- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയ്‌തൊഴിഞ്ഞ മഴക്കാറിനുള്ളിൽ നിന്ന് സൂര്യ കിരണങ്ങൾ പത്താമുദയത്തിന് ഭൂമിയെ സ്പർശിച്ചു; ഇനിയങ്ങോട്ട് വടക്കിന്റെ മണ്ണിൽ ഉയരുക ചിലമ്പൊലീകളുടെയും ചെണ്ടകളുടെയും താളവും മഞ്ഞക്കുറികളുടെ ഗന്ധവും; തുലാം പത്ത് പിറന്നു: ഉത്തര കേരളത്തിൻ ഇനി കളിയാട്ടക്കാലം
പയ്യന്നൂർ: മറ്റൊരു തുലാപ്പത്ത് കൂടി കടന്നു വരുമ്പോൾ വടക്കൻ കേരളത്തിന് ഇനി മുതൽ കളിയാട്ടക്കാലമാണ് പെയ്‌തൊഴിഞ്ഞ മഴ കാറിനുള്ളിൽ നിന്ന് സൂര്യ കിരണങ്ങൾ പത്താമുദയത്തിന് ഭൂമിയെ സ്പർശിച്ചപ്പോൾ ഇനിയങ്ങോട്ട് വടക്കിന്റെ മണ്ണിൽ ചിലമ്പൊലീക ളുടെയും ചെണ്ടകളുടെയും താളവും മഞ്ഞക്കുറി കളുടെ ഗന്ധവും ഉയരും
ഇടവപ്പാതിക്ക് മണ്ണിൽ നിന്നും വിണ്ണിലേക്ക് മടങ്ങിയ ദേവ കോലങ്ങൾ ഇനിയുള്ള നാളുകളിൽ രാവും പകലും ഉറഞ്ഞാടും. രാത്രിയുടെ അന്ധകാരത്തെ ഓലച്ചൂട്ട് കളുടെയും പന്തങ്ങളുടെയും വെളിച്ചം കീറിമുറിക്കും കോവിഡ് ഇല്ലാതാക്കിയ രണ്ട് തെയ്യാട്ടകാലങ്ങൾ വിശ്വാസികളുടെയും തെയ്യ പ്രേമികളുടെ മനസ്സിൽ എന്നും നൊമ്പരമാണ്. കോവിഡിൽ ജീവിതം വഴിമുട്ടിയ തെയ്യം കലാകാരന്മാർ ഉപജീവനത്തിനായി മറ്റു പല ജോലികളിലേക്ക് തിരിയേണ്ടിയും വന്നു.
കാവുകളിൽ ചിലമ്പൊച്ച നിലച്ചുപോയ രണ്ടു വർഷങ്ങൾ പ്രകൃതിയോടിണങ്ങിയ ആചാര അനുഷ്ടാന കലാരൂപമാണ് തെയ്യങ്ങൾ. മുഖത്തെഴുത്ത് മുതൽ അണിയലം വരെ എല്ലാം പ്രകൃതിദത്തമാണ്. ഭക്തരുടെ കണ്ണീരൊപ്പുന്ന അമ്മ ദേവതകളായും, വീര പുരുഷന്മാരായും അവർ കാവുകളിലും കോട്ടങ്ങളിലും കഴകങ്ങളിലും ഉറഞ്ഞാടും.
ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവാണ് കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം. പുത്തരി അടിയന്തരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ മാത്രമായാണ് നടന്നത്. വിവിധ മുച്ചിലോട്ട് കാവുകളിലും ഇത്തവണ ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ ചില ക്ഷേത്രങ്ങളിൽ തെയ്യങ്ങൾ കെട്ടിയാടും പ്രതീക്ഷയാണ് ഓരോ തെയ്യാട്ട കാലവും. മാറി മാറി മാലോകർ ഒത്തു ചേരുന്ന നാളിനായി നാടും നഗരവും പ്രതീക്ഷയോടെ കാതോർക്കുകയാണ് നാടും നാട്ടാരും.
തുലാപ്പത്ത് പിറന്നാൽ വടക്കൻ മലബാറിലെ ഗ്രാമങ്ങളിൽ തോറ്റംപാട്ടുയരുന്ന കാലമായാണ് അറിയപ്പെടുന്നത്. ഇടവപ്പാതി വരെ പിന്നെ തെയ്യക്കാലമാണ്. കാർഷിക സംസ്‌കാരത്തിന്റെ ഓർമകളുണർത്തി വീണ്ടുമൊരു പത്താമുദയം വരുന്ന തൊടെ കാർഷിക സമൃദ്ധിക്കായി പ്രാർത്ഥനയിലാണ് വിശ്വാസികൾ. വടക്കൻ കേരളത്തിൽപ്രാദേശികമായിപത്താതയെന്നു വിളിക്കുന്ന ഈ ദിനത്തിൽ കാവുകളിലും കഴകങ്ങളിലും കോട്ടങ്ങളിലുമെല്ലാം പ്രത്യേക പൂജകളുമുണ്ടാകും.
ജില്ലയിൽ തുലാം ഒന്നിനുതന്നെ കാർഷിക തെയ്യങ്ങൾ അരങ്ങിലെത്തിയെങ്കിലും തെയ്യാട്ടക്കാവുകൾ ഇനിയാണു സജീവമാകുന്നത്. നീലേശ്വരം അഞ്ഞൂറ്റമ്പലം കാവിലാണ് ആദ്യ കളിയാട്ടം. കലയ്ക്കപ്പുറം ഭക്തിയും വിശ്വാസവും നിറയുന്ന അനുഷ്ഠാന രൂപമാണു തെയ്യം. മിക്ക സമുദായങ്ങൾക്കും തന്നെ അവരവരുടെ ആരാധനാമൂർത്തികളായ തെയ്യങ്ങളുണ്ട്. കളിയാട്ടം നടക്കുമ്പോൾ ഇവർക്കെല്ലാം വ്യത്യസ്തമായ ചുമതലകളും ഉണ്ട്. ചെണ്ട മേളങ്ങളോടെ തെയ്യം കെട്ടിയാടുന്നതു മലയൻ, വണ്ണാൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, മാവിലൻ, പുലയൻ, കോപ്പാളൻ, വേലൻ, പരവൻ തുടങ്ങിയ ജാതി സമൂഹങ്ങളാണ്.
വിശ്വാസ സമൂഹത്തിന് രോഗ പീഡകൾ അകറ്റുന്ന, കൃഷിയെ അഭിവൃദ്ധിപ്പെടുത്തുന്ന മൂർത്തികളാണു തെയ്യങ്ങൾ. മലാപ്പിൽ ഭഗവതിയും മടന്തമ്മയും കാടുകാക്കുന്ന തെയ്യങ്ങളാണ്. വയനാട്ടു കുലവൻ, തൊണ്ടച്ഛൻ തെയ്യം, കണ്ടനാർ കേളൻ തുടങ്ങിയവയും പ്രധാനപ്പെട്ടതു തന്നെ. കാസർകോട്ട് കോലങ്ങൾക്ക് അനുഷ്ഠാനം ഏറുമെന്നാണ് പ്രമാണം. കണ്ണൂരിൽ കലശത്തിനാണ് പ്രാധാന്യം. വിതയും വിളവെടുപ്പും കഴിഞ്ഞ് പതിരുനീക്കി നെല്ലളന്നു പത്തായം നിറച്ചശേഷമാണ് മുറ്റത്തെ ചാണകം മെഴുകിയ കളം മുൻപ് കളിയാട്ടങ്ങൾക്കായ് ഒഴിച്ചിട്ടിരുന്നത്.
പത്താമുദയം ആഘോഷിക്കുന്ന ഇന്നത്തെ സൂര്യോദയത്തെ വടക്കൻ കേരളത്തിലുള്ളവർ ഐശ്വര്യത്തിന്റെ ഉദയമായിട്ടാണ് കണക്കാക്കുന്നത്. ചില ക്ഷേത്രങ്ങളിലും കാവുകളിലും വിശേഷാൽ പൂജകളും ഉണ്ടാകും. പത്താമുദയാചരണത്തിലൂടെ ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, സന്താന സൗഖ്യം, ഈശ്വരാനുഗ്രഹം തുടങ്ങി പത്ത് ഐശ്വര്യങ്ങൾ വന്നുചേരുമെന്നാണ് വിശ്വാസം.
മറുനാടന് മലയാളി ബ്യൂറോ