- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയൽക്കിളികളെ തോൽപ്പിച്ച ഉരുക്ക് മുഷ്ടി വീണ്ടും വരും; മാന്ധംകുണ്ടിലെ വിമതരും ചായക്കോപ്പയിലെ കുടുങ്കാറ്റാകുമെന്ന് വിലയിരുത്തൽ; മുതലെടുക്കാൻ തക്കം പാർത്ത് സിപിഐയും; തളിപ്പറമ്പിലെ ഗ്രൂപ്പ് പോരിൽ കോമത്ത് മുരളീധരൻ അയയുന്നില്ല; തളിപ്പറമ്പ് സിപിഎമ്മിൽ പ്രതിസന്ധി
കണ്ണൂർ:തളിപ്പറമ്പിൽ സി.പി. എം ഗ്രൂപ്പുപോരിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാൻ ജില്ലാ നേതൃത്വം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. മുൻതളിപ്പറമ്പ് നഗരസഭാ പ്രതിപക്ഷ നേതാവും ഏരിയാകമ്മിറ്റിയിൽ നിന്നും തഴയപ്പെട്ട നേതാവുമായ കോമത്ത് മുരളീധരനുമായി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കൾ നേരിൽകണ്ടു രഹസ്യചർച്ചകൾ നടത്തിയെങ്കിലും മുൻനിലപാടിൽ നിന്നും മാറാൻ മുരളീധരൻ തയ്യാറല്ലാത്തതിനാൽ മഞ്ഞുരുകിയില്ല.
ഇതോടെ മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടി വിടാതിരിക്കാനുള്ള നീക്കങ്ങളും സി.പി. എം നടത്തുന്നുണ്ട്. കോമത്ത് മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സി.പി. എം വിട്ടു വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലാണ് സി.പി. ഐ നേതൃത്വം. എന്നാൽ ഇതു സംബന്ധിച്ചുള്ള ധാരണയ്ക്കു ഇതുവരെ അന്തിമതീരുമാനമായിട്ടില്ല.സി.പി. ഐ അച്ചടക്ക നടപടിയെടുത്ത പുല്ലായിക്കൊടി ചന്ദ്രനെ സി.പി. എം സ്വീകരിക്കുകയും പിന്നീട് തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു.
ഇതേ പുല്ലായിക്കൊടിക്ക് അമിതമായ പ്രാധാന്യം പാർട്ടി നൽകുന്നതിൽ പ്രതിഷേധിച്ചാണ് കോമത്ത് മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടിയുമായി ഇടഞ്ഞത്. തളിപ്പറമ്പ് നോർത്ത് കമ്മിറ്റിക്കുകീഴിലുള്ള മാന്ധം കുന്നിലും പരിസരപ്രദേശങ്ങളിലും പുല്ലായിക്കൊടി ചന്ദ്രൻ പാർട്ടിയെ തകർക്കാനാണ് സി.പി. എമ്മിലേക്ക് വന്നതെന്ന പോസ്റ്റർ പ്രചരണവും മാന്ധം കുന്ന് സഖാക്കളെന്ന ബാനറൽ പ്രകടനവും നടന്നിരുന്നു. പാർട്ടി നേതൃത്വം പക്ഷപാതിത്വമുന്നയിച്ചാണ് കോമത്ത് മുരളീധരൻ സമ്മേളന നടപടി അവസാനിക്കുംമുൻപെ ബഹിഷ്‌കരിച്ചു പുറത്തുപോയത്.
ഇതിനെ തുടർന്ന് കോമത്ത് മുരളീധരനെ ഏരിയാ സമ്മേളനപ്രതിനിധി പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.ഇതിനെ തുടർന്ന് തളിപ്പറമ്പ് നോർത്തിൽ മുരളീധരനെ അനുകൂലിക്കുന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സി.പി. എം ജില്ലാനേതൃത്വം തളിപ്പറമ്പ് നോർത്തിലെ വിഭാഗീയപ്രശ്നത്തിൽ ഇടപെട്ടത്. യു.ഡി. എഫിന് ആധിപത്യമുള്ള തളിപ്പറമ്പ് നഗരസഭയിൽ പാർട്ടിയെ ഒരു കാലത്ത് നയിച്ചിരുന്നത് കോമത്ത് മുരളീധരനാണ്. മുരളീധരൻ പാർട്ടി വിടുകയാണെങ്കിൽ അതു സി.പി. എമ്മിന് മേഖലയിൽ ഏറെ ദോഷം ചെയ്യുമെന്നാണ് സി.പി. എം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
അതുകൊണ്ടു തന്നെ പാർട്ടി ജില്ലാസമ്മേളനം കഴിഞ്ഞാൽ ഇലയ്ക്കും മുള്ളിനും കേടുകൂടാതെ പ്രശ്നം പരിഹരിക്കണമെന്ന അഭിപ്രായത്തിനാണ് സി.പി. എം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനുയർത്തിയ വെല്ലുവിളിക്കു സമാനമായാണ് ഇപ്പോൾ മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉയർത്തുന്നത്്. മുരളീധരൻ സി. പി. ഐയിലേക്ക് പോവുകയാണെങ്കിൽ ഇതിനു പിന്നാലെ അണികളുടെ ഒഴുക്കുണ്ടാവുമെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
സോഷ്യൽമീഡിയയിൽ വിമതവിഭാഗത്തിന് അനുകൂലമായി പാർട്ടി അണികൾ തന്നെ അഭിപ്രായപ്രകടനങ്ങളും ചേരിതിരിഞ്ഞ ഏറ്റുമുട്ടലും നടത്തുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.ദേശീയപാതയ്ക്കു വേണ്ടി വയൽ ഏറ്റെടുക്കുന്നതിനെതിരെ പാർട്ടി അണികളും പ്രവർത്തകരുമടങ്ങുന്നവയൽകിളികൾ സമരം നടത്തിയ കീഴാറ്റൂർ തളിപ്പറമ്പ് നോർത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ്.
വയൽക്കിളി സമരത്തെയും അതിന്റെ സമര നായകൻ സുരേഷ് കീഴാറ്റൂരിനെയും ഉരുക്ക് മുഷ്ടികൊണ്ടു കീഴ്പ്പെടുത്തിയ അതേ നയം തന്നെ കോമത്ത് മുരളീധരൻ നേതൃത്വം നൽകുന്ന വിമതവിഭാഗത്തിനെതിരെയും പ്രയോഗിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഒരുവിഭാഗത്തിനുണ്ട്. വയൽക്കിളി സമരം പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാന്ധംകുണ്ടിലെ വിമതപ്രവർത്തനവും അവസാനിക്കുമെന്നാണ് ഇവർ സോഷ്യൽ മീഡിയിൽ രേഖപ്പെടുത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്