ന്യൂയോർക്ക്: ആറാഴ്ചത്തെ കടുപ്പമേറിയ നിയമയുദ്ധം. അരവട്ടനായ, കുളിയും നനയും ഇല്ലാത്ത, നാക്കെടുത്താൽ നുണ പറയുന്ന, റമ്മിൽ കുളിച്ചുകിടക്കുന്ന ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അനശ്വരനാക്കിയ ഹോളിവുഡ് താരം ജോണി ഡെപ്പ് കോടതിയിൽ ധരിച്ച വേഷം പോലും സോഷ്യൽ മീഡിയയിൽ ചർച്ചയായി. സമീപ കാലത്ത് ഏറ്റവും അധികം പബ്ലിസിറ്റി കിട്ടിയ വിചാരണ. ഡെപ്പിന്റെ ആരാധകർ, അദ്ദേഹത്തിന്റെ മുൻഭാര്യ ആംബർ ഹേർഡിന് എതിരായ യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധി അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു. ജാക് സ്പാരോയുടെ ഡയലോഗുകൾ വീശിയായിരുന്നു ആഘോഷം. 'ഈ ദിവസം ക്യാപ്റ്റൻ ജാക് സ്‌പോരോയെ മിക്കവാറും പിടിച്ച ദിവസമായി നിങ്ങൾ എല്ലായ്‌പോഴും ഓർമിക്കും', ആംബർ ഹേർഡിനെ ലാക്കാക്കി ട്വീറ്റുകൾ. രണ്ടുവർഷം മുമ്പ് ഇതായിരുന്നില്ല കഥ.

കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന 'ജാക് സ്പാരോ'യ്ക്ക് അന്ന് കണ്ണീരിന്റെ നാളുകളായിരുന്നു. മുൻഭാര്യ ആംബർ ഹേർഡിനും ദി സൺ ന്യൂസ് പേപ്പറിനും എതിരെ ജോണി ഡെപ്പ് നൽകിയ 20 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് 2020 നവംബറിൽ ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയനിലെ ജാക് സ്പാരോയുടെ വേഷം അതിനും രണ്ടുവർഷം മുമ്പ് ഡെപ്പിന് നഷ്ടമായത് കേസും കൂട്ടവും സാമ്പത്തിക പരാധീനതകളും വേട്ടയാടിയതോടെയായിരുന്നു. താരത്തിന്റെ പ്രശസ്തിക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിക്കുന്ന വിധിയാണ് ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചത്. അമേരിക്കൻ താരം 2018 ൽ ബ്രിട്ടീഷ് പത്രമായ ദി സണിൽ വന്ന ലേഖനത്തിന് എതിരെയാണ് കേസ് കൊടുത്തത്. തലക്കെട്ട് ഇങ്ങനെയായിരുന്നു: 'Gone Potty: How can JK Rowling be 'genuinely happy' casting wife beater Johnny Deppin the new Fantastic Beasts film?'

ജോണി ഡെപ്പ് മുൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നായിരുന്നു ദി സണിന്റെ റിപ്പോർട്ടിന്റെ ഉള്ളടക്കം. ഡെപ്പിന്റെ അനിയന്ത്രിതമായ ജീവിതശൈലിയും, മദ്യസേവയും, മയക്കുമരുന്ന് ഉപയോഗവും എല്ലാം പുറത്തുവന്നതോടെ താരപ്രതിച്ഛായയ്ക്ക് വലിയ കളങ്കമാണ് ഏറ്റത്. ദി സണ്ണിലെ ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്നാണ് ലണ്ടൻ ഹൈക്കോടതി വിധിച്ചത്. ഗാർഹിക പീഡനത്തിനെതിരെ തങ്ങൾ 20 വർഷമായി തുടരുന്ന പോരാട്ടത്തെ സാധൂകരിക്കുന്നതാണ് വിധിയെന്ന് ദി സൺ അന്ന് പ്രതികരിച്ചു.

തന്റെ 2 വർഷത്തെ വിവാഹജീവിതത്തിനിടെ ഡെപ് പലവട്ടം അക്രമാസക്തനായി എന്ന് തെളിയിക്കാൻ ദി സണ്ണിന് കഴിഞ്ഞതായി ലണ്ടൻ ഹൈക്കോടതി വിധിച്ചു. ഇംഗ്ലണ്ടിലെ 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനനഷ്ടക്കേസ് എന്നാണ് മാധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലണ്ടിന്റെ പുരാതനമായ അപകീർത്തി നിയമങ്ങൾ പ്രകാരം കേസ് തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിച്ച മാധ്യമത്തിനാണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും കർക്കശമായ അപകീർത്തി നിയമമാണ് ഇംഗ്ലണ്ടിലേത്. 2018 ൽ തങ്ങൾ പ്രസിദ്ധീകരിച്ച ലേഖനത്തിന് സാധുതയുണ്ടെന്നും, ഡെപ് ഹേർഡിനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയ 14 സംഭവങ്ങൾ ഉണ്ടെന്നും തെളിയിക്കാൻ ദി സണ്ണിന് കഴിഞ്ഞു.

ഡെപ്പിനെ തകർത്ത വിധി

16 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോളിവുഡ് താരം ഭാര്യയെ മർദ്ദിച്ചിരുന്നുവെന്നും, അവരുടെ കാറും കോളും നിറഞ്ഞ ദാമ്പത്യ ജീവിതത്തിനിടെ 12 തവണ മർദ്ദിച്ചിരുന്നുവെന്നും കോടതി വിധി എഴുതിയത്. ആംബർ ഹേർഡിന്റെ മൊഴിയെ പൂർണമായി മുഖവിലയ്ക്കെടുത്താണ് ജഡ്ജിയുടെ വിധിയെന്നും ബദൽ തെളിവുകൾ പരിഗണിച്ചില്ലെന്നും ഡെപ്പിന്റെ അഭിഭാഷകർ അന്ന് പ്രതികരിച്ചിരുന്നു.

സണ്ണിന്റെ പ്രസാധകരായ ന്യൂസ് ഗ്രൂപ്പ് ന്യൂസ് പേപ്പേഴ്സ്, എക്സിക്യൂട്ടീവ് എഡിറ്റർ ഡാൻ വൂട്ടൺ എന്നിവർക്കെതിരെയാണ് ഡെപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 34 കാരിയായ ആംബർ ഹേഡായിരുന്നു പത്രത്തിന്റെ മുഖ്യസാക്ഷി. മദ്യപിച്ചും മയക്കുമരുന്ന് കഴിച്ചും തന്നെ 14 വട്ടം തല്ലിയ കഥ ഹേഡ് കണ്ണീരോടെ കോടതിയിൽ വിവരിച്ചു. ഇതിൽ 12 വട്ടം മർദ്ദിച്ച കാര്യം കോടതി ശരിവച്ചു. 2013 ൽ ഡെപ്പിന്റെ ടാറ്റുവിനെ കുറിച്ച് കമന്റ് പറഞ്ഞതിനാണ് നടിയെ ആദ്യം കരണത്തടിച്ചത്.

ലണ്ടനിൽ തോൽവി, അമേരിക്കയിൽ വിജയം

എന്നാൽ, യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി ഡെപ്പിന് അനുകൂലമായി വിധിച്ചത്, വാഷിങ്ടൺ പോസ്റ്റിൽ താൻ ഗാർഹിക പീഡനത്തിന് ഇരയായി എന്ന് കാട്ടി ഹേഡ് എഴുതിയ കോളത്തിന് എതിരായ കേസിലാണ്. ജൂറി തനിക്ക് ജീവിതം മടക്കി തന്നുവെന്നും, താൻ സന്തോഷവാനാണ് എന്നുമായിരുന്നു ഡെപ്പിന്റെ പ്രതികരണം. അംബർ ഹേഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് കോടതി വിധി. ഡെപിനെതിരെ അംബർ ഹേഡ് നൽകിയ കൗണ്ടർ മാനനഷ്ടക്കേസുകളിൽ ഒന്നിൽ ഡെപ് 2 ദശലക്ഷം ഡോളർ പിഴ നൽകുകയും വേണം.

ആറ് വർഷം മുൻപ് തന്റെയും തന്റെ മക്കളുടെയും, തനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെയും ജീവിതം തകിടം മറിഞ്ഞതായി ഡെപ് പറഞ്ഞു. തനിക്കൊപ്പം വിശ്വസ്തരായി നിന്നവർ പെട്ടെന്നൊരു നാൾ തനിക്കെതിരെ തിരിഞ്ഞു. തനിക്കെതിരേ വ്യാജമായ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ പ്രചരിപ്പിച്ചു. ഒരു കുറ്റം പോലും തെളിയിക്കാൻ ആവാതിരുന്നിട്ടും വിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചത് തന്റെ ജീവിതത്തെയും കരിയറിനെയും ഗുരുതരമായി ബാധിച്ചു. ഒരാൾ കുറ്റക്കാരനെന്ന് തെളിയാതെ മാധ്യവിചാരണ അരുതെന്ന സന്ദേശമാണ് ജോണി ഡെപ്പ് നൽകുന്നത്. തന്റെ അതേ സാഹചര്യം നേരിടുന്ന സ്ത്രീയായാലും, പുരുഷനായാലും, സത്യം തുറന്നു പറയാൻ ഈ വിധി ധൈര്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡെപ് പ്രതികരിച്ചു.

ജാപ് സ്പാരോയും പോയി..കേസും തോറ്റു

സദാ മദ്യപിച്ച് നടക്കുന്ന ഭ്രാന്തൻ കടൽ കൊള്ളക്കാരൻ ജാക്ക് സ്പാരോ സ്ഥാനത്ത് നിന്ന് ഡിസ്നി മാറ്റിയതോടെ താരത്തിന്റെ തലവര മാറിയിരുന്നു. നടന്റെ കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാധീനതകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയൻ മൂവി ഫ്രാഞ്ചൈസിയിൽ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു.

വിവാദജീവിതവും ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെൻ ടെൽ നോ ടേൽസ് അതിലെ ഏറ്റവും കളക്ഷൻ കുറഞ്ഞ ചിത്രമായി മാറുകയും ചെയ്തതോടെയാണ് ഡിസ്നി 2018 ൽ മാറിച്ചിന്തിച്ചത്.

1.-പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ: ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ (2013)

2. ദ് ഡെഡ് മാൻസ് ചെസ്റ്റ് (2006)

3. അറ്റ് വേൾഡ്സ് എൻഡ് (2007)

4. ഓൺ സ്ട്രെയ്ഞ്ചർ ടൈഡ്സ് (2011)

ഡെപ്പിന് പകരം ഡ്വെയിൻ ജോൺസണോ?

പൈറേറ്റ്‌സ ഓഫ് ദ കരീബിയൻ 6 ൽ ജാക് സ്പാരോയെ ജോണി ഡെപ്പിന് പകരം ഡ്വെയിൻ ജോൺസൺ അവതരിപ്പിക്കുമെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഡെപ്പല്ലാതെ മറ്റാരെങ്കിലും, ഈ വേഷം ചെയ്യുന്നത് ആലോചിക്കാനേ വയ്യെന്നാണ് ഫാൻസ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. കേസ് ഡെപ് ജയിച്ച സാഹചര്യത്തിൽ, ഡിസ്‌നി മാപ്പ് പറയണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. ഡ്വെയിൻ ജോൺസൺ വിനയത്തോടെ ഒഴിഞ്ഞുമാറണമെന്നും അവർ ആഗ്രഹിക്കുന്നു.

വിവാഹത്തിനു തൊട്ടുപുറകെ വിവാഹ മോചനവും

2015- ൽ വിവാഹിതരായെങ്കിലും ഡെപ്പും ഹേർഡും തമ്മിലുള്ള ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. 2016 മെയ് 23 ന് ഹേർഡ് തന്നെ ഡെപിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഡെപ്പിന്റെ അമിത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ഒക്കെയാണ് പ്രധാന കാരണമായി പറഞ്ഞിരുന്നത്. കൂടാതെ ഗാർഹിക പീഡനവും വിവാഹമോചനത്തിനുള്ള കാരണമായി പറഞ്ഞിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ഡെപ്പ് തന്റെ നേരെ ഫോൺ വലിച്ചെറിഞ്ഞെന്നും തന്റെ മുഖത്ത് പരിക്കുപറ്റിയെന്നും അവർ വിവാഹമോചന കേസിന്റെ വിചാരണക്കിടെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഗാർഹിക പീഡനങ്ങൾ അന്വേഷിക്കുന്ന പൊലീസ് വിഭാഗം ഇത് പരിശൊധിച്ചെന്നും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വക്താവ് പറഞ്ഞത്.

സാമ്പത്തിക ലാഭം ലാക്കാക്കിയാണ് ഹേർഡ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നായിരുന്നു ഡെപ്പിന്റെ വാദം. ഏതായാലും , 7 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി കേസ് കോടതിക്ക് വെളിയിൽ ഒത്തു തീർപ്പാക്കുകയായിരുന്നു. തങ്ങൾ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നതെന്നും, വിവാഹമോചന ശേഷം പരസ്പരം കുറ്റാരോപണങ്ങൾ നടത്താനില്ലെന്നും ഇരുവരും അന്ന് പറഞ്ഞിരുന്നു. വിവാഹ മോചനത്തിനുള്ള നഷ്ടപരിഹാരമായി ലഭിച്ച 7 മില്യൺ ഡോളർ ഹേർഡ് ചാരിറ്റിക്ക് നൽകിയതായി അവരുമായി അടുത്ത വൃത്തങ്ങൾ പറായുന്നു.

വാഷിങ്ടൺ പോസ്റ്റിലെ ലേഖനവും മാനനഷ്ട കേസും

വിവാഹമോചനത്തിനു ശേഷം പരസ്പരം കുറ്റപ്പെടുത്തുകയില്ലെന്ന് ഒരു കരാർ ഉണ്ടായിരുന്നു. എന്നാൽ, അത് ഏറെക്കാലം പാലിക്കാൻ ഹേർഡിനായില്ല. വാഷിങ്ടൺ പോസിൽ 2018-ൽ എഴുതിയ ഒരു ലേഖനത്തിൽ, ഗാർഹിക പീഡനത്തിന്റെ പൊതുമുഖമാണ് താൻ എന്ന് ആംബർ എഴുതി. 2019 ൽ ഇതിനെതിരെ ജോണി ഡെപ്പ് 50 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്നൽകുകയായിരുന്നു. താൻ ഒരിക്കലും ഹേർഡിനെ പീഡിപ്പിച്ചിട്ടില്ലെന്നും ഹേർഡിന്റെ ഈ ആരോപണം പൊതുമനസ്സിൽ ഇടം കണ്ടെത്താനുള്ള ഒരു വിപുലമായ വ്യാജപ്രചാരണമാണെന്നുമായിരുന്നു ഡെപ് കോടതിയിൽ ബോധിപ്പിച്ചത്.

ആറാഴ്‌ച്ചക്കാലത്തെ വിചാരണ

കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ തീർത്തും പരസ്യമായ വിചാരണ തന്നെയായിരുന്നു നടന്നത്. ഈ വിചാരണയ്ക്കിടയിലായിരുന്നു ആംബർ ഹേർഡ് തനിക്കേറ്റ പീഡനങ്ങൾ തുറന്നു പറഞ്ഞത്. ആസ്‌ട്രേലിയൻ യാത്രയ്ക്കിടെ ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചതും അതുപോലെ തന്റെ ലൈംഗികാവയവത്തിൽ ബിയർബോട്ടിൽ ഉപയോഗിച്ച് പീഡനം നടത്തിയതുമെല്ലാം വർ കോടതിയിൽ വിവരിച്ചു.

വീടിനുള്ളിൽ പലപ്പൊഴയി സഹിക്കേണ്ടിവന്ന ക്രൂര മർദ്ദനങ്ങളുടേ കഥകളുംഹേർഡ് കോടതിയിൽ വിവരിച്ചിരുന്നു. ഡെപ് ഹേർഡിനെ മർദ്ദിച്ചതായി സമ്മതിക്കുന്ന ഒരു ടെലെഫോൺ സംഭാഷണത്തിന്റെ ക്ലിപ്പും കോടതിയിൽ ഹാജരാക്കിയിരുന്നു. അതുപോലെ ഡെപിന്റെ മുൻ പങ്കാളികളും ഏതാണ്ട് ആംബറിന്റെ വാദത്തെ പിന്താങ്ങുന്ന രീതിയിലുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അവഗണന നിറഞ്ഞ ബാല്യകാലവും, അമ്മയുടെ കൈകളിൽ നിന്നേൽക്കേണ്ടി വന്ന ക്രൂരതകളും ഡെപിനെ സ്ത്രീ വിദ്വേഷിയാക്കി എന്നുവരെ ഹേർഡ് ആരോപിച്ചിരുന്നു.

അതേസമയം, പീഡന കുറ്റങ്ങൾ എല്ലാം നിഷേധിച്ച ഡെപ്, തന്റെ ഭാര്യയായി തുടരുമ്പോൾ തന്നെ ഹേർഡിന് ചില അവിഹിത ബന്ധങ്ങളും ഉണ്ടായിരുന്നതായി ഡെപും ആരോപിച്ചിരുന്നു. അതിനിടയിൽ ഭാര്യാ മർദ്ദകൻ എന്നപേരിൽ ഡെപിനെതിരെ ഒരു ലേഖനം സൺ മാസികയിൽ പ്രത്യക്ഷപ്പെട്ടു. ഡെപ് ഇതിനെതിരെ കേസ് കൊടുത്തെങ്കിലും ആ കേസ് തള്ളിപോവുകയായിരുന്നു. ഇത് ഹേർഡിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

അതേസമയം, ഈ കേസും അതിനെ തുടര്ന്നുള്ള പത്രവാർത്തകളുമൊക്കെ ജോണി ഡെപ്പിന്റെ തൊഴിൽ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് 3 യിൽ നിന്നും ഡെപിനോട് പിന്മാറാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. മറ്റുപല അവസരങ്ങളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെപ്പറഞ്ഞിരുന്നു. മാത്രമല്ല, ഒരു സ്ത്രീ പീഡകൻ എന്ന ഒരു പ്രതിച്ഛായ ഇത് ഡെപിന് നൽകി. ഇത് അദ്ദേഹത്തിന്റെ ആരാധകരുടേ എണ്ണത്തിൽ ഇടിവുണ്ടാക്കുകയും ചെയ്തു.

വിചാരണയും വിധിയും

വിചാരണക്കിടയിൽ വളരെ വിചിത്രമായ പല കാര്യങ്ങളും ഉയർന്നു വന്നു. ഗൃഹത്തിലെ യഥാർത്ഥ പീഡക ആംബർ ഹേർഡ് ആണെന്ന രീതിയിൽ വരെ ചില കഥകൾ കോടതിയിൽ എത്തി. അതിനിടെ ഡെപിൽനിന്നും വിവാഹമോചന സമയത്ത് നഷ്ടപരിഹാരമായി ലഭിച്ച 7 മില്യൺ ഡോളറിൽനിന്നും നൽകാമെന്ന് പറഞ്ഞ 3.5 മില്യൺ ഡോളറിൽ 1.3 മില്യൺ ഡോളർ മാത്രമെ ഹേർഡ് നൽകിയിട്ടുള്ളു എന്ന് ഒരു ചാരിറ്റി സംഘടന വെളിപ്പെടുത്തുകയും ചെയ്തു.

അതിനിടെ ഡെപ് ഹേർഡിനെ നിർബന്ധിച്ച് വദനസൂരതം ചെയ്യിക്കുമായിരുന്നു എന്നും ഒരിക്കൽ ബിയർ കുപ്പി ഉപയോഗിച്ച് ഹേർഡിനെ പീഡിപ്പിച്ചു എന്നും ഒരു മാനസിക രോഗ വിദഗ്ദൻ കോടതിൽ പറഞ്ഞു. ഇതേതുടർന്ന് ഹേർഡ് മാനസികമായി തകർന്നു എന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക ഡെപിന്റെ ഒരു വിനോദമാണെന്നും ഈ മനഃശ്ശാസ്ത്രജ്ഞൻ കോടതിയിൽ പറഞ്ഞിരുന്നു. അതുപോലെ കലഹങ്ങൾ ഉണ്ടാകുമ്പോൾ സ്വയം പരിക്കെൽപിച്ച് രക്തസാക്ഷി ചമയുന്ന സ്വഭാവവും ഡെപ്പിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, സഹസ്ര കോടീശ്വരൻ എലൻ മസ്‌കുമായി താൻ ബന്ധം പുലർത്തിയിരുന്ന കാര്യം ഹേർഡ് കോടതിയിൽ സമ്മതിച്ചു. അങ്ങനെ വാദപ്രതിവാദങ്ങളുമായി ആറാഴ്‌ച്ചത്തെ വിചാരണയ്‌ക്കൊടുവിൽ ഇന്നലെയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഇരുവരും പരസ്പരം മാനഹാനി വരുത്തി എന്ന് നിരീക്ഷിച്ച കോടതി 15 മില്യൺ ഡോളർ ഡെപിനു നൽകാനും 2 മില്യൺ ഡോളർ ഹേർഡിന് നൽകാനും വിധിക്കുകയായിരുന്നു.