- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വാട്സാപ്പ് വഴി ഫോട്ടോ വാങ്ങി; മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാമത് വാങ്ങിയത് നഗ്ന വീഡിയോ; കൈവിട്ടു പോയതോടെ വീട്ടുകാരുടെ പരാതി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കൗമാരക്കാർ അറസ്റ്റിൽ
അടൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്‌നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ രണ്ടു കൗമാരക്കാർ അറസ്റ്റിൽ. ഒന്നാം പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. കൊടുമൺ ഐക്കാട് നെടിയമരത്തിനാൽ രാഹുൽ (18) ആണ് അറസ്റ്റിലായ രണ്ടാം പ്രതി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വാട്സാപ്പ് മുഖേനെ കൈക്കലാക്കിയ നഗ്നവീഡിയോ നിരവധി പേർക്ക് ഷെയർ ചെയ്തുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.
വാട്സാപ്പ് ഗ്രൂപ്പ് മുഖേനെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഫോട്ടോ തന്ത്രപൂർവം കൈക്കലാക്കി. ഇവ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നഗ്ന വീഡിയോ ദൃശ്യങ്ങൾ വാങ്ങിയത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടത്.
പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ വിമൽ രംഗനാഥ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, സുനിൽ, റോബി, ജോബിൻ, സതീഷ്, രാജ്കുമാർ, അനൂപ എന്നിവരുമുണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ രണ്ടാം പ്രതിയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി നടപടികൾ സ്വീകരിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്