- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുറോഡിൽ സ്ത്രീയുടെ മൃതദേഹം തള്ളിയ സംഭവം; സിസിടിവി ദൃശ്യത്തിലെ കാർ അന്വേഷണ സംഘം തിരിച്ചറിഞ്ഞു ; കാറിന് പിന്നിലെ ഓട്ടോ ഡ്രൈവറെ തേടി പൊലീസ്; മൃതദേഹത്തിനടുത്ത് നിന്ന് വസ്ത്രങ്ങളും മറ്റും കണ്ടെടുത്തത് വിരൽ ചൂണ്ടുന്നത് അപകടമരണത്തിലേക്കെന്നും അന്വേഷണസംഘം
കോയമ്പത്തൂർ : കോയമ്പത്തൂരിന് സമീപം അവിനാശി റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. തിരുവള്ളൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനമാണിതെന്ന് പൊലീസ് സൂചിപ്പിച്ചു. വാഹന ഉടമയെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് സൂചനകൾ ലഭിച്ചത്. ഇതേ സിസിടിവി ദൃശ്യങ്ങൾ പ്രകാരം മൃതദേഹം തള്ളിയ വാഹനത്തിന് പിന്നാലെ ഒരു ഒട്ടോറിക്ഷ കടന്നുപോകുന്നത് കാണാവുന്നതാണ്.ഈ ഓട്ടോറിക്ഷയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ സംഭവത്തിൽ തുമ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. അതിനാൽ തന്നെ ഈ ഓട്ടോഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്കും ആറിനുമിടയിലാണ് സംഭവം. ഓടുന്ന എസ് യു വി കാറിൽ നിന്നും സ്ത്രീയുടെ മൃതദേഹം വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അർധനഗ്നയായ നിലയിലായിരുന്നു.അതേസമയം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വാഹനങ്ങൾ കയറിയിറങ്ങി മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. ഒരു കാറിൽ നിന്നും സ്ത്രീയെ വലിറെയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചു. തുടർന്ന് കാറിൽ നിന്ന് 2 പേർ ഇറങ്ങുന്നതും സമീപത്തു ചെന്നു നോക്കിയ ശേഷം വീണ്ടും കാറിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാഹനം എയർപോർട്ട് റോഡിലൂടെ പോയതായും പൊലീസ് സൂചിപ്പിക്കുന്നു. സ്ത്രീയെ കാറിൽനിന്നു തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോയ സ്ത്രീ കാറിടിച്ചു വീണ ശേഷം മറ്റു വാഹനങ്ങൾ കയറിയിറങ്ങിയതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും സ്ത്രീയുടേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്.
ഇത് സംഭവം അപകടമരണമാകാമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. കൊലപാതകം ആണെങ്കിൽ ഇത്തരം തെളിവുകൾ നശിപ്പിക്കുകയാകും ചെയ്യുകയെന്നും പൊലീസ് അുനമാനിക്കുന്നു. പോസ്റ്റ് മോർട്ടം, പോറൻസിക് റിപ്പോർട്ടുകൾ പഠിച്ചശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ