നൽഗൊണ്ട : സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ നായ്ക്കളെന്ന് വിളിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു. നൽഗൊണ്ട ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് നിവേദനം നൽകാനെത്തിയ സ്ത്രീകളോട് മുഖ്യമന്ത്രി അപമര്യാദയോടെ പെരുമാറിയത്.

സ്ത്രീകൾ ഉൾപ്പടെയുള്ള ഒരു സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാനായി ഇവിടെ എത്തിയിരുന്നു. തുടർന്ന് ഇവർ ബഹളം വയ്ക്കുകയായിരുന്നു.നിവേദനം കൈപ്പറ്റിയിട്ടും പരാതിക്കാർ ബഹളം കൂട്ടുന്നത് കണ്ടാണ് മുഖ്യമന്ത്രിക്ക് ദേഷ്യം വന്നത്. ധാരാളം ആളുകളെ താൻ കണ്ടിട്ടുണ്ടെന്നും നിങ്ങളെ പോലെ ധാരാളം നായ്ക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിൽക്കണമെങ്കിൽ ബഹളം വയ്ക്കാതെ ശാന്തരാവണമെന്നും, നിവേദനം നൽകിയവർ ശല്യപ്പെടുത്താതെ പോകണമെന്നും ചന്ദ്രശേഖർ പറഞ്ഞു.

പ്രതിഷേധക്കാരെ നായ്ക്കളെന്ന് വിളിച്ച തെലങ്കാന മുഖ്യമന്ത്രിയെ പ്രതിപക്ഷത്തടക്കമുള്ള പ്രമുഖ നേതാക്കൾ വിമർശിച്ചു. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് മറക്കരുതെന്നും, ഇവർ കാരണമാണ് ഇന്ന് ഈ പദവിയിൽ എത്തിയതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും തെലങ്കാന പ്രദേശ് കോൺഗ്രസ് സമിതിയുടെ അദ്ധ്യക്ഷ ചുമതലയുള്ള മാണിക്കം ടാഗോർ വിമർശിച്ചു.