- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽദായ സുറിയാനിസഭക്ക് ഇനി പുതിയ തലവൻ; 121-ാം പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവാ സ്ഥാനത്യാഗം ചെയ്തു; പുതിയ പാത്രിയർക്കീസാവാൻ മാർ ആവാ റോയൽ എപ്പിസ്കോപ്പിന് സാധ്യത; തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഇന്ന് തുടക്കം
കോട്ടയം : പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ആഗോള തലവൻ 121-ാം പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവാ സ്ഥാനത്യാഗം ചെയ്തു. കാലിഫോർണിയായിലെ ബിഷപ്പായ മാർ ആവാ റോയൽ എപ്പിസ്‌കോപ്പയായിരിക്കും പുതിയ പാത്രിയർക്കീസ് എന്നാണ് സൂചന. ഇദ്ദേഹം നിലവിൽ സിനഡ് സെക്രട്ടറിയാണ്.ഞായറാഴ്ച ചേരുന്ന സിനഡ് പാത്രിയർക്കീസിന്റെ അറിയിപ്പ് അംഗീകരിച്ച് പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിലേക്ക് കടന്നേക്കും.
മാറൻ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവ പാത്രിയർക്കീസ് അസീറിയൻ വംശജനാണ്. ഇദ്ദേഹം 1941 നവംബർ 23-ന് ഇറഖിലെ ഹബാനിയ നഗരത്തിലാണ് ജനിച്ചത്. ബാഗ്ദാദിലും അമേരിക്കയിലുമായിരുന്നു വിദ്യാഭ്യാസം. മെത്രാപ്പൊലീത്തയായി 1980-ജൂണിൽ അഭിഷിക്തനായി. 1981-ൽ ഇറാഖിന്റെ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു. മാറൻ മാർ ദിൻഹ പാത്രിയർക്കീസ് 2015 മാർച്ചിൽ കാലം ചെയ്തപ്പോൾ 2015 സെപ്റ്റംബർ 15-ന് പാത്രിയർക്കീസായി അഭിഷിക്തനായി.
1945 ഏപ്രിൽ 30-ന് കാലം ചെയ്ത ഇന്ത്യയിലെ മെത്രാപ്പൊലീത്ത മാർ അബിമലേക് തിമൊഥെയോസ് തിരുമേനിയെ വിശുദ്ധനായി പ്രഖ്യാപനം നടത്തുന്ന ചടങ്ങുകൾക്കായാണ് അദ്ദേഹം കേരളത്തിലെത്തിയത്. 2019 സെപ്റ്റംബറിലായിരുന്നു തൃശ്ശൂരിലെ സന്ദർശനം. വാർദ്ധക്യസഹജമായ പ്രയാസങ്ങൾമൂലം ജർമനിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഇറാഖിലെ എർബിലിൽ സഭാ ആസ്ഥാന അരമനയിലാണ്.
അതേസമയം സിനഡിൽ പങ്കെടുക്കാനുള്ളവർ ഇറാഖിൽ വന്നുകൊണ്ടിരിക്കുകയാണ്. സിനഡിന്റെ ഇറാഖിലെ എല്ലാ ക്രമീകരണങ്ങളുടെയും ചുമതല ഇറാഖ് ക്രിസ്ത്യൻ കമ്മിഷനാണ്. കനത്ത സുരക്ഷയിലാണ് സിനഡ് നടക്കുന്ന ചാപ്പൽ. സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാർ ഇറാഖ് പ്രസിഡന്റിന്റെ അതിഥികളായതുകൊണ്ട് പ്രസിഡന്റിന്റെ തന്നെ അതിഥിമന്ദിരങ്ങളിൽ ആണ് താമസം. സിനഡിൽ പങ്കെടുക്കുന്ന ഇന്ത്യയിൽനിന്നുള്ള ബിഷപ്പുമാർക്ക് വിസ നൽകുന്നതിന് ഇറാഖ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു.
ഇന്ത്യയിൽനിന്ന് ഡോ. മാർ യോഹന്നാൻ എപ്പിസ്‌കോപ്പ, മാർ ഔഗിൻ എപ്പിസ്‌കോപ്പ എന്നിവർ ഇറാഖിൽ എത്തി.പെരുന്നാളുകളിൽ മാത്രമാണ് അതിപ്രധാനപ്പെട്ട പട്ടാഭിഷേക ശുശ്രൂഷകൾ സഭ നടത്തുക. സെപ്റ്റംബർ 13-ന് വിശുദ്ധ കുരിശിന്റെ സ്ലീവ പെരുന്നാളാണ്. സെപ്റ്റംബർ 13-ന് പുതിയ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണവും അഭിഷേകവും നടക്കാൻ സാധ്യത കൂടുതലാണ്.
മറുനാടന് മലയാളി ബ്യൂറോ