കാർ ജീവനക്കാരാണെന്ന് നികുതി വകുപ്പ് വാദിച്ചു. മറ്റേതെങ്കിലും നികുതിയിളവിന് അർഹതയുണ്ടെങ്കിൽ ടിഡിഎസ് ഒഴിവാക്കുകയല്ല, റീഫണ്ട് ആണു ചെയ്യേണ്ടതെന്നും അറിയിച്ചു. ഇതാണ് കോടതി അംഗീകരിച്ചത്. ഫലത്തിൽ ഇനി നികുതി നൽകേണ്ടി വരും.
ദാരിദ്ര്യ വ്രതം സ്വീകരിക്കുന്ന സന്യസ്തരുടെ ശമ്പള വരുമാനം സന്യസ്ത സഭയിലേക്കു പോകുന്നതിനാൽ ടിഡിഎസ് ബാധകമാകില്ലെന്നുള്ള വാദം കോടതി തള്ളി. സന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനെയും കന്യാസ്ത്രീയെയും സംബന്ധിച്ചു 'സിവിൽ ഡെത്ത്' ആണു സംഭവിക്കുന്നതെന്ന വാദവും അംഗീകരിച്ചില്ല. ഈ വിശുദ്ധ നിലപാടുകളെല്ലാം തള്ളിയാണ് കോടതി വിധി.
കാനോനിക നിയമപ്രകാരമുള്ള 'സിവിൽ ഡെത്ത്' എന്ന ആശയം സന്യസ്തരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമങ്ങൾക്കു വ്യക്തിഗത നിയമങ്ങളെക്കാൾ പ്രാമുഖ്യമുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, തൊഴിലവകാശം ഉൾപ്പെടെ നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ അവകാശങ്ങളും സന്യസ്തരും അനുഭവിക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
1944 ലെയും 1977 ലെയും സർക്കുലറുകൾ അപ്പീലിനെ പിന്തുണയ്ക്കുന്നില്ല. ആദായ നികുതി നിയമം വരുംമുൻപാണ് ആദ്യ സർക്കുലർ. 1977 ലെ സർക്കുലർ മിഷനറിമാരുടെ ഫീസിനു ബാധകമായതാണ്, സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു ശമ്പളം പറ്റുന്നവർക്കു ബാധകമല്ലെന്നു കോടതി പറഞ്ഞു.
1944 മുതൽ 2014 വരെ വരെ വൈദികർക്കും കന്യാസ്ത്രീകൾക്കും നൽകുന്ന ശമ്പളത്തിനു സർക്കാർ ടിഡിഎസ് ബാധകമാക്കിയിരുന്നില്ല. 2014 മുതൽ ഇതുവരെ കോടതികളും തുണച്ചു. എന്നാൽ, 77 വർഷമായി ടിഡിഎസ് ഈടാക്കിയില്ലെന്നതു പ്രത്യേക അവകാശമൊന്നും നൽകുന്നില്ലെന്നു കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ