- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന് നേരേ വധശ്രമം; നഷീദിന് ബോംബ് സ്‌ഫോടനത്തിൽ പരുക്ക്; ആക്രമണം വീട്ടിൽ നിന്നിറങ്ങി കാറിന് അടുത്തേക്ക് നടക്കുമ്പോൾ; പൊട്ടിത്തെറിച്ചത് സമീപത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക്; പാർലമെന്റ് സ്പീക്കർ കൂടിയായ നഷീദിന്റെ അംഗരക്ഷകനും പരുക്ക്; ഭീകരാക്രമണമെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ്
മാലി: മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന് ബോംബ് സ്‌ഫോടനത്തിൽ പരുക്കേറ്റു. തലസ്ഥാനമായ മാലിയിൽ നഷീദ്( 53) കാറിലേക്ക് കയറുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പാർലമെന്റ് സ്പീക്കറാണ് മുഹമ്മദ് നഷീദ്. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി എഎഫ്‌പിയെ ഫോണിൽ അറിയിച്ചതാണ് ഈ വിവരമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പാർക്ക് ചെയ്തിരുന്ന ഒരുമോട്ടോർ സൈക്കിളിലാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.മാലി തലസ്ഥാനത്തെ നീലോഫെരു മാഗു എന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത് എന്നാണ് വിവരം. ഈ സ്ഥലം ഇപ്പോൾ പൊലീസ് വളഞ്ഞിരിക്കുകയാണ്.
മുഹമ്മദ് നഷീദിന്റെ പരുക്ക് ഗുരുതരമോയെന്ന് വ്യക്തമല്ല. മുൻ പ്രസിഡന്റിന്റെ ഒരു അംഗരക്ഷകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനശബ്ദം തലസ്ഥാനത്തെ സമീപപ്രദേശങ്ങളിൽ കേട്ടതായി സ്ഥലവാസികൾ പറഞേഞു.
2019 ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തകർപ്പൻ ജയംനേടിയതിനെ തുടർന്നാണ് മുഹമ്മദ് നഷീദ് പാർലമെന്റ് സ്പീക്കറായത്.2008 ലെ ആദ്യ ബഹുകക്ഷി തിരഞ്ഞെടുപ്പിലെ ജയത്തിന് ശേഷം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2012 ൽ ഒരു ആഭ്യന്തര അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കി. ക്രിമിനൽ കുറ്റങ്ങൾ അടിച്ചേൽപ്പിച്ചതോടെ 2018 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല.
എന്നാൽ, ഇടക്കാലത്ത് രാജ്യം വിട്ട അദ്ദേഹം തന്റെ പാർട്ടിയുടെ ഉജ്ജ്വലജയത്തോടെ തിരിച്ചെത്തി, പാർലമെന്റ് സ്പീക്കറായി ചുമതലയേറ്റു. വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് ആക്രമണത്തെ ശക്തമായി അപലപിച്ചു. ഭീരുക്കളുടെ ഇത്തരം ആക്രമണങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. എന്റെ പ്രാർത്ഥനകൾ പരുക്കേറ്റ മുൻ പ്രസിഡന്റ് നഷീദിനും മറ്റുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ്, അബ്ദുള്ള ഷാഹിദ് ട്വിറ്ററിൽ കുറിച്ചു.
ആക്രമണം വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ
മുഹമ്മദ് നഷീദ് വീട്ടിൽ നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു സ്‌ഫോടനം. അദ്ദേഹം കാറിന് അടുത്തേക്ക് നടന്നടുക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹം താമസിക്കുന്നത് ഒരുഇടുങ്ങിയ തെരുവിലാണ്. അതുകൊണ്ട് കാറിന് അടുത്തേക്ക് കുറച്ചുനടക്കാനുണ്ട്. ഒരു മോട്ടോർ ബൈക്കാണ് പൊട്ടിത്തെറിച്ചത്.
നഷീദിനെ മാലിയിലെ എഡികെ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇതൊരു ഭീകരാക്രമണാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നഷീദിന് കൈയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരുക്കില്ല.
പ്രസിഡന്റ് ഇബ്രാഹിം മെഹമ്മദ് സോലിഹ് നഷീദിനെ ആശുപത്രിയിൽ സന്ദർശിച്ചു. നഷീദ് വേഗം സുഖംപ്രാപിക്കട്ടെ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ നഷീദിന്റെ പാർട്ടിക്ക് ഉജ്ജല വിജയം
2019 ലെ മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഹമ്മദ് നഷീദിന്റെ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) വൻ വിജയമാണ് നേടിയത്. 87 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് സീറ്റുകളും എം.ഡി.പി. നേടി. മുൻ പ്രസിഡന്റും നഷീദിന്റെ പ്രധാന എതിരാളിയുമായ അബ്ദുള്ള യമീൻ കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ്.
വിദേശത്ത് അഭയം തേടിയിരുന്ന നഷീദ് പാർലമെന്റ് തിരഞ്ഞെടുപ്പിന് അഞ്ചുമാസത്തിന് മുൻപാണ് മാലദ്വീപിൽ തിരിച്ചെത്തിയത്. 2018 സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യമീനെ വീഴ്‌ത്തി നഷീദ് മന്ത്രിസഭയിലെ മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം സോലിഹ് അപ്രതീക്ഷിത വിജയം നേടിയതിന് പിന്നാലെയായിരുന്നു നഷീദിന്റെ തിരിച്ചുവരവ്.
മറുനാടന് മലയാളി ബ്യൂറോ