- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനക്കാർക്ക് സർവസ്വാതന്ത്ര്യവും നൽകിയത് വിനയായി; ഇല്ലാത്ത നിക്ഷേപം ഉണ്ടെന്ന് കാണിച്ച് പലിശ തട്ടിയെടുത്തു; കണ്ടുപിടിച്ചിട്ടും ജീവനക്കാരെ പിരിച്ചു വിട്ടില്ല; കോവിഡ് ബാധ്യത മറികടക്കാൻ ബ്ലേഡ് കമ്പനികളിൽ നിന്ന് 10 രൂപ പലിശയ്ക്ക് ലക്ഷങ്ങൾ കടം വാങ്ങി; പത്തനംതിട്ട തറയിൽ ഫിനാൻസ് തകർന്ന കഥ
പത്തനംതിട്ട: തറയിൽ ഫിനാൻസിന്റെ തകർച്ച സംബന്ധിച്ച് കേൾക്കുന്ന കാരണങ്ങൾ പലതാണ്. ഉടമ മനഃപൂർവം സ്ഥാപനം തകർത്തുവെന്നും പണം തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും നിക്ഷേപകരും അന്വേഷണ സംഘവും വിശ്വസിക്കുന്നു. അതേസമയം തന്നെ മറ്റു ചില കാരണങ്ങളാണ് സ്ഥാപനത്തെ തകർച്ചയിലേക്ക് നയിച്ചതെന്ന് തറയിൽ ഫിനാൻസ് ഉടമ സജി സാമുമായി അടുത്ത ബന്ധം പുലർത്തുന്നവർ പറയുന്നു.
സ്ഥാപനത്തിലെ ജീവനക്കാരെ അമിതമായി വിശ്വസിച്ചതാണ് ഒരു കാരണം. ഇവരിൽ ചിലർ സ്ഥാപനത്തിൽ തിരിമറി നടത്തി. സജി സാം പൊലീസിന് നൽകിയ മൊഴിയിലും ഇതു പറഞ്ഞിരുന്നു. ഇല്ലാത്ത പണത്തിന് നിക്ഷേപ സർട്ടിഫിക്കറ്റ് നൽകി അതിന് പ്രതിമാസം 12 ശതമാനം പലിശ വീതം തട്ടിയെടുത്തുവെന്നാണ് ഉടമയുടെ ഒരു മൊഴി.
നിക്ഷേപം സ്വീകരിച്ചതായി രേഖകളിൽ വരുത്തിയാണ് പലിശ ഇനത്തിൽ വലിയ തുക കൈപ്പറ്റിയിരുന്നതത്രേ. ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് സജി പിന്നീട് പിടികൂടി. എന്നിട്ടും തട്ടിപ്പ് നടത്തിയവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നില്ല. അവർക്ക് ഒരു അവസരം കൂടി നൽകുകയാണ് സജി സാം ചെയ്തത്.
കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപങ്ങൾക്ക് പലിശ നൽകാൻ വേറെ മാർഗത്തിലൂടെ സജിക്ക് പണം കണ്ടെത്തേണ്ടി വന്നു. മാസം തോറും ലക്ഷങ്ങളാണ് നിക്ഷേപകർക്ക് നൽകേണ്ടിയിരുന്നത്. ഇതിനായി ബ്ലേഡ് പലിശയ്ക്കാണ് പണം കടമെടുത്തത്.
നൂറിന് 10 രൂപ പലിശയ്ക്ക് അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിലുള്ള ബ്ലേഡ് മാഫിയകളിൽ നിന്നാണ് പണം വാങ്ങിയത്. പറഞ്ഞ സമയത്ത് പണമോ പലിശയോ തിരികെ നൽകാൻ കഴിയാതെ വന്നതോടെ ബ്ലേഡുകാർ സജിയുടെ മൂന്നു കാറുകളും 20 സെന്റ് വസ്തുവും സ്വന്തം പേരിലാക്കിഅവരുടെ നഷ്ടം നികത്തി. ഇപ്പോഴും ഇവരിൽ ചിലർക്ക് പണം കൊടുത്തു തീർക്കാനുണ്ട്. അവരിൽ നിന്നുള്ള ഭീഷണിയും സജിക്ക് നേരിടേണ്ടി വന്നു.
ഓമല്ലൂരിലുള്ള തറയിൽ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പ് സ്വന്തമായി നടത്തിക്കൊണ്ടു പോകാൻ ബാധ്യത അനുവദിക്കാതെ വന്നതോടെ അടുത്ത സുഹൃത്തിന് അത് പാട്ടത്തിന് കൊടുത്തു. സജിയുടെ മുൻബാധ്യത സഹിതം അടച്ചു തീർത്താണ് സുഹൃത്ത് അത് നടത്തിക്കൊണ്ടു പോയത്. സജിയുടെ അറസ്റ്റോടെ പമ്പ് പൂട്ടുകയും ചെയ്തു. പാട്ടത്തിന് നടത്താൻ പമ്പ് ഏറ്റെടുത്തയാൾക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
അതേ സമയം, തറയിൽ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ പരാതികൾ പ്രവഹിക്കുകയാണ്. പത്തനംതിട്ട, അടൂർ, പത്തനാപുരം സ്റ്റേഷനുകളിലാണ് പരാതികൾ ഏറെയുമെത്തുന്നത്.