കണ്ണൂർ: കണ്ണൂർ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഇതിൽ തളിപ്പറമ്പ് കോട്ടയം. എതിരാളികൾ ഇല്ലാതെ ജയിക്കുന്ന ആന്തൂർ പോലുള്ള പാർട്ടി കോട്ടകളുള്ള സ്ഥലം. പാർട്ടി ഗ്രാമങ്ങളിലെ വോട്ട് ഇത്തവണ വലത്തേക്ക് മറിയുമോ എന്ന ഭയം സിപിഎമ്മിന് പോലുമുണ്ട്. കണ്ണൂർ സിപിഎമ്മിലെ വിഭാഗിതയതകൾ തളിപ്പറമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. വലിയ മാധ്യമ ശ്രദ്ധ ലഭിച്ചില്ലെങ്കിലും ഇത്തവണ തളിപ്പറമ്പയിൽ നടക്കുന്നത് പെരിഞ്ഞ പോരാട്ടമാണ്.

സിപിഎമ്മിലെ ശക്തരായ നേതാക്കളിലൊരാളായ എംവി ഗോവിന്ദൻ മാസ്റ്ററാണ് എൽഡിഎഫ് സാരഥി. യു ഡിഎഫിനായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ റഷീദും എൻഡിഎ സാരഥിയായി എപി ഗംഗാദരനുമാണ് മത്സര രംഗത്തുള്ളത്. എംവി ഗോവിന്ദൻ മാസ്റ്ററിന് സിപിഎമ്മിൽ അതിശക്തമായ എതിർ ചേരിയുണ്ട്. കണ്ണൂരിൽ ഇത് പ്രകടവുമാണ്. ജെയിംസ് മാത്യുവിനെ മാറ്റിയാണ് എംവി ഗോവിന്ദൻ കോട്ട കാക്കാൻ മത്സരിക്കുന്നത്. സിറ്റിങ് എംഎൽഎയെ മാറ്റി മത്സരിക്കുന്നത് മന്ത്രിസ്ഥാനത്തിന് വേണ്ടിയാണ്.

1971 ൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഇ.കെ നയനാർക്കെതിരെ അന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ അട്ടിമറി വിജയം നേടിയതുപോലെയാകുമോ തളിപ്പറമ്പിലെ മത്സരം ആകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. തളിപ്പറമ്പ മുനിസിപ്പാലിറ്റി, ആന്തൂർ മുനിസിപ്പാലിറ്റി, ചപ്പാരപ്പടവ്, കുറുമാത്തൂർ, കൊളച്ചേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം.

സിപിഎമ്മിന്റെ താരപ്രചാരകനായിരുന്ന ഗോവിന്ദൻ മാസ്റ്റർ മണ്ഡലത്തിൽ തന്നെ സജീവമായി രംഗത്തുള്ളത് ശക്തമായ പോരാട്ടത്തിനുള്ള ഉദാഹരണമാണ്. ആന്തൂരിൽ സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ശക്തമായ രാഷ്ട്രീയ ചർച്ചയാക്കുകയാണ് യു ഡിഎഫ്.വി.പി അബ്ദുൾ റഷീദിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതിനൊപ്പം പി ജയരാജൻ ഫാക്ടർ തളിപ്പറമ്പിനെ സ്വാധീനിക്കുമോ എന്ന സംശയം സിപിഎമ്മിന് പോലുമുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗം എംവി ഗോവിന്ദന് എതിരാണെന്നതാണ് ഇതിന് കാരണം.

ആന്തൂരിൽ സാജന്റെ ആത്മഹത്യ ചർച്ചയായപ്പോൾ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾ എംവി ഗോവിന്ദന് എതിരായിരുന്നു. അന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെ അടിയൊഴുക്കൾ തളിപ്പറമ്പിൽ ഇപ്പോഴുമുണ്ടെന്ന് സിപിഎമ്മിന് പോലും സംശയമുണ്ട്. അതുകൊണ്ട് തന്നെ ഏറെ കരുതൽ അവർ എടുക്കുകയും ചെയ്യുന്നു. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം. ലീഗും സജീവ പ്രചരണത്തിലാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് എൽ.ഡി.എഫ് ന് 17000ത്തോളം വോട്ടിന്റെ ലീഡ് ആണ് ഉള്ളത്. പക്ഷെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 750 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഇത്തവണ കോൺഗ്രസ് നേരിട്ട് മത്സരിക്കാൻ ഇറങ്ങിയത് അണികളുടെ ഇടയിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ലീഗ് നേതൃത്വവുമായി അടുത്ത കുടുംബബന്ധമുള്ള റഷീദിന്റെ സ്ഥാനാർത്ഥിത്വവും അനുകൂലമാകുമെന്ന് കോൺഗ്രസ് കരുതുന്നു.

കോൺഗ്രസിന്റെ തന്നെ യുവ പ്രാസംഗികരിൽ ഒരാളാണ് വി.പി അബ്ദുൾ റഷീദ്. നിരവധി വിദ്യാർത്ഥി സമര പോരാട്ടങ്ങളുടെ മുന്നളിപ്പോരാളിയാണ്. യുവത്വവും, ആന്തൂരിലെ സാജന്റെ ആത്മഹത്യയും, സമകാലിക രാഷ്ട്രീയ വിഷയങ്ങളും വോട്ടായി മാറും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 1965ലെ മണ്ഡല രൂപീകരണ ശേഷം നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 13 വട്ടവും സിപിഎം പ്രതിനിധികളെയാണ് തളിപ്പറമ്പ് നിയമസഭയിലേക്ക് അയച്ചത്. കോൺഗ്രസിന്റെ സി.പി.ഗോവിന്ദൻ നമ്പ്യാരാണ് തളിപ്പറമ്പ് തിരഞ്ഞെടുത്ത ആ ഒറ്റയാൻ.

1970ൽ അന്നത്തെ സിറ്റിങ് എംഎൽഎ കെ.പി.രാഘവപ്പൊതുവാളിനെ 909 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗോവിന്ദൻ നമ്പ്യാർ മുട്ടുകുത്തിച്ചത്. മണ്ഡല ഘടന മാറിയതോടെ കൂടുതൽ ഇടതുപക്ഷത്തേക്കു ചാഞ്ഞ തളിപ്പറമ്പിൽ വിജയം ഉറപ്പിച്ചെന്ന് ഇടതുമുന്നണി പറയുമ്പോൾ, ഇത്തവണ പക്ഷേ 1970 ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,617 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജയിംസ് മാത്യു ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 1,58,816 വോട്ടിന്റെ 56.95 ശതമാനം (91,106 വോട്ട്) നേടിയായിരുന്നു വിജയം. 2011 ലും ജയിംസ് മാത്യുവായിരുന്നു വിജയി. ഭൂരിപക്ഷം 27,861.

സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി ജയിംസ് മാത്യു ഒഴിയുമ്പോൾ 1996 ലും 2001 ലും തളിപ്പറമ്പ് എംഎൽഎയും നിലവിൽ കേന്ദ്രകമ്മിറ്റി അംഗവുമായ എം വിഗോവിന്ദനെയാണ് സിപിഎം കളത്തിലിറക്കിയത്. ഏതാനും വർഷമായി പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു മാറി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ ഗോവിന്ദനെ, ഭരണത്തുടർച്ച ലഭിച്ചാൽ മന്ത്രിസഭയിലെ സുപ്രധാന പദവിയിലേക്കു തന്നെ പരിഗണിച്ചേക്കും. ആരോഗ്യപ്രശ്‌നങ്ങൾ കാരണം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോൾ തൽസ്ഥാനത്തേക്കു പരിഗണിച്ചിരുന്ന നേതാവായിരുന്നു ഗോവിന്ദൻ.