ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന വാഹന നിർമ്മാണ മേഖലയ്ക്കും തകർച്ചയിലേക്ക് നീങ്ങുന്ന ടെലികോം മേഖലയ്ക്കും പിന്തുണയേകാൻ നിർണായക തീരുമാനങ്ങളുമായി കേന്ദ്ര സർക്കാർ. ടെലികോം, വാഹനനിർമ്മാണ മേഖലയിൽ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര സർക്കാർ.

നിലവിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നേടിയാലേ ടെലികോം മേഖലയിൽ 49 ശതമാനത്തിന് മുകളിൽ വിദേശ നിക്ഷേപത്തിന് സാദ്ധ്യമായിരുന്നുള്ളു. ഇത് മാറ്റി മുൻകൂർ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അനുമതിയാണ് സർക്കാർ പ്രഖ്യാപിച്ചത്.

കൂടുതൽ സേവനദാതാക്കളെ ആകർഷിക്കുന്നതിനും നിക്ഷേപം ഉറപ്പിക്കുന്നതിനും സഹായകമായതും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതുമായ നടപടികൾക്കാണ് കേന്ദ്രസർക്കാർ് അനുമതി നൽകിയിരിക്കുന്നത്. 4 ജി സേവനം വ്യാപിപ്പിക്കാനും 5 ജി ശൃംഖലയിൽ നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് പരിഷ്‌കാരങ്ങൾ.

ഭാവിയിലെ ലേലങ്ങളിൽ, സ്‌പെക്ട്രത്തിന്റെ കാലാവധി 20 ൽ നിന്ന് 30 വർഷമായി ഉയർത്തി. ലേലത്തിൽ സ്വന്തമാക്കുന്ന സ്‌പെക്ട്രം 10 വർഷത്തിന് ശേഷം തിരിച്ചേൽപ്പിക്കലിനും അനുവദിക്കും. ഇ-കെവൈസി നിരക്ക് ഒരു രൂപ മാത്രമായി പരിഷ്‌കരിച്ചു. പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്-പെയ്ഡിലേക്കും തിരിച്ചും മാറുന്നതിന് പുതിയ കെവൈസി ആവശ്യമില്ല.

ഒക്ടോബർ 1 മുതൽ, ലൈസൻസ് ഫീസും സ്‌പെക്ട്രം യൂസേജ് ചാർജും അടയ്ക്കുന്നതിനുള്ള കാലതാമസത്തിന് എംസിഎൽആർ പ്ലസിന്റെ 4% പലിശയ്ക്കു പകരം എസ്‌ബിഐയുടെ എംസിഎൽആർ പ്ലസിന്റെ 2% പലിശയാക്കി കുറച്ചു. മാസത്തിൽ പലിശ കണക്കാക്കിയിരുന്ന സ്ഥാനത്ത് ഇനി വർഷക്കണക്കിലാകും പലിശ കണക്കാക്കുക. പിഴയും പിഴപ്പലിശയും ഒഴിവാക്കി.

ലേലത്തിൽ സ്‌പെക്ട്രം ഉപയോഗ നിരക്ക് ഈടാക്കില്ല. സ്‌പെക്ട്രം ഷെയറിങ് പ്രോത്സാഹിപ്പിക്കും. സ്‌പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5% അധിക സ്‌പെക്ട്രം ഉപയോഗ നിരക്കും നീക്കം ചെയ്തു. ഒരു നെറ്റ് വർക്കിൽ നിന്ന് മറ്റൊരു നെറ്റ് വർക്കിലേക്ക് വിളിക്കുമ്പോൾ സേവന ദാതാക്കൾ നേരിടുന്ന നഷ്ടം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും. ലേലങ്ങൾക്ക് ഗഡുക്കളായുള്ള പണമടയ്ക്കൽ സുരക്ഷിതമാക്കാൻ ബാങ്ക് ഗാരന്റി ആവശ്യമില്ല.

എല്ലാ നടപടിക്രമങ്ങളും പാലിച്ച് ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നൽകിയിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വയർലെസ് ഉപകരണങ്ങൾക്കായി 1953ലെ കസ്റ്റംസ് വിജ്ഞാപനപ്രകാരം ലഭ്യമാക്കേണ്ട ലൈസൻസുകൾ ഒഴിവാക്കി. പകരം സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.

എജിആർ ഉൾപ്പടെ ടെലികോം കമ്പനികളുടെ എല്ലാ കുടിശികയ്ക്കും നാല് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതായും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.വാഹന നിർമ്മാണ മേഖലയ്ക്കും ഡ്രോൺ വ്യവസായത്തിനും പ്രത്യേക പാക്കേജ് അനുവദിച്ചു.

ടെലികോം കമ്പനികളുടെ എജിആറിൽ ടെലികോം ഇതര വരുമാനം കണക്കിലെടുക്കില്ല. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് നിലവിലുണ്ടായിരുന്ന നടപടികളും കേന്ദ്രസർക്കാർ ലളിതമാക്കി. വിവിധ തലങ്ങളിലെ അനുമതിക്ക് പകരം സ്വയം സാക്ഷ്യപത്രം നൽകി കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകി.

25,938 കോടിയാണ് വാഹന നിർമ്മാണ മേഖലയ്ക്ക് നൽകുക. ഡ്രോൺ വ്യവസായത്തിന് 120 കോടിയും ചേർത്ത് ആകെ മൊത്തം 26,538 കോടിയാകും അനുവദിക്കുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.