ഇടുക്കി: വണ്ടന്മേട് പഞ്ചായത്ത് 12-ാം വാർഡിൽ നിന്നും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചയാളാണ് ഭർത്താവിനെ മയക്കു മരുന്നു കേസിൽ കുടുക്കുന്നതിന് വേണ്ടി കാമുകനൊപ്പം ചേർന്ന് പദ്ധതി നടപ്പാക്കിയ സൗമ്യ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി കോൺഗ്രസുകാരാണ് സൗമ്യയെ ആദ്യം സമീപിച്ചത്. പക്ഷേ, നറുക്കു വീണത് സിപിഎമ്മുകാർക്കായിരുന്നു.

ഓട്ടോറിക്ഷ ചിഹ്നത്തിൽ 12-ാം വാർഡിൽ മത്സരിച്ച സൗമ്യ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള വിജയമാണ് നേടിയത്. പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സൗമ്യ എന്ന് പറയുന്നു. ഈ നേതാവ് മുഖേനെയാണ് സിപിഎം സൗമ്യയെ സ്ഥാനാർത്ഥിയാക്കിയത്.

12-ാം വാർഡിൽ തന്നെ പെട്ടയാളാണ് സൗമ്യയുടെ കാമുകൻ വിനോദ്. സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് പ്രവാസിയായ വിനോദ്. കൊച്ചറ പാർദാൻ മുക്കിലാണ് വീട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎം മണിയുടെ പ്രചാരണത്തിനായി വലിയ തുക സംഭാവന ചെയ്തയാളാണ് വിനോദെന്നാണ് പറയപ്പെടുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഒരേ വാർഡുകാരായ ഇരുവരും തമ്മിൽ അടുക്കുന്നത്.

ഇടയ്ക്കിടെ ഗൾഫിൽ നിന്ന് നാട്ടിലെത്താറുള്ള വിനോദ് സൗമ്യയുമായി എറണാകുളത്തെ ഹോട്ടലിൽ തങ്ങുന്നത് പതിവായിരുന്നു. പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കായി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത്. വിനോദുമായി ഒരു തവണ ഹോട്ടലിൽ വച്ച് സൗമ്യയെ കണ്ടയാൾ വീഡിയോ എടുത്ത് ഭർത്താവിന് അയച്ചു കൊടുത്തിരുന്നു. ഇതിന്റെ പേരിൽ ഭർത്താവ് സുനിലുമായി വഴക്കുമുണ്ടായി.

ഇടവകപ്പള്ളിയിലെ പുരോഹിതൻ മധ്യസ്ഥത വഹിച്ചാണ് പ്രശ്നങ്ങൾ പറഞ്ഞു തീർത്തത്. പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വച്ച് വീട്ടമ്മയായി കഴിയണമെന്ന് ഭർത്താവ് നിബന്ധന മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സുനിലിനെ തട്ടാൻ സൗമ്യയും വിനോദും ഗൂഢാലോചന നടത്തിയത്. വണ്ടി ഇടിപ്പിച്ചോ സയനൈഡ് കൊടുത്തോ കൊല്ലാനായിരുന്നു ആലോചന. പിന്നീട് അത് വലിയ കുഴപ്പമാകുമെന്ന് കണ്ട് പിന്മാറി.

അതിന് ശേഷമാണ് മയക്കുമരുന്ന് വച്ച് പിടിപ്പിക്കാൻ പദ്ധതി തയാറാക്കിയത്. ഇതനുസരിച്ചാണ് കഴിഞ്ഞ 18 ന് സൗമ്യയ്ക്ക് വിനോദ് എംഡിഎംഎ എത്തിച്ചു നൽകിയത്. ഷാനവാസ് ഷെഹിൻഷാ എന്നീ രണ്ടു സുഹൃത്തുക്കൾ മുഖേനെ നൽകിയ മയക്കുമരുന്ന് സൗമ്യ ഭർത്താവ് സുനിലിന്റെ സ്‌കൂട്ടറിൽ ഒളിപ്പിച്ചു. അതിന് ശേഷം ചിത്രമെടുത്ത് വിനോദിന് അയച്ചു. ഗൾഫിൽ ഇരുന്നു കൊണ്ട് വിനോദ് അത് പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അയച്ചു കൊടുക്കുകയായിരുന്നു. സൗമ്യയ്ക്ക് രണ്ടു മക്കളുണ്ട്. വിനോദിന് ഒരു കുട്ടിയാണുള്ളത്. പത്തനംതിട്ടയിലെ സിപിഎമ്മിന്റെ നേതാവുമായുള്ള ബന്ധം വിനോദിന് അറിയില്ലായിരുന്നുവെന്ന് പറയുന്നു. എന്തായാലും സൗമ്യയുടെ അറസ്റ്റ് സിപിഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.