കണ്ണൂർ: ഇംഗ്ലീഷുകാർക്കു വേണ്ടി തലശ്ശേരിയിൽ ഉണ്ടാക്കിയിരുന്ന ക്രിസ്മസ്സ് കേക്ക് പൂർണ്ണമായും ബ്രാണ്ടിയിലായിരുന്നു നിർമ്മിച്ചത്. ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ ഇംഗ്ലണ്ടിൽ നിന്നും കൊണ്ടു വരുന്ന ബ്രാണ്ടിയും മൈദയും ചേർത്താണ് കേക്ക് രൂപപ്പെടുത്തിയത്. ഈ മാസം 23 ന് 135 ാം ജന്മദിനത്തിലെത്തി നിൽക്കുന്ന തലശ്ശേരിയിലെ ക്രിസ്മസ്സ് കേക്കിന്റെ പിറവി ഇങ്ങിനെ. തലശ്ശേരിയിലെ മമ്പള്ളി ബിസ്‌ക്കറ്റ് ഫാക്ടറി ഉടമ മമ്പള്ളി ബാപ്പുവാണ് ആദ്യമായി ഇംഗ്ലീഷ് കേക്കിന് കേരളത്തിൽ രൂപം നൽകിയത്. അക്കാലത്ത് അപൂർവ്വമായി മാത്രമേ ഗോതമ്പ് എത്തിയിരുന്നുള്ളൂ. അതിനാൽ കേക്ക് ഉണ്ടാക്കാൻ ഏൽപ്പിച്ച ഫ്രാൻസിസ് കാർനാക്ക് ബ്രദർ സായിപ്പ് തന്നെ മൈദയും എത്തിച്ചിരുന്നു.

മൈദമാവ് ബ്രാണ്ടിയിൽ കുഴച്ച് മധുരം ചേർത്ത് അച്ചിൽ ഒഴിച്ചാണ് കേക്കിന്റെ നിർമ്മാണം. 1883 ലെ ഡിസംബർ 23ന് കേക്ക് റെഡിയാവണമെന്നായിരുന്നു സായിപ്പിന്റെ കല്പന. അന്നേദിവസം വൈകീട്ട് സായിപ്പ് മമ്പള്ളിയുടെ കടയിലെത്തി. കേക്ക് റെഡിയായില്ലേ എന്ന ചോദ്യം പൂർത്തീകരിക്കും മുമ്പ് ബാപ്പു അകത്തേക്കോടി. വലിയ തളികയിൽ കേക്കുമായി ഇരുകൈകളും ചേർത്ത് ഉപചാരപൂർവ്വം സായിപ്പിന് നൽകി. കടയിൽ വെച്ചു തന്നെ ബ്രദർ സായിപ്പ് കേക്ക് രുചിച്ചു നോക്കി. സായിപ്പിന്റെ മഖത്ത് ആശ്ചര്യം! എക്സലെന്റ് എന്ന് പറഞ്ഞ് ബാപ്പുവിനെ അഭിനന്ദിച്ചു. 

തലശ്ശേരിയിൽ നിർമ്മിച്ച ആദ്യ കേക്ക് ഇംഗ്ലീഷ് കേക്കിനെ രുചിയിൽ മറികടന്നു. ബാപ്പുവിന്റെ ബിസ്‌ക്കറ്റ് ഫാക്ടറി ബേക്കറിയായി. ഒപ്പം തന്നെ തലശ്ശേരിയിലെ ക്രൗൺ ബേക്കറിയും കേക്കുണ്ടാക്കി തുടങ്ങി. കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ഇംഗ്ലീഷുകാർ കേക്കിനുവേണ്ടി തലശ്ശേരിയിലെത്തി. അതുവരെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത കേക്കിന്റെ വരവ് നിലച്ചു. തലശ്ശേരി കേക്കിന്റെ രൂചിയിൽ മതിമറന്ന സായിപ്പന്മാർ വിശേഷാവസരങ്ങളിലും മറ്റും ആശ്രയിക്കുന്നത് തലശ്ശേരിയിൽ മാത്രമായി. അഞ്ചരക്കണ്ടിയിലെ എച്ച്. വി. ബ്രൗൺ സായിപ്പിനും കുടുംബത്തിനുമുള്ള കേക്കും തലശ്ശേരിയിൽ നിർമ്മിച്ചു തുടങ്ങി. എന്നാൽ പൂർണമായും ബ്രാണ്ടിയിൽ ഉണ്ടാക്കുന്ന കേക്ക് ഇംഗ്ലീഷുകാർ ഒരു കഷണം മാത്രമേ കഴിക്കാറുള്ളൂ. അതിലൂടെ അല്പം മയക്കവും ഉണ്ടാകുമെന്ന് ക്രൗൺ ബേക്കറിയുടെ താവഴിയിൽപെട്ടവർ പറയുന്നു.

ഒന്നാം ലോക മഹായുദ്ധ കാലത്ത് പട്ടാളക്കാർക്കു വേണ്ടി തലശ്ശേരിയിൽ നിന്ന് ബിസ്‌ക്കറ്റുകളും കപ്പൽ കയറി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ടി.എസ്. ബാബർ, വെല്ലസ്ലി പ്രഭു എന്നിവരുടെ വീടുകളിലും തലശ്ശേരിയിലെ ബേക്കറിക്കാർക്ക് സ്ഥാനം ലഭിച്ചു. ഇംഗ്ലീഷുകാരുടെ മറ്റ് വിഭവങ്ങളെല്ലാം തലശ്ശേരിയിൽ നിന്നും നിർമ്മിക്കപ്പെട്ടു. ധർമ്മടത്തെ ഒരു കൊല്ലപ്പണിക്കാരനാണ് ആദ്യ കേക്കിന്റെ അച്ചു നിർമ്മിച്ചത്. അച്ചിന് വേണ്ടിയുള്ള നിർദ്ദേശം നൽകിയത് മമ്പള്ളി ബാപ്പുവായിരുന്നു. ഇന്ത്യൻ കേക്കിന്റെ യഥാർത്ഥ നിർമ്മാണ ഉറവിടം ബ്രിട്ടൻ അല്ലെന്നും ഫ്രഞ്ച് സ്വാധീനത്തിന്റെ ഫലമാണിതെന്നും പ്രശസ്ത ചരിത്രകാരൻ എം. ജി. എസ്. നാരായണൻ അഭിപ്രായപ്പെട്ടു. ക്രിസ്മസ്സ് കേക്കിന്റെ 135-ാം വാർഷികാഘോഷം ഉത്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.