പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ സജി സാം കീഴടങ്ങിയത് ആസൂത്രിതമായി. തനിക്ക് ലഭിച്ച നിയമോപദേശങ്ങളുടെയും ചാർട്ടേഡ് അക്കൗണ്ടന്മാരുടെ കണക്കൂ കൂട്ടലിന്റെയും അടിസ്ഥാനത്തിൽ ആസ്തിയും നിക്ഷേപങ്ങളുമെല്ലാം തനിക്ക് തന്നെ കിട്ടത്തക്ക വിധം സുരക്ഷിതമാക്കിയ ശേഷമാണ് ബുധനാഴ്ച രാവിലെ പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിൽ ഇയാൾ കീഴടങ്ങിയത്.

അതിനിടെ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണിയെക്കൂടി പ്രതിചേർത്തു. റാണി ഒളിവിലാണ്. സജി സാം നേരത്തെ കീഴടങ്ങിയിരുന്നു. 15 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്നു പണം തട്ടിയെന്നാണ് കേസ്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിനിടെ ജില്ലയിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ ഒത്താശയോടെ സ്വദേശമായ ഓമല്ലൂരിൽ സുരക്ഷിതമായ താവളത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത് എന്നാണ് പൊലീസ് ലഭിച്ചിരിക്കുന്ന വിവരം. ഇന്നലെ സജി സാമിനെ റിമാൻഡ് ചെയ്തു.

അതുവരെ പത്തനംതിട്ട ഡിവൈഎസ്‌പി പ്രദീപ്കുമാർ, ഇൻസ്പെക്ടർ ബിനീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങൾക്കും ചിരിച്ചു കൊണ്ടായിരുന്നു മറുപടി. ഒരെണ്ണത്തിനും കൃത്യമോ വ്യക്തമോ ആയ മറുപടി നൽകിയില്ല. പത്തനംതിട്ടയിലെ രജിസ്ട്രേഡ് ഓഫീസിലും ഓമല്ലൂരിലെ ശാഖയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം റിമാൻഡ് ചെയ്ത സജിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങൂം.

വ്യക്തമായ പ്ലാനിങിന് ശേഷമാണ് ഇയാൾ കീഴടങ്ങാൻ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ എന്തൊക്കെ ചോദിക്കുമെന്നും അതിന് എന്താണ് മറുപടി നൽകേണ്ടതെന്നും പറഞ്ഞ് പഠിപ്പിച്ചാണ് സജിയെ സ്റ്റേഷനിൽ കീഴടങ്ങാൻ പറഞ്ഞു വിട്ടത് എന്നത് വ്യക്തമാണ്. താൻ സാമ്പത്തികമായി തകർന്നുവെന്നും വീട്ടിൽ കഞ്ഞി വയ്ക്കാൻ പോലും നിവൃത്തിയില്ലെന്നുമുള്ള പ്രചാരണമാണ് ഇയാൾ നിക്ഷേപകർക്കും നാട്ടുകാർക്കും മുന്നിൽ നടത്തിയത്.

എന്നാൽ, അപകടകാരികളെന്ന് തോന്നിയ ചിലർക്ക് ഇയാൾ പണം നൽകാൻ തയാറായി. അതിനായി ചില വില പേശലുകളും നടന്നിരുന്നു. ബുധനാഴ്ച ഉച്ചയോടെ കീഴടങ്ങിയ സജിയെ പൊലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. ആരോ പറഞ്ഞ് പഠിപ്പിച്ചതു പോലെയായിരുന്നു ഇയാളുടെ ഉത്തരങ്ങൾ. നൂറു കോടിയിലധികം രൂപയാണ് നിക്ഷേപമായി നാലു ശാഖകളിൽ നിന്ന് തറയിൽ ഫിനാൻസ് ഉടമ സ്വീകരിച്ചിരുന്നത്.

ഈ പണം എവിടേക്ക് പോയെന്നുള്ള ചോദ്യത്തിനാണ് മറുപടി നൽകാതെ ഉടമ ഒളിച്ചു കളിച്ചത്. പോപ്പുലർ പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ പൊട്ടിയത് മാതൃകയാക്കി, നിക്ഷേപം വകമാറ്റി സ്വന്തമാക്കാനുള്ള നീക്കമാണ് നടന്നിരിക്കുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത്തരം ബാങ്കുകളിൽ ഏറെയും കള്ളപ്പണമാണ് നിക്ഷേപമായി എത്തുന്നത്.

ബാങ്ക് തകരുന്നുവെന്ന തോന്നലുണ്ടാക്കിയാൽ സാധാരണക്കാരൻ മാത്രമാകും പരാതിയുമായി പോകുക. കള്ളപ്പണം നിക്ഷേപിച്ചവർ പരാതി നൽകാൻ മടിക്കും. പരാതി കൊടുത്തവർക്ക് മാത്രമേ പണം തിരികെ ലഭിക്കൂ. പരാതിക്കാർക്ക് അവരുടെ പണം തിരിച്ചു നൽകുമ്പോൾ കള്ളപ്പണക്കാരുടെ കോടികൾ ബാങ്കുടമയുടെ കൈവശം വന്നു ചേരുകയും ചെയ്യും.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 18 കേസുകൾ കൂടി ജില്ലയിൽ രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ 11, അടൂരിൽ ഏഴ് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. അടൂരിൽ 31 ലക്ഷം രൂപയുടെ കേസ് ആണ് എടുത്തിട്ടുള്ളത്. ഇതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 72 ആയി.