- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകർക്ക് രേഖാമൂലം ഉറപ്പ് നൽകിയത് വസ്തു വിറ്റ് പണം തിരികെ നൽകാമെന്ന്; വസ്തു വിറ്റ് കുടുംബസമേതം മുങ്ങി; തറയിൽ ബാങ്ക് തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത് 14 കേസ്: പുറത്തു വന്നിരിക്കുന്നത് 49 കോടിയുടെ തട്ടിപ്പ്: വ്യാപ്തി നൂറുകോടി കടന്നേക്കാമെന്ന് പൊലീസ്: പോപ്പുലറിന് പിന്നാലെ പത്തനംതിട്ടയിലെ പല സ്ഥാപനങ്ങളും തകർച്ചയിലേക്ക്
പത്തനംതിട്ട: തറയിൽ ഫിനാൻസ് ഉടമ മുങ്ങിയത് നൂറു കോടിയിലധികം രൂപയുടെ നിക്ഷേപവുമായി. പത്തനംതിട്ട കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത തറയിൽ ഫിനാൻസിന് മൂന്നു ശാഖകൾ കൂടിയുണ്ട്. 14 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. അമ്പതോളം പരാതികൾ വേറെയും എത്തിയിട്ടുണ്ട്. ലഭിച്ച പരാതികൾ പ്രകാരം 49 കോടി രൂപയുടെ തട്ടിപ്പാണ് വെളിയിൽ വന്നിരിക്കുന്നത്. ഇനിയുള്ള പരാതികളിൽ കൂടി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ തട്ടിപ്പ് 100 കോടിക്ക് മുകളിൽ എത്തുമെന്നാണ് കരുതുന്നത്.
ഓമല്ലൂർ സ്വദേശിയായ സജി സാം ആണ് സ്ഥാപന ഉടമ. കോന്നി വകയാർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ തകർച്ചയ്ക്ക് പിന്നാലെയാണ് തറയിൽ ഫിനാൻസും പ്രതിസന്ധിയിലായത്. നിക്ഷേപകരിൽ നിന്ന് 12 ശതമാനം പലിശയ്ക്ക് സ്വീകരിച്ച കോടികൾ സജി സാം 14 ശതമാനം പലിശയ്ക്ക് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. പോപ്പുലർ ഉടമകളുടെ അടുത്ത ബന്ധു കൂടിയാണ് സജി സാം.
പത്തനംതിട്ട രജിസ്ട്രേഡ് ഓഫീസിന് പുറമേ ഓമല്ലൂർ, അടൂർ, പത്തനാപുരം എന്നിവിടങ്ങളിൽ തറയിൽ ഫിനാൻസിന് ശാഖകളുണ്ട്. 1991 ൽ സ്വർണ പണയവുമായി ആരംഭിച്ച തറയിൽ ഫിനാൻസ് പിന്നീട് നോൺബാങ്കിങ് സ്ഥാപനമായി രജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന് പോപ്പുലർ ഫിനാൻസ് ഉപയോഗിച്ച അതേ തന്ത്രമാണ് സജിയും സ്വീകരിച്ചത്. നിക്ഷേപകർക്ക് നൽകിയിരുന്ന സർട്ടിഫിക്കറ്റ് എൽഎൽപി ആയിരുന്നുവെന്നാണ് അറിയുന്നത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് ആയതിനാൽ നിക്ഷേപകർ ഷെയർ ഹോൾഡർമാർ ആയി മാറും. കമ്പനിക്ക് ലാഭമോ നഷ്ടമോ സംഭവിച്ചാൽ അത് ഷെയർ ഹോൾഡർമാർ സഹിക്കേണ്ടി വരും.
അടൂർ സ്റ്റേഷനിൽ പത്തും പത്തനംതിട്ടയിൽ നാലും കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ നിന്ന് 30 കോടിയും ഓമല്ലൂരിൽ നിന്ന് 13 കോടിയും അടൂരിൽ നിന്ന് ആറു കോടിയും തട്ടിയെടുത്തിട്ടുണ്ട്. ഇതു വരെ ലഭിച്ച പരാതികൾ പ്രകാരമുള്ള കണക്കാണിത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ ഓമല്ലൂരിലെ ശാഖയിൽ പരിശോധന നടത്തി. മാനേജരെ വിളിച്ചു വരുത്തി സ്ഥാപനം തുറന്ന് ലൈസൻസും നിക്ഷേപത്തിന് നൽകിയ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളുമാണ് പരിശോധിച്ചത്. പത്തനംതിട്ട ഹെഡ് ഓഫീസിൽ വരും ദിനങ്ങളിൽ പരിശോധന ഉണ്ടാകും.
അതേ സമയം, നിക്ഷേപകരെ പറഞ്ഞു പറ്റിച്ചാണ് ഉടമ സജി സാം മുങ്ങിയിരിക്കുന്നതെന്ന വിവരവും വെളിയിൽ വന്നു. ഓമല്ലൂരിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള രണ്ടു വസ്തുക്കൾ വിറ്റ് പണം കൈക്കലാക്കിയ ശേഷമാണ് കുടുംബ സമേതം സ്ഥലം വിട്ടത്. സജിയും കുടുംബവും ഇന്ത്യ വിട്ടെന്ന അഭ്യൂഹവും ശക്തമാണ്. ഓമല്ലൂരിലുള്ള വസ്തു വകകൾ വിറ്റ ശേഷം പണം മടക്കി നൽകാമെന്നാണ് നിക്ഷേപകരോട് പറഞ്ഞിരുന്നത്. അതു കൊണ്ടാണ് രണ്ടു മാസം മുൻപ് പരാതി നൽകിയവർ പോലും കേസെടുക്കുന്നത് സാവകാശത്തിൽ മതിയെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞിരുന്നത്. പണം മടക്കി കിട്ടുമെന്ന് വിശ്വസിച്ചിരുന്നവരെ പറ്റിച്ചാണ് വസ്തു വിൽപ്പന നടത്തിയ പണവുമായി ഉടമ മുങ്ങിയത്. വസ്തുവിന്റെ ആധാരം നടത്തിയെങ്കിലും ലോക്ഡൗൺ കാരണം പോക്കുവരവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതു കാരണം വസ്തു വാങ്ങിയവർ വെട്ടിലാകാനും സാധ്യതയുണ്ട്. നിക്ഷേപകരുടെ പരാതി പ്രകാരം പൊലീസിന് വേണമെങ്കിൽ കോടതിയെ സമീപിച്ച് ഈ വസ്തു അറ്റാച്ച് ചെയ്യാം. അങ്ങനെ വന്നാൽ ഇപ്പോൾ വസ്തു വാങ്ങിയവർക്കും വലിയ നഷ്ടം നേരിടേണ്ടി വരും.
ലോക്ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായത്. പോപ്പുലറിന്റെ തകർച്ചയ്ക്ക് പിന്നാലെ ആളുകൾ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ എത്തി. മറ്റു പലയിടത്തായി നിക്ഷേപിച്ചിരുന്ന പണം തിരിച്ചു കിട്ടാത്തതിനാൽ നിക്ഷേപകർ എത്തിയപ്പോൾ മടക്കി നൽകാനും കഴിയാതെ വന്നു. പണം കിട്ടാതെ വന്നപ്പോഴാണ് പലയിടത്തായി കേസ് കൊടുത്തത്. ആദ്യം കൊടുത്ത പരാതിയിൽ ഉടമയെയും നിക്ഷേപകരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. പണം തിരികെ നൽകാമെന്ന് രേഖാമൂലം ഉടമ ഉറപ്പു നൽകി. അവധി പറഞ്ഞ ദിവസം പണം മടക്കി കിട്ടാതെ വന്നതോടെ നിക്ഷേപകർ വീണ്ടും പൊലീസിനെ സമീപിച്ചു.
പൊലീസ് നടപടി എടുക്കാൻ വൈകിയപ്പോൾ മാധ്യമങ്ങൾ തട്ടിപ്പ് വിവരം പുറത്തു വിട്ടു. ഇതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ട് ഉത്തരവ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് കേസുകൾ ഓരോന്നായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പല വൻകിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്