- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവ വേദിയിൽ ചരിത്രമെഴുതി തൻവി സുരേഷ്; എംജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിലെ ഏക മത്സരാർഥി; ഒരു പാട് പേർക്ക് പ്രചോദനമാകാൻ തൻവി കാരണമായതിൽ സന്തോഷമെന്ന് മാതാപിതാക്കൾ
പത്തനംതിട്ട: എല്ലാ കലോത്സവങ്ങളുടെയും ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് തൻവി സുരേഷ്. എംജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഇതാദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി ഏർപ്പെടുത്തിയ ഭരതനാട്യം മത്സരത്തിലെ ഏക മത്സരാർഥിയായിരുന്നു തൃപ്പുണിത്തുറ ആർഎൽവി കോളജിലെ തൻവി സുരേഷ്.
റെഗുലർ കോളജിൽ ബികോമിന് ചേർന്ന തൻവി ലിംഗവിവേചനം കാരണം ആർഎൽവിയിലേക്ക് മാറുകയായിരുന്നു. അദ്ധ്യാപകരും യൂണിയൻ പ്രതിനിധികളുമെല്ലാം തൻവിക്കൊപ്പം അണിനിരന്നു. ഏക ട്രാൻസ്ജെൻഡർ മത്സരാർഥിയായി തൻവി വേദിയിലെത്താൻ കാരണമായതും അതാണ്. ബിഎ ഭരതനാട്യം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് തൻവി. ആദ്യമായിട്ടാണ് തൻവി ഒരു മത്സര വേദിയിലെത്തുന്നത്. വളരെ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്തുവെന്ന് തൻവി പറയുന്നു.
മോണോ ആക്ടിൽ ആക്ട് ജനറൽ കാറ്റഗറിയിലാണ് പങ്കെടുത്തത്. നാളെ ലളിതഗാനത്തിനും പങ്കെടുക്കും. മറ്റുള്ളവരെപ്പോലെ നമുക്കും കഴിവുകൾ ഉണ്ടെന്ന് കാണിക്കുവാൻ സാധിച്ചതിൽ ഒരു പാട് സന്തോഷമുണ്ടെന്നു തൻവി പറഞ്ഞു. എംജി യൂണിവേഴ്സിറ്റി ട്രാൻസ് വിഭാഗത്തിന് മത്സരയിനങ്ങളിൽ അവസരം നൽകിയതുകൊണ്ട് ഞങ്ങളെ പോലെയുള്ള വിദ്യാർത്ഥികൾക്ക് മത്സരിക്കുവാൻ സാധിച്ചു.
ഇനിയുള്ള വർഷങ്ങളിൽ ബാക്കിയുള്ള മത്സരയിനങ്ങളിലും അവസരങ്ങൾ നൽകണമെന്നും പെയിന്റിങ്, മോണോ ആക്ട് ഉൾപ്പടെ നിരവധി കഴിവുകൾ ഉള്ളവർ ഈ വിഭാഗത്തിൽ ഉണ്ടെന്നും തൻവി കൂട്ടിച്ചേർത്തു. ബികോം പഠനം അവസാന വർഷം ഉപേക്ഷിച്ച് 23-ാം വയസിലാണ് ആർഎൽവിയിൽ ചേർന്നത്.
എട്ടു വർഷത്തോളമായി അദ്ധ്യാപകരായ അമൽ, ഭദ്ര എന്നിവർക്ക് കീഴിൽ നൃത്തം അഭ്യസിക്കുന്നു. തൻവിയുടെ മാറ്റത്തിൽ സന്തോഷിക്കുകയാണ് മാതാപിതാക്കളായ സുരേഷും ഷൈലയും പറഞ്ഞു. വളരെയധികം അഭിമാനം തോന്നുന്ന നിമിഷം. സഹോദരി ചിന്നുവാണ് തൻവിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്