പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ സജി സാം കീഴടങ്ങിയത് കഞ്ഞി വയ്ക്കാൻ പോലും ഗതിയില്ലാതെ വന്നപ്പോൾ. ഒരു പൈസ പോലും കൈയിലെടുക്കാനില്ലെന്ന അവസ്ഥ വന്നപ്പോഴാണ് സജി ഒളിവിൽ പോയെന്ന തോന്നലുളവാക്കിയത്. എന്നാൽ, ഇദ്ദേഹം ഓമല്ലൂരിലെ സ്വന്തം വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്ന് പറയുന്നു. ഇന്ന് രാവിലെയാണ് അടുത്ത ബന്ധുവിനൊപ്പം പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിൽ സജി സാം കീഴടങ്ങിയത്.

നിലവിൽ പത്തനംതിട്ട, അടൂർ പൊലീസ് സ്റ്റേഷനുകളിലായി 36 കേസുകളാണ് സജി സാമിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പിന്റെ വ്യാപ്തി 70 കോടിയിൽ അധികമാണ്. ഇപ്പോഴും പരാതി പ്രവാഹമാണുള്ളത്. അവയിൽ എല്ലാം കേസ് രജിസ്റ്റർ ചെയ്യുന്നതോടെ തട്ടിയെടുത്ത തുക 100 കോടിക്ക് മുകളിൽ പോകും.പത്തനംതിട്ട ആസ്ഥാനമായ രജിസ്ട്രേഡ് ഓഫീസിന് പുറമേ ഓമല്ലൂർ, അടൂർ, പത്തനാപുരം എന്നിവിടങ്ങളിൽ ബ്രാഞ്ച് ഓഫീസുമുണ്ടായിരുന്നു.

നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി സജി സാം ഒളിവിൽ പോയ വാർത്ത മറുനാടനാണ് പുറത്തു വിട്ടത്. മറ്റു മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ പൊലീസും കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങി. കോവിഡും അതിനെ തുടർന്നുള്ള ലോക്ഡൗണുമാണ് തറയിൽ ഫിനാൻസിന്റെ സാമ്പത്തിക അടിത്തറ തകർത്തത്. കോന്നിയിലെ പോപ്പുലർ ഫിനാൻസ് ഉടമ ഇതിനിടെ മുങ്ങിയതും തിരിച്ചടിയായി. നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ വന്നു. റെഡി ക്യാഷ് തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നപ്പോൾ അവധി ചോദിച്ചു. പൊലീസിൽ പരാതി നൽകിയ നിക്ഷേപകരോട് സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ സജി ഒത്തുതീർപ്പ് ചർച്ച നടത്തി. നേതാവിനോടുള്ള വിശ്വാസം കാരണം നിക്ഷേപകർ ഒത്തു തീർപ്പിന് തയാറായി. ഒരു മാസത്തിനകം പണം മടക്കി നൽകാമെന്ന ഉറപ്പ് പാലിക്കാൻ കഴിയാതെ സജി ഒളിവിൽ പോയപ്പോഴാണ് കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തു വന്നത്.

ഒളിവിൽ പോകുന്നതിന് മുൻപുള്ള നാളുകളിൽ സജിയുടെയും കുടുംബത്തിന്റെയും ജീവിതം പരിതാപകരമായി. ഭക്ഷണ സാധനങ്ങൾ വാങ്ങാനുള്ള പണം പോലും ഇവരുടെ കൈവശമില്ലായിരുന്നു. വിവരമറിഞ്ഞ സുഹൃത്തുക്കൾ 20,000 രൂപയുടെ ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുത്തു. ഇതു കൊണ്ടാണ് രണ്ടു മാസത്തോളം ഇവർ കഴിച്ചു കൂട്ടിയത്.

ഇതിനിടെ പണം തിരികെ കിട്ടണമെന്ന് നിർബന്ധം പിടിച്ച നിക്ഷേപകരിൽ ചിലർ സ്ഥാവര ജംഗമങ്ങളും സ്വന്തമാക്കി മടങ്ങി. ഇദ്ദേഹത്തിന്റെ ഇന്നോവ, ബലേനോ, ബിഎംഡബ്ല്യു കാറുകൾ പണം കിട്ടാനുള്ളവർ എടുത്തു കൊണ്ടു പോയി. ഓമല്ലൂർ ടൗണിൽ കണ്ണായ ഭാഗത്തുണ്ടായിരുന്ന 20 സെന്റ് പ്ലോട്ട് പണം കിട്ടാനുള്ള അടൂർ, തിരുവല്ല സ്വദേശികൾ എഴുതി വാങ്ങി ഇനിയുള്ള തറയിൽ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിന്റെ ലൈസൻസ് മാത്രമാണ്.

പമ്പിരിക്കുന്ന സ്ഥലം സഹോദരന്റെ പേരിലാണ്. പമ്പിന്റെ ലൈസൻസി സജിയുടെ ഭാര്യയുമാണ്. പമ്പ് നടത്തിപ്പിൽ 80 ലക്ഷം രൂപയുടെ ബാധ്യത നിലവിലുണ്ട്. ഓമല്ലൂർ മാർക്കറ്റ് ജങ്ഷനിൽ മൂന്നു നിലകളുള്ള തറയിൽ ബിൽഡിങ്സിന്റെ ഒന്നാം നില സജിയുടേതാണ്. ശേഷിച്ചത് സഹോദരങ്ങൾക്കുള്ളതാണ്. ഈ നിലയിൽ ആണ് തറയിൽ ഫിനാൻസിന്റെ ശാഖ പ്രവർത്തിക്കുന്നത്. മൂന്നുസെന്റിൽ നിർമ്മിച്ച വീടും, പെട്രോൾ പമ്പിന്റെ ലൈസൻസും, ഒരു കടമുറിയും മാത്രമാണ് ഇയാൾക്ക് ഇനി ആസ്തിയായുള്ളത്. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം എവിടെ പോയി എന്നത് സംബന്ധിച്ച് യാതൊരു സൂചനയും സജി നൽകുന്നില്ല. താൻ പണം തിരിച്ചു നൽകുമെന്നു മാത്രമാണ് ഇയാൾ പറയുന്നത്. അതെങ്ങനെ നടക്കും എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.