- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ബ്രിട്ടനിൽ കോഹ്ലിക്കും സംഘത്തിനും കർശന ക്വാറന്റൈൻ; ഓസ്ട്രേലിയൻ പര്യടനത്തിലേതിന് സമാനമായിരിക്കുമെന്നും റിപ്പോർട്ട്
മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1ന് നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കടന്നത് കഴിഞ്ഞ ദിവസമാണ്. കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഫൈനൽ പോരാട്ടം ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഫൈനൽ പോരാട്ടം സതാംപ്ടനിലായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ജൂൺ 18നാണ് ഫൈനൽ പോരാട്ടം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫൈനൽ പോരാട്ടത്തിനായി ബ്രിട്ടനിലെത്തുന്ന ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് കർശന ക്വാറന്റൈനായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സീസണിലെ ഐപിഎൽ പോരാട്ടത്തിന് ശേഷമായിരിക്കും ഇന്ത്യ ബ്രിട്ടനിലേക്ക് യാത്ര തിരിക്കുക. ഏപ്രിൽ ഒൻപത് മുതൽ മെയ് 30 വരെയാണ് ഐപിഎൽ പോരാട്ടങ്ങൾ.
14 ദിവസത്തെ കർശന ക്വാറന്റൈനായിരിക്കും ഇന്ത്യൻ സംഘത്തിനുണ്ടാകുക. ആദ്യ 5-6 ദിവസങ്ങൾ ഐസൊലേഷനിൽ ഇരുന്ന ശേഷമായിരിക്കും പരിശീലനത്തിന് ഇറങ്ങാൻ അനുവാദം നൽകുക. ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ സമയത്ത് ഏർപ്പെടുത്തിയ ക്വാറന്റൈന് സമാനമായി തന്നെയായിരിക്കും ബ്രിട്ടനിലും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്വാറന്റൈൻ നിയമങ്ങൾ ടീം കൃത്യമായി തന്നെ പാലിക്കുമെന്ന് ബിസിസിഐ ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഫൈനലിന് പിന്നാലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ഉള്ളതിനാൽ ടീമിനെ അവിടെ തന്നെ നിർത്താനുള്ള സാധ്യതകളും ബിസിസിഐ നോക്കുന്നുണ്ട്.