- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ നീനുവിന്റെ വഴിയെ ഹരിതയും; പ്രതികൾക്ക് അർഹമായ ശിക്ഷ കൊടുക്കണം... ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ തന്നെയുണ്ടാകും'; ജാതിയും സാമ്പത്തികവുമായിരുന്നു പ്രശ്നം; വിതുമ്പലോടെ ഹരിതയുടെ വാക്കുകൾ; ദുരഭിമാന കൊലയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പിടിയിലായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി; മരണം രക്തം വാർന്നൊഴുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാലക്കാട്: കോട്ടയത്ത് ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ വഴിയെ തേങ്കുറിശ്ശിൽ ദുരഭിമാന കൊലപാതകത്തിന് ഇരയായ അനീഷിന്റെ ഭാര്യ ഹരിതയും. താൻ ഭർത്താവ് അനീഷിന്റെ വീട്ടിൽ കഴിയുമെന്നും ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകണമെന്നുമാണ് വിതുമ്പലോടെ ഹരിത പറയുന്നത്. അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരിത പറയുന്നു. മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. കേസ് കൊടുത്തതിന്റെ ദേഷ്യം അമ്മാവനുണ്ടായിരുന്നു. അനീഷിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയുമായിരുന്നു പ്രശ്നം. അനീഷിന്റെ വീട്ടിൽ തന്നെയുണ്ടാകുമെന്നും അർഹമായ ശിക്ഷ കൊടുക്കണമെന്നും ഹരിത പ്രതികരിച്ചു.
പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന ആരോപണവും ഹരിത ഉന്നയിച്ചു. ഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും അപ്പോൾ തെരഞ്ഞെടുപ്പിന്റെ തിരക്കാണെന്നായിരുന്നു മറുപടിയെന്നും ഹരിത പറയുന്നു. അനീഷിന്റെ മരണകാരണം രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കാലുകളിലെ ആഴത്തിലുള്ള മുറിവുകൾ രക്തം വാർന്നൊഴുകാൻ കാരണമായെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ സംസ്കരിച്ചു.
ആശുപത്രിയിൽനിന്ന് മൃതദേഹം തേങ്കുറിശ്ശിയിലെ വീട്ടിലെത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട്ടുകാർ സാക്ഷികളായത്. മൂന്ന് മാസം മാത്രം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിൽ യാത്രയായ പ്രിയതമനെ കണ്ട് ഭാര്യ ഹരിത പൊട്ടിക്കരഞ്ഞു. ഇതോടെ കണ്ടുനിന്നവരുടെയും കണ്ണുകൾനിറഞ്ഞു. കണ്ണീരിൽകുതിർന്ന യാത്രാമൊഴികൾക്കൊടുവിലാണ് അനീഷിന്റെ മൃതദേഹം വീട്ടിൽനിന്നും സംസ്കാരത്തിനായി കൊണ്ടുപോയത്.
അതിനിടെ വൈകീട്ടോടെ അനീഷ് കൊലപാതക കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ പ്രഭു കുമാർ, സുരേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള സമ്മർദ്ദമാണ് ആണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി.
അനീഷിന്റെ ഭാര്യ ഹരിത, ബന്ധുക്കൾ എന്നിവരുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമേ ദുരഭിമാനകൊലയാണോ കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് നിലപാട്. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കും. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്ന് പാലക്കാട് എസ് പി പറഞ്ഞു. കേസന്വേഷണത്തിന് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കസ്റ്റഡിയിലുള്ള ഉള്ള അനീഷിന്റെ ഭാര്യ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തി.
വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ പിതാവ് പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരൻ അരുണിനൊപ്പം ബൈക്കിൽ പോവുകയായിരുന്നു അനീഷ്. ഇരുവരും ബൈക്ക് നിർത്തി കടയിൽ കയറിയപ്പോൾ മറ്റൊരു ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അരുണിനെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. വെട്ടേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ