പത്തനംതിട്ട: കോടികളുമായി കോന്നി വകയാറിലെ പോപ്പുലർ ഫിനാൻസ് ഉടമകൾ മുങ്ങിയതിന് പിന്നാലെ അപകടം മണത്ത നിക്ഷേപകർ ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമയെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിരുന്നതാണ്. അപ്പോഴും നിക്ഷേപത്തിനുള്ള പലിശ മുടങ്ങാതെ നൽകി ബാങ്ക് ഉടമ സജി സാം നിക്ഷേപകരുടെ വിശ്വാസം കാത്തു. പോപ്പുലറിന്റെ തകർച്ചയ്ക്ക് ശേഷം ഏഴു മാസം കൂടി നിക്ഷേപകർക്ക് പലിശ സജി സാം കൃത്യമായി നൽകി. പിന്നെ പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. നിക്ഷേപകർ ഭയന്നതു പോലെ സംഭവിച്ചു. ഒടുവിൽ ആകെയുണ്ടായിരുന്ന വസ്തു വകകളും വിറ്റ് സജി സാമും കുടുംബവും മുങ്ങി. ഇനി നിക്ഷേപകരുടെ പ്രതീക്ഷ നിയമസംവിധാനങ്ങളിൽ മാത്രമാണ്.

ഇന്നലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അഞ്ചെണ്ണം കൂടി രജിസ്റ്റർ ചെയ്തതോടെ തറയിൽ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ള കേസുകളുടെ എണ്ണം 18 ആയി. നിരവധി പരാതികൾ പത്തനംതിട്ട, അടൂർ സ്റ്റേഷനുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 26.25 ലക്ഷം രൂപയുടെ പരാതികളിന്മേലാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പിന്റെയും തുകയുടെയും വ്യാപ്തി അനുസരിച്ച് അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു.

നിലവിൽ അന്വേഷണം ലോക്കൽ പൊലീസ് തന്നെയാവും നടത്തുക. ഒളിവിൽപ്പോയ ബാങ്ക് ഉടമ സജി സാമിനും കുടുംബാംഗങ്ങൾക്കുമായി ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇവർ രാജ്യം വിട്ടു പോയെന്ന പ്രചാരണം എസ്‌പി നിഷേധിച്ചു. കൊല്ലം ജില്ലയിലെ ശാഖയിൽ നടന്ന തട്ടിപ്പുകളെ കുറിച്ച് വിവരമില്ല. അവിടെ നിന്നുള്ള പരാതികൾ കൂടി പരിഗണിക്കേണ്ടി വരുമ്പോൾ അന്വേഷണം പ്രത്യേക ഏജൻസിക്ക് കൈമാറേണ്ടി വന്നേക്കുമെന്ന സൂചനയും എസ്‌പി നൽകി.

പോപ്പുലർ ഫിനാൻസ് ഉടമകളുടെ അടുത്ത ബന്ധുവായ സജി തന്റെ ബാങ്കിൽ നിന്ന് 20 കോടി അവിടെ നിക്ഷേപിച്ചിരുന്നുവെന്ന് ജീവനക്കാർ വെളിപ്പെടുത്തുന്നു. 12 ശതമാനം പലിശയ്ക്ക് തറയിൽ ഫിനാൻസ് സ്വീകരിച്ച നിക്ഷേപമാണ് 17 ശതമാനം പലിശയ്ക്ക് സജി പോപ്പുലറിൽ നിക്ഷേപിച്ചത്. അഞ്ചു ശതമാനം പലിശയാണ് ഈയിനത്തിൽ ലാഭമായി കിട്ടിയ സജി അതു കൊണ്ടാണ് നിക്ഷേപകർക്ക് പലിശ നൽകിയിരുന്നത്. പോപ്പുലറിന്റെ തകർച്ചയോടെ തന്റെ നിക്ഷേപകർക്ക് പലിശ നൽകാൻ സജി ഏറെ ബുദ്ധിമുട്ടി. മറ്റു മാർഗങ്ങളിൽ പണം കണ്ടെത്തി ഏഴു മാസം കൂടി സജി നിക്ഷേപകർക്ക് പലിശ നൽകിയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് പലിശയും മുതലും കൊടുക്കാൻ കഴിയാതെ സജി മുങ്ങിയത്.

കാൽ ലക്ഷം മുതൽ 30 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മകളുടെ വിവാഹത്തിനായി വീടും പറമ്പും വിറ്റു കിട്ടിയ 35 ലക്ഷം രൂപ പത്തനംതിട്ട സ്വദേശി ഇവിടെ നിക്ഷേപിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം നൽകാമെന്ന വാഗ്ദാനം ചെയ്താണ് ഈ പണം വാങ്ങിയത്. ബാങ്ക് പൊട്ടിയ വിവരം അറിഞ്ഞ് നിർധനനായ പിതാവ് ആത്മഹത്യയുടെ വക്കിലാണ്. മകളെ എങ്ങനെ കെട്ടിച്ചു വിടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉണ്ടായിരുന്ന കിടപ്പാടം വിറ്റതിനാൽ വാടക വീട്ടിലാണ് ഇവർ കഴിയുന്നത്.

ഇതേ പോലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് പൊട്ടുമെന്ന് മുൻകൂട്ടി മനസിലാക്കി പണം പിൻവലിക്കാൻ ചെന്നവരോടും അവധി പറയുകയാണ് ഉടമ ചെയ്തത്. വസ്തു വിറ്റ് പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വസ്തുക്കൾ രഹസ്യമായി വിറ്റ് പണം വാങ്ങിയാണ് ഇയാൾ കുടുംബത്തോടൊപ്പം മുങ്ങിയിരിക്കുന്നത്.