കീവ്: യുക്രൈനിൽ റഷ്യ വിചാരിച്ചതു പോലെയല്ലേ കാര്യങ്ങൾ മുന്നോട്ടു പോകുന്നത് മൂന്ന് ദിവസം കൊണ്ട് കീവ് നഗരം പിടിച്ചടക്കുന്നതോടെ നിലവിലെ പ്രസിഡന്റ് സെലൻസ്‌കിയെ അധികാരഭ്രഷ്ടനാക്കി റഷ്യൻ അനുകൂല സർക്കാറിനെ നിയമിക്കാം എന്നായിരുന്നു പുടിന്റെ കണക്കു കൂട്ടൽ. എന്നാൽ, അപ്രതീക്ഷിതമായ യുക്രൈൻ ചെറുത്തുനിൽപ്പിൽ ഈ റഷ്യൻ മോഹം തകർന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വാദം. മാത്രമല്ല, റഷ്യൻ ഭാഗത്ത് വൻ ആൾനാശവും ഉണ്ടായെന്നാണ് യുക്രൈനും അവകാശപ്പെടുന്നത്.

യുദ്ധം അതിരൂക്ഷമായ ആറാം ദിനത്തിലേക്ക് കടക്കുമ്പോൾ റഷ്യയുടെ 5300 പട്ടാളക്കാരെ വധിച്ചുവെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. യുദ്ധത്തിന്റെ ആദ്യ നാല് ദിനങ്ങളിലെ കണക്കുകളാണിത് എന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ഫേസ്‌ബുക്കിൽ കുറിച്ചു. യുദ്ധത്തിന്റെ ആദ്യ നാല് ദിനങ്ങളിൽ 5,300 റഷ്യൻ സൈനികരെയാണ് യുക്രെയ്ൻ സേന വധിച്ചത്. കൂടാതെ, റഷ്യയുടെ 191 ടാങ്കുകളും, 29 ഫൈറ്റർ ജെറ്റുകളും, 29 ഹെലികോപ്ടറുകളും 816 മറ്റ് ഉപകരണങ്ങളും യുക്രെയ്ൻ സൈന്യം തകർത്തെറിഞ്ഞു എന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

എന്നാൽ യുക്രെയ്ന്റെ അവകാശവാദങ്ങളിൽ റഷ്യൻ ഇനിയും പ്രതിരിച്ചിട്ടില്ല. നാശനഷ്ടങ്ങൾ ഉണ്ടെങ്കിലും തങ്ങളുടെ ഭാഗത്തെ ആൾനാശം ഉണ്ടെന്നാണ് റഷ്യയും സ്ഥിരീകരിക്കുന്നത്. യുക്രെയ്ൻ സേന വധിച്ച റഷ്യൻ സൈനികരുടെ യഥാർത്ഥ കണക്കുകൾ റഷ്യ പുറത്തുവിട്ടിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങൾക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും എന്നാൽ യുക്രെയ്നിന് ഉണ്ടായ അത്രയും ഇല്ലെന്നാണ് റഷ്യൻ അവകാശവാദം. ഇതിനിടെയിൽ ആരു പറയുന്നതാണ് വാസ്തവം എന്ന കാര്യം ഇനിയും വ്യക്തമാകാനിരിക്കയാണ്. അതേസമയം, യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ 94 റഷ്യൻ സൈനികരെ യുക്രെയ്ൻ വധിച്ചതായി യുഎൻ സ്ഥിരീകരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ സാധാരണക്കാരുടെ ഉൾപ്പെടെ അനേകം ജീവനുകളാണ് പൊലിയുന്നതെന്നും യുഎൻ വ്യക്തമാക്കി.

അതേസമയം ലോകത്തെ ഏറ്റവും വലുപ്പമുള്ള വിമാനമായ 'ആന്റൊനോവ്-225'ന് റഷ്യൻ ആക്രമണത്തിൽ കേടുപറ്റിയതായി യുക്രെയ്ൻ പ്രതിരോധ മേഖലയിലെ പ്രമുഖർ അറിയിച്ചു. കീവിന് പുറത്തുള്ള വിമാനത്താവളത്തിൽ നിർത്തിയിട്ടതായിരുന്നു വിമാനം. കേടുപറ്റിയെങ്കിലും ഇത് നന്നാക്കാനാകുമെന്ന് 'യുക്രോബൊറോൺപ്രോം' കമ്പനി അറിയിച്ചു. വലിയ ചരക്കുനീക്കത്തിനാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. ഇതിന്റെ രണ്ടു ചിറകുകൾക്കിടയിലെ വലുപ്പം 84 മീറ്ററാണ്.

ഉപരോധം കനത്തു തകർന്നടിഞ്ഞു റൂബിൾ

യുദ്ധം കനത്തതോടെ റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ തകർന്നടിഞ്ഞിരിക്കയാണ് റൂബിൾ. ഉപരോധങ്ങൾ കാരണം മൂല്യമിടിയുന്ന റൂബിളിനെ പിടിച്ചുനിർത്താൻ റഷ്യൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഒമ്പതര ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തി. റഷ്യൻ കേന്ദ്രബാങ്കുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും യു.എസ്. തിങ്കളാഴ്ച നിരോധിച്ചു. ബാങ്കിന് യു.എസിലുള്ള സ്വത്തുക്കളും മരവിപ്പിച്ചു. ഡോളറുമായുള്ള റൂബിളിന്റെ വിനിമയമൂല്യത്തിൽ 30 ശതമാനം ഇടിവുണ്ടായി.

റൂബിളിന്റെ വിലത്തകർച്ചയിൽ പരിഭ്രാന്തരായ ജനങ്ങൾ മോസ്‌കോയിലടക്കം പ്രധാന നഗരങ്ങളിൽ പണം പിൻവലിക്കാൻ തടിച്ചുകൂടി. ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ വൻ തിരക്കാണ് കാണുന്നത്. അതിനിടെ ആവശ്യത്തിന് കരുതൽധനമുണ്ടെന്നും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രബാങ്കായ ബാങ്ക് ഓഫ് റഷ്യ അഭ്യർത്ഥിച്ചു. ബാങ്ക് കാർഡുകൾ ഉടൻ പ്രവർത്തനം നിലക്കുമെന്നും പിൻവലിക്കാവുന്ന തുകക്ക് നിയന്ത്രണം വരുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ജനങ്ങൾ കൂട്ടത്തോടെ ബാങ്കുകൾക്കു മുന്നിലെത്തിയത്.

യു.കെ, യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ വിലക്കിയതോടെ റഷ്യൻ റൂബിളിന്റെ വിനിമയം ആഗോള തലത്തിൽ തടസ്സപ്പെട്ടിട്ടുണ്ട്. 50 ലക്ഷം കോടിക്കടുത്ത് (630 ബില്യൺ ഡോളർ) വരുന്ന റഷ്യയുടെ കരുതൽ ധനം ഡോളർ, യൂറോ, സ്റ്റെർലിങ് എന്നീ വിദേശ കറൻസികളിലും കൂടാതെ സ്വർണരൂപത്തിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. പണത്തിന് ആവശ്യക്കാർ കൂടിയതോടെ കേന്ദ്ര ബാങ്ക് കൂടുതൽ പണം എ.ടി.എം വഴി ജനങ്ങളിലെത്തിച്ചിരുന്നു.

റഷ്യക്കാണ് സാമ്പത്തിക ഉപരോധമേർപ്പെടുത്തിയതെങ്കിലും അതിന്റെ പ്രത്യാഘാതം ലോകരാജ്യങ്ങളിലുമെത്തി. വാതകവിലയിലാണ് വൻ കുതിച്ചു ചാട്ടമുണ്ടായത്. വാതകവില 24 ശതമാനം വർധിച്ചത് യൂറോപ്യൻ രാജ്യങ്ങളിലടക്കം വൻ പ്രതിസന്ധിയുണ്ടാക്കി. റൂബിളിന്റെ തകർച്ചയുടെ പ്രതിഫലനം യൂറോപ്യൻ, ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫുർട്ട് ഓഹരി വിപണികളിലും അനുഭവപ്പെട്ടു.

ക്രൂഡ് ഓയിൽ വില 5.4 ശതമാനം വർധിച്ചുിട്ടുണ്ട്. ബാരലിന് 105 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വില നിലവിൽ 103 ഡോളറിലാണ് തുടരുന്നത്. റഷ്യയുടെ എണ്ണ-പ്രകൃതിവാതക ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ചതു വഴി ബ്രിട്ടനിലെ ആഗോള എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബി.പി)ഓഹരിവില ഏഴു ശതമാനം ഇടിഞ്ഞു. 25 ബില്യൺ ഡോളറാണ് കമ്പനിക്കുണ്ടായ നഷ്ടം (രണ്ടു ലക്ഷം കോടിക്കടുത്ത്).

തകർച്ചാഭീതിയിൽ റഷ്യൻ ബാങ്കുകളും

യൂറോപ്പിലെ റഷ്യൻ ബാങ്കുകൾ പാപ്പരാകാൻ സാധ്യതയെന്ന് യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇ.സി.ബി). റഷ്യൻ ഗവൺമെന്റിനു കീഴിലുള്ള സ്‌ബെർബാങ്ക് റഷ്യക്കു കീഴിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കാണ് തിരിച്ചടിയുണ്ടാവുകയെന്ന് ഇ.സി.ബി പറയുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 1.38 ലക്ഷം കോടി ആസ്തിയുള്ള ബാങ്കാണ് സ്‌ബെർബാങ്ക്. യുദ്ധം തുടങ്ങിയ ശേഷം ഈ ബാങ്കിനു കീഴിലെ യൂറോപ്യൻ ശാഖകളിൽനിന്ന് വലിയതോതിൽ പണം പിൻവലിക്കപ്പെടുന്നുണ്ടെന്ന് ഇ.സി.ബി പറയുന്നു. ക്രൊയേഷ്യ, സ്ലൊവീനിയ എന്നിവിടങ്ങളിലെ ബാങ്കുകളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്നും ഇ.സി.ബി വ്യക്തമാക്കുന്നു.

അതേസമയം റഷ്യയുമായി വ്യാപാര-വാണിജ്യ ഇടപാടുകൾ വിലക്കി ന്യൂയോർക് ഗവർണർ കാതി ഹൊചുൽ ഉത്തരവിറക്കി. അവിടത്തെ നിക്ഷേപങ്ങൾ റദ്ദാക്കുന്നതായും അറിയിച്ചിട്ടുണ്ട്. ന്യൂയോർക്കിലേക്ക് യുക്രെയ്ൻ അഭയാർഥികളെ സ്വീകരിക്കും. യു.എസിൽ ഏറ്റവുമധികം യുക്രെയ്ൻകാരുള്ളത് ന്യൂയോർക്കിലാണ്. 'നിങ്ങൾക്ക് പോകാനൊരു ഇടം വേണമെങ്കിൽ, ഈ സമൂഹത്തിന്റെ ഭാഗമാകാൻ സഹായിക്കാം. നിങ്ങളെ ഹൃദയപൂർവം സ്വീകരിക്കാം' -ഗവർണർ യുക്രെയ്ൻ അഭയാർഥികളോടായി പറഞ്ഞു.

റഷ്യൻ സൈനികരെ നേരിടാൻ ജയിൽ തുറന്നുവിട്ടു

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പലതരത്തിലുള്ള മാർഗങ്ങളാണ് യുക്രൈൻ പയറ്റുകയാണ്. ജനങ്ങളെ ആയുധം ഏൽപ്പിച്ച യുക്രൈൻ ഇപ്പോൾ മറ്റൊരു മാർഗ്ഗം കൂടി പയറ്റുന്നുണ്ട്. റഷ്യക്കെതിരെ പോരാടാൻ ജയിൽവാസികളെ തുറന്ന് വിടുകയാണ് യുക്രെയ്ൻ. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുക്രൈൻ ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു.

സർവീസ് റെക്കോർഡ്, പോരാട്ട പരിചയം, പശ്ചാത്താപം എന്നിവ പരിഗണിച്ചാകും ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുക. ഇത് ഉയർന്ന തലത്തിൽ തീരുമാനിച്ച സങ്കീർണ്ണമായ വിഷയമാണെന്നാണ് പ്രോസിക്യൂട്ടർ ആൻഡ്രി സിൻയുക് വ്യക്തമാക്കിയത്. വിട്ടയച്ച തടവുകാരിൽ ഒരാൾ മുൻ സൈനികനായ സെർജി ടോർബിൻ ആണെന്ന് സിൻയുക് പറഞ്ഞു.

പൗരാവകാശ പ്രവർത്തകയും അഴിമതി വിരുദ്ധ പ്രചാരകയുമായ കാതറീന ഹാൻഡ്‌സിയൂക്കിനെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ആറ് വർഷവും ആറ് മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ച പ്രതിയാണ് ടോർബിൻ. സാധാരണക്കാരെ യുദ്ധക്കളത്തിലിറക്കി പ്രതിരോധം ശക്തമാക്കുകയാണ് യുക്രൈൻ.

കായിക ലോകത്തും തിരിച്ചടി റഷ്യയെ വിലക്കി ഫിഫയും യുവേഫയും

യുക്രൈനെ ആക്രമിച്ച റഷ്യയ്ക്ക് കായിക ലോകത്തും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. റഷ്യൻ ഫുട്ബോൾ ടീമിനെയും റഷ്യൻ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും. ടീമുകളെ സസ്പെന്റ് ചെയ്യുമെന്ന് ഫിഫ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ മത്സരത്തിലും വിലക്ക് നിലവിൽ വരും. ഇതോടെ മാർച്ചിൽ നടക്കുന്ന ലേകകപ്പ് പ്ലേഓഫ് മത്സരങ്ങൾ റഷ്യൻ ടീമിന് കളിക്കാനാവില്ല.

ഫിഫയും യുവേഫയും യുക്രൈൻ ജനതയ്ക്ക് ഒപ്പമാണെന്ന് സംയുക്ത പ്രസ്താവന ഇറക്കി. ബ്യൂറോ ഓഫ് ഫിഫ കൗൺസിലും യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഈ തീരുമാനങ്ങൾ തിങ്കളാഴ്ച അംഗീകരിച്ചതായി ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.