- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലെ എല്ലാ താര പാർട്ടികളിലും കൊക്കെയിൻ ഉണ്ടെന്ന് വെളിപ്പെടുത്തി ഏവരെയും ഞെട്ടിച്ചു; ബോളിവുഡിലെ ഒരു സഹനടൻ മയക്കുമരുന്ന് നൽകി തന്നെ ഉപയോഗിച്ചുവെന്നും തുറന്നുപറച്ചിൽ; രക്തം പരിശോധിച്ച് ഡ്രഗ് അഡിക്റ്റല്ല എന്ന തുറന്നുപറയാൻ സൂപ്പർ താരങ്ങളെ വെല്ലുവിളിച്ചു; ബോളിവുഡിലെ സ്വജനപക്ഷപാതിത്വത്തിനെതിരെ പോരാടി; സുശാന്ത് കേസിൽ ശിവസേനയുമായി ഇടഞ്ഞപ്പോൾ മുംബൈയെ ഉപമിച്ചത് പാക് അധിനിവേശ കശ്മീരിനോട്; കങ്കണ റണ്ണൗത്ത് ആരെയും കൂസാത്ത പെൺപുലി
മുംബൈ: ഒരു ചലച്ചിത്ര നടിയായിരുന്നു ഇന്ന് ദേശീയമാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റിയത്. മുംബൈയിലെ കൊലകൊമ്പന്മാർ ഒന്നിച്ച് എതിർത്തിട്ടു നിലപാട് മാറ്റാത്ത ആ പെൺപുലിയാണ് കങ്കണ റണ്ണൗത്ത് എന്ന 33കാരിയായ ബോളിവുഡ് നടി. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെയും പൊലീസിനെയും നിശിതമായി വിമർശിച്ച കങ്കണയുടെ മുംബൈയിലെ കെട്ടിടം അധികൃതർ പൊളിച്ചത് വൻ വിവാദമാണ് ഉണ്ടാക്കിയത്. ഇപ്പോൾ കെട്ടിടം പണിക്ക് നടി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്.
എന്നും ബിജെപി.ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന കങ്കണ മുംബൈയ്ക്കും ശിവസേനക്കും പൊലീസിനുമെതിരേ ശക്തമായ വിമർശനമുന്നയിച്ചതാണ് വിവാദമായത്. മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.ജീവിക്കാൻ പറ്റാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു
ഇതോടെ മഹാരാഷ്ട്രയിലെ സകല പാർട്ടികളും കങ്കണക്ക് എതിരായി. മഹാനഗരത്തിൽ ഇവരെ കാലുകുത്താൻ പോലും അനുവദിക്കില്ലെന്നാണ് ശിവസേന അടക്കമുള്ള പാർട്ടികൾ പറയുന്നത്. എന്നാൽ പതിവുപോലെ കങ്കണ അതും പുച്ഛിച്ച് തള്ളുകയാണ്. ബാന്ദ്രയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്നാണ് കോർപറേഷൻ വാദം. എന്നാൽ മണികർണിക ഫിലിംസ് ഓഫീസിൽ റെയ്ഡ് നടത്തിയത് ഉൾപ്പെടെയുള്ള നടപടികൾ ശിവസേന സർക്കാരിന്റെ പ്രതികാരമാണെന്നാണ് കങ്കണയുടെ ആരോപണം.
അതേസമയം തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമാണെന്നാണ് കങ്കണയുടെ വാദം. 'മണികർണികയ്ക്ക്' മുമ്പ് അയോധ്യ പശ്ചാത്തലമാക്കി ഒരു ചിത്രത്തെപ്പറ്റി ആലോചിച്ചിരുന്നു. ഇത് വെറുമൊരു കെട്ടിടമല്ല. രാമക്ഷേത്രം തന്നെയാണ്. ഇന്ന് അവിടെ ബാബർ എത്തി. ചരിത്രം ആവർത്തിക്കപ്പെടുന്നു. തകർത്ത രാമക്ഷേത്രം വീണ്ടുമുയർത്തുകയാണ് നമ്മൾ. ബാബറിനെ ഓർക്കുക, തകർത്തതെല്ലാം വീണ്ടും നിർമ്മിക്കും' -കങ്കണ ട്വീറ്റ് ചെയ്തു. ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിലും നടിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കങ്കണ തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാൻ പറഞ്ഞിരുന്നു എന്ന നടിയുടെ മുൻ കാമുകൻ അധ്യായൻ സുമന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന എംഎൽഎമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശിവസേന നേതാക്കളായ സുനിൽ പ്രഭു, പ്രതാപ് സർനായിക് എന്നിവർ അധ്യായൻ സുമന്റെ അഭിമുഖത്തിന്റെ പകർപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു.അതേസമയം 'മുംബൈയ് പൊലീസുമായി സഹകരിക്കുമെന്നും പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ എന്നന്നേക്കുമായി മുംബയ് വിടുമെന്നും' കങ്കണ പ്രതികരിച്ചു.
കങ്കണയുടെ ലഹരിമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനും മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന നടൻ അധ്യയൻ സുമന്റെ പഴയ വെളിപ്പെടുത്തലാണ് പൊലീസ് അന്വേഷിക്കുക. അധ്യയൻ മുമ്പ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശിവസേന എംഎൽഎമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരിമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിച്ചായിരുന്നു ശിവസേന എംഎൽഎമാരുടെ പരാതി.
നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന് ശിവസേന നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്. കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ, കേന്ദ്രസർക്കാർ നടിക്ക് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാറിന്റെയും ബിജെപിയുടെയും പിന്തുണ കങ്കണക്ക് ഉണ്ട്. അതേസമയം കങ്കണക്ക് ഇത്തരം വിവാദങ്ങളൊന്നും പുത്തരിയല്ലെന്ന് അവരുടെ ജീവിതത്തിലൂടെ കടന്നുപോയാൽ വ്യക്തമാവും.
നാടകത്തിലൂടെ സിനിമയിലേക്ക്
നാടകത്തിലൂടെ സിനിമയിൽ എത്തിയ പടിപടിയായി ലൈം ലൈറ്റിലേക്ക് വന്ന നടിയാണ് കങ്കണ. ജനനം മാർച്ച് 20, 1987ന്, സ്കൂൾ ടീച്ചറായ ആശയുടെയും ബിസിനസ്സുകാരനായ അമർദീപിന്റെയും മകളായി ഹിമാചലിലാണ് ജനനം. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. കങ്കണ തന്റെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്.
പഠനം കഴിഞ്ഞ് നാടകത്തിലാണ് അവൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് അവൾ ശ്രദ്ധിക്കപ്പെടുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.. കങ്കണയുടെ വേഷവും ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം. ഫിലിം ഫെയർ അവാർഡുകൾ അടക്കമുള്ള നിരവധി അവാർഡുകളും അവർക്ക് കിട്ടിയിട്ടുണ്ട്.
പക്ഷേ അഭിനയത്തേക്കാൾ ഉപരിയായി കങ്കണ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ വിവാദ ട്വീറ്റുകളിലൂടെ ആയിരുന്നു. നടൻ സുശാന്ത് സിങ്് രജ്പുതിന്റെ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താൻ അവർ നിരന്തരം ഇടപെട്ടു. സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്നും ഖാൻ- കപുർ ടീമിന്റെ സ്വജനപക്ഷപാതിത്വത്തിന്റെ ഇരയാണ് സുശാന്ത് എന്നും ആദ്യം പറഞ്ഞത് കങ്കണയാണ്. ഇത് വലിയ കൊടുങ്കാറ്റാണ് ഹിന്ദി സിനിമയിൽ ഉണ്ടാക്കിയത്.
സുശാന്തിനെ കൊന്നത് വിവേചനം
'സുശാന്തിന് ഗോഡ്ഫാദർമാരില്ലായിരുന്നു. ഒരുഘട്ടത്തിൽ ബോളിവുഡിൽ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായി'-കങ്കണ ആരോപിച്ചു. സംവിധാകൻ കരൺ ജോഹറും നടി ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചതും കങ്കണ എടുത്തിട്ടു.
ചാറ്റ് ഷോയിൽ സുശാന്ത് സിങ് രാജ്പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്പുത്, അതാരാ' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. കങ്കണ ഇക്കാര്യം ഓർമ്മിപ്പിച്ചതോടെ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ നിരവധി പേർ പ്രതികരിച്ചു. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെൻഡിങ് ആയതിന് പിന്നിലും കങ്കണയുടെ ഇടപെടൽ ആയിരുന്നു. കങ്കണ റണൗത്ത് ഒരഭമിമുഖത്തിൽ പറഞ്ഞ പ്രസക്ത ഭാഗങ്ങളിങ്ങനെയാണ്. 'പത്തു വർഷങ്ങൾക്കു ശേഷമാണ് എനിക്ക് ഒരു വിമർശകനെ ലഭിച്ചത്. പത്തുവർഷങ്ങൾക്കു മുമ്പ് ഞാൻ മരിച്ചോ ജീവനോടെയുണ്ടോ എന്ന് ആരും നോക്കിയിരുന്നില്ല. നിങ്ങളുടെ വിമർശകരെ പോലും നിങ്ങൾ നേടിയെടുക്കേണ്ടതാണ്.'
'നിങ്ങൾ തുടങ്ങുന്ന പോയിന്റ് (താരങ്ങളുടെ മക്കൾ) എന്നത് ഒരു ഔട്ട്സൈഡർ അവരുടെ ജീവിതകാലം കൊണ്ട് നേടിയെടുക്കാത്തിടത്തു നിന്നാണ്,''ഈ കുട്ടികൾക്ക് ( താരങ്ങളുടെ മക്കൾക്ക്) അവരുടെ ചെറുപ്പകാലത്ത് തന്നെ ഓഡിഷനു വേണ്ടി തയ്യാറെടുപ്പിക്കുന്നു. ഫൈറ്റിങ് ക്ലാസുകൾ, ഭാഷാക്ലാസുകൾ തുടങ്ങിയവ ലഭിക്കുന്നുണ്ട്. തീർച്ചയായും അത് ഒരു ചലനം ഉണ്ടാക്കും,' കങ്കണ റണൗത്തും കരൺ ജോഹറും തമ്മിൽ സ്വജന പക്ഷപാതത്തെ ചൊല്ലി പല സന്ദർഭങ്ങളിലും വാഗ്വാദവും നടന്നിട്ടുണ്ട്. കരണിന്റെ ഷോയിൽ വെച്ച് തന്നെ കങ്കണ നിങ്ങൾ സ്വജനപക്ഷ പാതത്തിന്റെ കൊടി പിടിച്ചു നടക്കുന്നയാളാണെന്ന് തുറന്നടിക്കുകയും ചെയ്തു. അന്ന് ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചെങ്കിലും പിന്നീട് കങ്കണ വ്യക്തിപരമായ ആക്രമണങ്ങൾക്കം മറ്റും സ്വജനപക്ഷപാതം എന്ന വാദത്തെ ഉപയോഗിച്ചത് വിമർശനത്തിനും ഇടയാക്കി
കങ്കണ എന്ന വിസിൽ ബ്ലോവർ
സത്യത്തിൽ ബോളിവുഡിലെ വിസിൽബ്ലോവർ എന്ന് പറയാവുന്നത് നടി കങ്കണ റണ്ണൗത്ത് ആണ്. അവരുടെ തുടർച്ചയായി ഇടപെടലാണ് താരാധിപത്യത്തെയും ഡ്രഗ് മാഫിയയെയും പൊതുജനങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ ഇടയാക്കിയ്ത്. ബോളിവുഡ് നടന്മാരായ രൺബീർ കപൂർ, രൺവീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവർക്ക് നേരേയാണ് കങ്കണ രംഗത്തെത്തി. സ്വയം രക്ത പരിശോധന നടത്തി തങ്ങൾ ലഹരിക്കടിമയല്ലെന്ന് ആരാധകരെ അറിയിച്ചൂടെയെന്നാണ് കങ്കണ ഇവരോട് ചോദിച്ചത്.
'രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ, നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുന്നു. ബോളിവുഡിലെ ഡ്രഗ് അഡിക്ട്സ് ആണ് നിങ്ങളെന്ന ഗോസിപ്പുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിച്ച് ഇതിന് മറുപടി നൽകാൻ തയ്യാറാകു'- കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ ഒരു ചലഞ്ച് ഇവർ ഏറ്റെടുക്കുന്നത് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഒരു മാതൃകയാകുമെന്നും കങ്കണ പറയുന്നു.
നേരത്തേ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ നാർകോട്ടിക്സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പി.ആർ ടീം രംഗത്തെത്തിയിരുന്നു.നാർക്കോട്ടിക്സ് ബ്യൂറോ ബോളിവുഡിൽ വന്ന് അന്വേഷണമാരംഭിച്ചാൽ എ-ലിസ്റ്റിൽപ്പെട്ട നിരവധി താരങ്ങൾ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗർത്തങ്ങൾ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,' ടീം കങ്കണ ട്വീറ്റ് ചെയ്തു.താനും മയക്കുമരുന്നിന് വിധേയയായിട്ടുണ്ടെന്നും പ്രശസ്ത സിനിമകളിൽ വേഷം ലഭിച്ചപ്പോഴാണ് ഇവിടങ്ങളിലെ വലിയ രീതിയിൽ നടക്കുന്ന ദുഷിച്ച മാഫിയകളെക്കുറിച്ച് അറിയുന്നതെന്നും ട്വീറ്റിൽ പറഞ്ഞു. സിനിമാ മേഖലയിnd] കൂടുതലായും ഉപയോഗിച്ച് വരുന്നതുകൊക്കൈൻ ആണെന്നും ടീം കങ്കണ മറ്റൊരു ട്വീറ്റിൽ പറയുന്നു.
ഞാനും മയക്കുമരുന്നിന്റെ ഇര
എല്ലാ ഹൗസ് പാർട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങൾ ഈ പാർട്ടിയിൽ ആദ്യമായി വരികയാണെങ്കിൽ നിങ്ങൾക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലക്കി നിങ്ങൾക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,' ടീം കങ്കണ പറഞ്ഞു. നാർക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാൻ താൻ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടർച്ചയായി വന്ന ട്വീറ്റിൽ പറഞ്ഞു. 'കേന്ദ്ര സർക്കാരിൽ നിന്നും സംരക്ഷണം ലഭിക്കുമെങ്കിൽ നാർക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാൻ ഞാൻ തയ്യാറാണ്. എന്റെ കരിയർ മാത്രമല്ല, ജീവൻ കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങൾ അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,'-ടീം കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
ബോളിവുഡിലെ തുടക്ക കാലത്ത് ഒരു സ്വഭാവ നടനിൽ നിന്നും ഉണ്ടായ ദുരനുഭവം നടി കങ്കണ തുറന്നു പറഞ്ഞു. ഒരു സഹനടൻ തനിക്ക് മയക്കുമരുന്ന് നൽകുകയും ദുരുപയോഗം ചെയ്തെന്നുമാണ് കങ്കണ പറയുന്നത്. 16-ാം വയസ്സിൽ മണാലിയിൽ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാൾ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്.മുംബൈയിൽ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടിൽ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.'അയാൾ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാൽ എന്നെ ആ വീട്ടിൽ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകൾ അപ്പപ്പോൾ ആയാൾക്കു വിവരം നൽകിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കൽ പോലെ അനുഭവപ്പെട്ടു.
' അയാൾ എന്നെ പാർട്ടികൾക്കു കൊണ്ടു പോയി. ഒരിക്കൽ വല്ലാതെ കൂടിയ സമയത്ത് ഞങ്ങൾ തമ്മിൽ അടുത്തു. ഇത് ഞാൻ ബോധപൂർവം ചെയ്തതല്ലെന്ന് പിന്നീട്് മനസ്സിലായി. എനിക്ക് വലിയ അളവിൽ ഡ്രിങ്ക്സ് നൽകിയിരുന്നു,''ഈ സംഭവം ഒരാഴ്ചയ്ക്കുള്ളിൽ അയാളെന്റെ സ്വയം പ്രഖ്യാപിത ഭർത്താവായി. നിങ്ങളെന്റെ കാമുകനല്ലെന്ന് പറഞ്ഞാൽ അയാളെന്നെ ചെരുപ്പ് കൊണ്ട് തല്ലുമായിരുന്നു,' കങ്കണ പറഞ്ഞു.ദുബായിൽ നിന്നുള്ള ചിലരുമായുള്ള മീറ്റിംഗുകളിൽ അയാൾ തന്നെ കൊണ്ടു പോയെന്നും തന്നെ ഇവരുടെ ഇടയിൽ തനിച്ചാക്കി ഇയാൾ പോവുമായിരുന്നെന്നും തന്നെ ദുബായിലേക്ക് കടത്തുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും കങ്കണ പറഞ്ഞു.
ഈ തുറന്നടിച്ച വർത്തമാനങ്ങുടെ എല്ലാം ദോഷ ഫലങ്ങൾ കങ്കണ അനുഭവിക്കുകയുമാണ്. അവർ മഹാരാഷ്ട്ര സർക്കാാറിന്റെ നോട്ടപ്പുള്ളിയാണിപ്പോൾ. അവരുടെ ഓഫീസ് പൊളിച്ച് കളഞ്ഞതിനുപിന്നിലും സൂപ്പർ താരങ്ങളുടെയടക്കം കറുത്ത കരങ്ങൾ ഉണ്ടെന്ന് വ്യക്തം. പക്ഷേ കങ്കണ അതൊന്നും കൂസുന്നില്ല. ധൈരന്യമായി നേരിടുമെന്നാണ് അവർ പറയുന്നത്.
സംരക്ഷണവുമായി ഹിമാചൽ സർക്കാർ
ബോളിവുഡ് നടി കങ്കണ റണൗട്ടിന് മുംബൈയിലും സുരക്ഷ നൽകാൻ തീരുമാനിച്ച് ഹിമാചൽ സർക്കാർ. സെപ്റ്റംബർ ഒൻപതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് അവിടേയും സുരക്ഷ ഒരുക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു. ബിജെപി നിയമസഭാ സമ്മളേനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കങ്കണ ഹിമാചൽ പ്രദേശിന്റെ മകളാണെന്നും അതിനാൽ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സർക്കാരിനോട് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതായും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യം ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി ഫോണിൽ തന്നെ ബന്ധപ്പെട്ടിരുന്നു. പിതാവ് സുരക്ഷ ആവശ്യപ്പെട്ട് കത്തെഴുതിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കങ്കണയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കങ്കണയ്ക്ക് ഹിമാചൽ സർക്കാർ സുരക്ഷയൊരുക്കുന്നത്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ