പത്തനംതിട്ട: നിക്ഷേപകരുടെ കോടികളുമായി ഉടമകൾ മുങ്ങിയതിനെ തുടർന്ന് പൊളിഞ്ഞ പോപ്പുലർ ഫിനാൻസിന് പിന്നാലെ മറ്റൊരു ധനകാര്യ സ്ഥാപനം കൂടി തകർന്നുവെന്ന വിവരം പുറത്തു വരുന്നു. ഉടമയും കുടുംബാംഗങ്ങളും അടക്കം ഒളിവിൽപ്പോയെന്ന് നിക്ഷേപകരുടെ പരാതി. ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസാണ് തകർച്ച അഭിമുഖീകരിക്കുന്നത്. പത്തനംതിട്ട, അടൂർ, പത്തനാപുരം, ഓമല്ലൂർ എന്നിവിടങ്ങളിൽ ബാങ്കിന് ശാഖകളുണ്ട്. നൂറുകണക്കിന് നിക്ഷേപകരിൽ നിന്നായി 80 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, അടൂർ സ്റ്റേഷനിൽ 10 ലക്ഷം രൂപയുടെ പരാതി മാത്രമാണ് ഇതു വരെ വന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

ഓമല്ലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തകർച്ചയിലേക്ക് നീങ്ങിയത് കോന്നി വകയാർ കേന്ദ്രീകരിച്ചുള്ള പോപ്പുലർ ഫിനാൻസ് പൊട്ടിയതോടെയാണ്. പോപ്പുലർ ഉടമകൾ 600 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയതിന് പിന്നാലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ നിക്ഷേപകർ തുടങ്ങിയിരുന്നു. നിക്ഷേപകരുടെ പണം ബാങ്ക് ഉടമകൾ മറ്റ് കാര്യങ്ങൾക്ക് മൂലധന നിക്ഷേപമായി നൽകിയിരിക്കുകയാണ്. കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം ഈ പണം തിരികെ നൽകാൻ ഇവർക്ക് കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 12 മുതൽ 15 ശതമാനം വരെ പലിശയാണ് നിക്ഷേപകർക്ക് നൽകിയിരുന്നത്. ഇതു കാരണം നിരവധി പേർ ഇവിടെ വലിയ തുക നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.

പോപ്പുലറിന്റെ തകർച്ചയ്ക്ക് പിന്നാലെ പണം ആവശ്യപ്പെട്ട് ചെന്ന നിക്ഷേപകരോട് ഉടമകൾ തങ്ങളുടെ നിസഹായാവസ്ഥ വ്യക്തമാക്കിയിരുന്നു. വസ്തു വകകൾ വിറ്റ് കടം വീട്ടാമെന്നാണ് ഇവർ നൽകിയ ഉറപ്പ്. ഇതു കാരണം നിക്ഷേപകർ പരാതി നൽകാതെ മടങ്ങി. എങ്കിലും ഇടയ്ക്കിടെ ഉടമകളെ കണ്ട് പണം മടക്കി ചോദിച്ചിരുന്നു.

അടൂർ പൊലീസ് സ്റ്റേഷനിൽ ഒരാൾ തനിക്ക് 10 ലക്ഷം കിട്ടാനുണ്ടെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു. പണം ഉടൻ തന്നെ കൊടുത്തു തീർക്കാമെന്ന് ഉടമ അറിയിച്ചതിനെ തുടർന്ന് പരാതിക്കാരനും പൊലീസും തുടർ നടപടിക്ക് മുതിർന്നിട്ടില്ല. ഇപ്പോഴത്തെ ലോക്ഡൗൺ വരെ ബാങ്കിന്റെ പ്രവർത്തനം തുടർന്നിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് ഉടമയും കുടുംബവും മുങ്ങിയത് എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ബാങ്ക് തുറക്കാത്തതിനെ തുടർന്ന് നിക്ഷേപകർ ഉടമയുടെ വീട്ടിലെത്തിയെങ്കിലും അടച്ചിട്ടിരിക്കുകയായിരുന്നു.

ബാങ്കിലെയും ഉടമയുടെ പഴ്സണലായിട്ടുള്ള ഫോണുകളിലും വിളിച്ചെങ്കിലും എടുത്തില്ല. നാലു ദിവസമായി ഉടമയും കുടുംബവും വീടു പൂട്ടി പോയിരിക്കുകയാണെന്നാണ് അയൽവാസികൾ നിക്ഷേപകരോട് പറഞ്ഞത്. ഉടമയുടെ ഭാര്യയുടെ പേരിൽ ഓമല്ലൂരിൽ ഒരു പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇടയ്ക്ക് ഇതും പൂട്ടിപ്പോയിരുന്നു. ഇപ്പോൾ ഇത് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് പറയുന്നു.

പത്തനംതിട്ട സ്വദേശി തന്റെ നിക്ഷേപം തിരികെ കിട്ടാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബാങ്ക് ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഏപ്രിലിൽ പണം മുഴുവൻ കൊടുത്തു തീർക്കാമെന്ന് വാഗ്ദാനം ചെയ്തു. രേഖാമൂലം നൽകിയ ഉറപ്പും പാഴായിരിക്കുകയാണ്. നന്നുവക്കാട് സ്വദേശി തന്റെ വസ്തു വിറ്റ 35 ലക്ഷം രൂപ ഈ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. പത്തനംതിട്ടയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്നയാൾ 60 ലക്ഷം നിക്ഷേപിച്ചു. ഉടമ മുങ്ങിയെന്ന സംശയത്തിൽ ഇവരെല്ലാവരും ജില്ലാ പൊലീസ് മേധാവിക്ക് ഓൺലൈനിൽ പരാതി അയച്ചു.

റോട്ടറി ക്ലബിന്റെ ഭാരവാഹിയായിരുന്നു ബാങ്ക് ഉടമ. ഈ പരിചയം മൂലം ക്ലബ് മെമ്പർമാരിൽ പലരും ലക്ഷങ്ങൾ നിക്ഷേപമായി നൽകിയിരുന്നു. ഉടമയുടെ ഇടവകയിൽ പെട്ടവരും നിക്ഷേപം നടത്തിയിട്ടുണ്ട്. ഉടമ മുങ്ങിയത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.