കോഴിക്കോട്; താമരശ്ശേരി ഡിവൈഎസ്‌പി ഇപി പൃഥ്വീരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത് കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലായി നിരവധി മോഷണങ്ങൾ നടത്തിയ അന്തർ സംസ്ഥാന മോഷണ സംഘത്തെ. നിലമ്പൂർ മമ്പാട് പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ് (46), വയനാട് പാട്ടവയൽ പട്ടാറ അമരക്കുനി വീട്ടിൽ ബജീഷ് എന്ന മണി (41) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഇരുവരും സംസ്ഥാനത്തിനകത്ത് നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. മലയോര മേഖലയിലെ വീടുകളിലും മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിലുമാണ് ഇരുവരും സ്ഥിരമായി മോഷണം നടത്തിയിരുന്നത്. പള്ളികളിലെ നേർച്ചപ്പെട്ടികളും ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തലും പതിവായിരുന്നു. വീടുകളിൽ നിന്ന് റബ്ബർ ഷീറ്റുകളും മറ്റ് മലഞ്ചരക്കുകളും മോഷ്ടിച്ചിരുന്നു, മുക്കം മാമ്പറ്റയിലെ വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം രണ്ടിനാണ് ഇരുവരും പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നതിനിടയിൽ അതുവഴി പട്രോളിങ് നടത്തിയ തിരുവമ്പാടി പൊലീസിനെ കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. നേർച്ചപ്പെട്ടി പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരയും മറ്റ് ഉപകരണങ്ങളും സംഭവ സ്ഥലത്തുനിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും കൂടരഞ്ഞി പള്ളിയുടെ സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

ബൈക്ക് ഉപേക്ഷിച്ചാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. അന്നു രാത്രി തന്നെ മറ്റൊരു വീട്ടിൽ നിന്ന് ബൈക്കും കാരമൂലയിലെ മറ്റൊരു വീട്ടിൽ നിന്നും ബൈക്കിൽ കൊണ്ടുപോകാൻ കഴിയുന്നത്ര റബ്ബർ ഷീറ്റുകളും പ്രതികൾ മോഷ്ടിച്ചു. ഈ ബൈക്ക് പിന്നീട് താമരശ്ശേരി ചുങ്കത്തുള്ള ലോഡ്ജിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. റബ്ബർ ഷീറ്റുകൾ താമരശ്ശേരിയിലെ കടയിൽ വിൽപന നടത്തുകയും ചെയ്തു.

മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. 10 മാസങ്ങൾക്ക് മുമ്പാണ് ജിമ്മിജോസഫ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കോഴിക്കോട്, കണ്ണൂർ, വയനാട്,മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നടന്ന മോഷണക്കേസുകളിലും കള്ളനോട്ട് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ആ വർഷം ആഗസ്തിലാണ് ബിജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് കേസിൽ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. ഇരുവരും ഒരുമിച്ചതിന് ശേഷം കോഴിക്കോട് മലപ്പുറം ജില്ലകളുടെ മലയോര മേഖലകളിൽ നിരവധി മോഷണങ്ങൽ നടത്തിയിട്ടുണ്ട്. കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ ആൾത്താമസമില്ലാത്ത വീടുകളിലും മുത്തേരി, അഗസ്ത്യന്മൂഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്കു കടകളിലും ഇവർ ഇരുവരും ചേർന്ന് കവർച്ച നടത്തിയിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.