- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളിക്കുന്നത് ആശങ്കയെന്ന് കാട്ടി സീനിയർ താരങ്ങൾ ബിസിസിഐയ്ക്ക് കത്തെഴുതി; കളിക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഇന്ത്യയുടെ പിന്മാറ്റം; മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; തീരുമാനം പ്രഖ്യാപിച്ചത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്; പരമ്പരയിലെ ഫലത്തെ കുറിച്ചും ആശങ്ക
മാഞ്ചെസ്റ്റർ: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ടോസിന് മൂന്നു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് റദ്ദാക്കൽ. മുഖ്യ പരിശീലകൻ രവി ശാസ്ത്രി അടക്കം ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ നാല് പേർക്ക് ഇതിനകം കോവിഡ് പിടിപെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു.
ന്നു മുതൽ 14 വരെ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് ഉപേക്ഷിച്ചത്. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. അഞ്ചാം ടെസ്റ്റിൽ കളിക്കുന്നതിൽ വിമുഖത വ്യക്തമാക്കി ഇന്ത്യൻ ടീമംഗങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കത്തെഴുതിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഇന്ന് മത്സരം നടക്കില്ലെന്ന് വ്യക്തമാക്കി നിലവിൽ കമന്റേറ്റർ കൂടിയായ ദിനേഷ് കാർത്തിക് ട്വീറ്റ് ചെയ്തിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ ആരാണ് പരമ്പര വിജയി എന്നതിൽ അനിശ്ചിതത്വം വരികയാണ്. ഇക്കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ പിഴവുകാരണം മത്സരം ഉപേക്ഷിച്ചതിനാൽ വാക്കോവർ വേണമെന്നാണ് ഇംഗ്ലണ്ടിന്റെ നിലപാട്. പരമ്പര സമനിലയിലായാലും ഇത് ഇംഗ്ലണ്ടിനാകും നേട്ടമായി മാറുക.
മത്സരം നടത്തുന്ന കാര്യത്തിൽ ഇന്നലെ മുതൽ ബിസിസിഐയും ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡും നിരന്തര ചർച്ചയിലായിരുന്നു. ഇന്നലെ അർധരാത്രി വരെ നീണ്ട ചർച്ച ഇന്നു രാവിലെ പുനരാരംഭിച്ചതിനു പിന്നാലെ ബിസിസിഐ മത്സരം നടത്തുന്നതിനെക്കുറിച്ച് താരങ്ങളുടെ അഭിപ്രായം തേടിയിരുന്നു. സീനിയർ താരങ്ങളിൽ ചിലർ കളിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചതോടെയാണ് മത്സരം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. താരങ്ങളുടെ സുരക്ഷയ്ക്കാകണം പ്രാമുഖ്യമെന്ന നിലപാടാണ് ബിസിസിഐ കൈക്കൊണ്ടത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചതോടെയാണ് ടെസ്റ്റിന്റെ നടത്തിപ്പ് വീണ്ടും ആശങ്കയിലായിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും അറിയിക്കുകയും ചെയ്തു. പിന്നീട് താരങ്ങൾ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
നേരത്തെ ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഫിസിയോയും രോഗ ബാധിച്ചു ചികിൽസയിലാണ്.
ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിൽ ഒരാൾകൂടി കോവിഡ് ബാധിതനായതോടെയാണ് ഇന്ന് ആരംഭിക്കേണ്ട ഇന്ത്യഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. ഇന്ത്യൻ ടീമിലെ ജൂനിയർ ഫിസിയോ യോഗേഷ് പർമാർ കോവിഡ് പോസിറ്റീവായതോടെ ഇന്നലത്തെ പരിശീലനം ഇന്ത്യൻ ടീം ഉപേക്ഷിച്ചിരുന്നു. ഹോട്ടൽ മുറിക്കുള്ളിൽ തുടർന്ന താരങ്ങളെയെല്ലാം പിന്നീടു കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും എല്ലാവരും നെഗറ്റീവായി. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്ക ഒഴിവായതോടെ മത്സരം മുൻനിശ്ചയ പ്രകാരം മത്സരം നടത്താനുള്ള നടപടികൾ രാത്രി വൈകി പുനരാരംഭിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെസ്റ്റ് നീട്ടിവയ്ക്കാൻ തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചത്. പിന്നീട് ഉപേക്ഷിച്ചതായും പ്രഖ്യാപനമെത്തി.
മറുനാടന് മലയാളി ബ്യൂറോ