പാലക്കാട്: ഷൊർണൂരിലേക്കു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച ഏക സ്ഥാനാർത്ഥി പി.കെ. ശശി എംഎൽഎയുടെ പേരു വെട്ടിയതിൽ അമർഷം അതിശക്തം. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായിരുന്നു പികെ ശശി. ഈ ശശിയെയാണ് പിണറായി വെട്ടിയത്. ഇതിനൊപ്പം പൊന്നാനിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും സീറ്റ് പ്രതീക്ഷിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിൽ പൊന്നാനിയിൽ പോസ്റ്റർ ഉയർന്നത് എകെജി സെന്ററിനേയും ഞെട്ടിച്ചു. ഇതിന് പിന്നിൽ ആരാണെന്നത് സിപിഎം സംസ്ഥാന സമിതി പരിശോധിക്കും. സ്പീക്കർക്ക് പങ്കു കണ്ടെത്തിയാൽ നടപടിയും വരും.

പലക്കാടും മലപ്പുറത്തും തൃശൂരും പ്രതീക്ഷിക്കാത്തതെല്ലാം സംഭവിച്ചു. സ്ഥാനാർത്ഥി പട്ടിക പാലക്കാട് പ്രശ്‌നമില്ലാതെ അംഗീകരിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ടാണ് ജമീലയെ പോലും സ്ഥാനാർത്ഥിയാക്കിയത്. തരൂർ മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ പേരാണു തുടക്കത്തിൽ കേട്ടതെങ്കിലും അത് ചർച്ച ചെയ്യുന്നതിനു മുൻപേ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലയെ സംസ്ഥാന നേതൃത്വം പരിഗണിച്ചു. ഇതിനൊപ്പം വി എസ് വിജയരാഘവന്റെ ഭാര്യയ്ക്കും സീറ്റ് നൽകാൻ തീരുമാനിച്ചു. ഇതെല്ലാം സിപിഎമ്മിൽ വലിയ ചർച്ചയാണ്. ആലപ്പുഴയിലും പ്രതിഷേധം ശക്തം.

ജി സുധാകരനും തോമസ് ഐസക്കും നയിച്ച രണ്ട് ഗ്രൂപ്പുകളാണ് ആലപ്പുഴയിൽ നിറയുന്നത്. രണ്ടു പേരും പരസ്പരം കണ്ടാൽ കടിച്ചു കീറുന്നവരായിരുന്നു. എന്നാൽ സുധാകരനും ഐസക്കിനും സീറ്റ് നിഷേധിച്ചതോടെ അണികളുടെ വികാരം പിണറായി വിരുദ്ധമായി. ഇതിനിടെയാണ് പലാക്കാട്ടെ ജമീലാ വിവാദവും. ശശി തീർത്തും അതൃപ്തനാണ്. ജില്ലകളിൽനിന്നു നിർദ്ദേശിച്ചവരിൽ, ആരോപണമുയർന്നവരുടെ പേരുകൾ പിബി അംഗങ്ങളായ പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരുടെ പാനലാണു പരിശോധിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾക്ക് ഇടനൽകരുതെന്ന് അവർ വ്യക്തമാക്കി. പി.കെ. ശശിയെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ ജില്ലയിലെ നേതാക്കൾക്ക് ഒട്ടും സംശയമില്ലായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും വീണ്ടും അവസരം നൽകണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും യോഗത്തിൽ പങ്കെടുത്ത ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ അതു തള്ളി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക് തുടങ്ങി തഴയപ്പെട്ട പ്രമുഖർക്കായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ധീരജ് കുമാർ സ്ഥാനം രാജിവച്ചു. പിന്നാലെ, ധീരജിനെ പാർട്ടി പുറത്താക്കി. ജയരാജനു വേണ്ടി 'പിജെ ആർമി' ഫേസ്‌ബുക് കൂട്ടായ്മയും രംഗത്തിറങ്ങി. കുന്നത്തുനാട് സീറ്റ് വിറ്റെന്ന ആരോപണവുമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കേരള കോൺഗ്രസിനു (എം) കുറ്റ്യാടി, റാന്നി സീറ്റുകൾ വിട്ടുകൊടുക്കുന്നതിനെതിരെയും വികാരം ശക്തം. ജനകീയരെ അകറ്റാനാണ് പിണറായിയുടെ ശ്രമമെന്നാണ് ഉയരുന്ന വാദം.

മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടി ബേപ്പൂരെന്ന ഉറച്ച മണ്ഡലം നേടിയെടുത്തിട്ടാണ് പിണറായിയുടെ വെട്ടിനിരത്തൽ എന്നാണ് ഉയരുന്ന ആക്ഷേപം. മന്ത്രിമാരായ ജി.സുധാകരനും ടി.എം.തോമസ് ഐസക്കിനും വീണ്ടും അവസരം നൽകണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഒരു വിഭാഗം ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ തീരുമാനിക്കാത്ത മാവേലിക്കര മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ ട്രഷറർ എം.എസ്.അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കും. മറ്റു മണ്ഡലങ്ങളിൽ ദലീമ ജോജോ (അരൂർ), പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്.സലാം (അമ്പലപ്പുഴ), യു.പ്രതിഭ (കായംകുളം), സജി ചെറിയാൻ (ചെങ്ങന്നൂർ) എന്നിവരാണു പട്ടികയിലുള്ളത്.

സുധാകരനെയും തോമസ് ഐസക്കിനെയും ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചു മണ്ഡലങ്ങളുടെ ചില ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ വലിയ ചുടുകാട്, അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ കിഴക്ക് പി.കെ.ചന്ദ്രാനന്ദൻ സ്മാരകം എന്നിവിടങ്ങളിലാണു പോസ്റ്റർ പതിച്ചത്. 2011 ൽ വി എസ്.അച്യുതാനന്ദനു സീറ്റ് നിഷേധിച്ച അവസരത്തിലും പ്രതിഷേധവുമായി പോസ്റ്റർ പതിച്ച ആലപ്പുഴ പറവൂർ പ്രദേശത്താണ് ഇന്നലെ ജി.സുധാകരന് അനുകൂലമായ പോസ്റ്റർ കണ്ടത്. എന്നാൽ, തന്റെ പേരും ചിത്രവും ഉപയോഗിച്ചു പാർട്ടിവിരുദ്ധ പ്രചാരണം നടത്തുന്നതിനെതിരെ തോമസ് ഐസക് ഫെയ്‌സ് ബുക് പോസ്റ്റിലൂടെ മുന്നറിയിപ്പു നൽകി.

പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ പിന്തുണച്ചു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. എം.സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു തീര മേഖലയിൽ നിന്നു പുറപ്പെട്ട അൻപതോളം പേരെ ടി.എം.സിദ്ദിഖ് തന്നെ ഇടപെട്ടു തിരിച്ചയച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറാണു പൊന്നാനിയിൽ ശ്രീരാമകൃഷ്ണനു പകരം സാധ്യതാപ്പട്ടികയിലുള്ളത്.

സിപിഎം മത്സരിച്ചിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് (എം) നു നൽകിയതിൽ പ്രാദേശിക ഘടകത്തിൽ എതിർപ്പുയർന്നു. ചിലയിടത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടിയെ തഴയാനാണു സീറ്റ് ഘടകകക്ഷിക്കു നൽകിയതെന്നാണ് ആക്ഷേപം. പെരുമ്പാവൂർ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിലും തൃക്കാക്കര സീറ്റിൽ സ്വതന്ത്രനെ മത്സരിപ്പിക്കുന്നതിലും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.