- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ മോഷണങ്ങളിലൂടെ വളർന്ന് വലിയ മോഷ്ടാക്കളായി കുട്ടിക്കള്ളന്മാർ; മഴ പെയ്ത സമയത്ത് അടച്ചിട്ടിരുന്ന ക്ഷേത്രനടയ്ക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കൈക്കലാക്കിയത് ഇരുപതിനായിരത്തോളം രൂപ; സൈക്കിൾ വാങ്ങിയതിന് ശേഷമുള്ള തുക വീട്ടിൽ നിന്ന് കണ്ടെടുത്തു; കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കുട്ടിക്കള്ളന്മാർ പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ
കോന്നി: ക്ഷേത്രങ്ങളിൽ പകൽ മോഷണം തൊഴിലാക്കിയ കൗമാരക്കാർ പിടിയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പകൽ സമയം കുത്തി തുറന്ന സംഭവത്തിലാണ് കുമ്പഴ നിവാസികളായ രണ്ടു കൗമാരക്കാർ പൊലീസ് കസ്റ്റഡിയിലായത്. രണ്ടു പേരെയും പൊലീസ് രഹസ്യമായി ക്ഷേത്രത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ശ്രീകോവിലിന്റെ മുൻഭാഗത്ത് സ്ഥിരമായി വച്ചിട്ടുള്ള വലിയ കാണിക്ക വഞ്ചിയാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്നു പണം അപഹരിച്ചത്. ഉച്ചപൂജ കഴിഞ്ഞു നട അടച്ച ശേഷം വൈകിട്ട് 4.45 ന് തുറന്നു അകത്തു കടന്നപ്പോഴാണ് സോപാനത്തിനു സമീപത്തെ വലിയവഞ്ചി കുത്തി പൊളിച്ച നിലയിൽ കാണപ്പെട്ടതെന്ന് അഡ്‌മിസ്ട്രേറ്റിവ് ഓഫീസർ അരുൺ കുമാർ പറഞ്ഞു.
ഉച്ചയ്ക്ക് കനത്ത മഴ പെയ്ത സമയത്താണ് മോഷണം നടന്നത് എന്ന് കരുതുന്നു. ക്ഷേത്രത്തിൽ സിസിടിവി ഇല്ല. അടുത്തകാലം വരെയുണ്ടായിരുന്ന വാച്ചറെ മലയാലപ്പുഴയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പകരക്കാരനെ നിയമിച്ചെങ്കിലും മോഷണം നടന്ന ശേഷമാണ് ചുമതല എണീറ്റത്. എല്ലാ മാസവും ആദ്യമാണ് കാണിക്ക വഞ്ചി തുറന്ന് പണമെടുക്കുന്നത്. ശരാശരി ഒരു മാസം കാണിക്ക വഞ്ചിയിൽ നിന്ന് 20000 രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കും.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മറ്റു ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ആണ് രണ്ടു പേരെയും പൊലീസ് കണ്ടെത്തിയത്. മോഷ്ടാക്കൾ 17, 15,വയസുള്ള സഹോദരങ്ങളാണ്. തങ്ങൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനാണ് മോഷണം നടത്തിയതെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. കാണിക്ക വഞ്ചിയിൽ നിന്നും മോഷ്ടിച്ച തുകയിൽ നിന്ന് 3000 രൂപ ഉപയോഗിച്ച് സൈക്കിൾ വാങ്ങി. മിച്ചം വന്ന തുക 10, 5 രൂപ നാണയവും 10 രൂപ നോട്ടുകളുമായി ഇവരുടെ കൈയിൽ നിന്നും വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
പത്തനംതിട്ടയിലും സമീപ സ്ഥലങ്ങളിലും മുൻപും ഇവർ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ പ്രായത്തിന്റെ ഇളവിൽ ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഇവരുടെ വിരലടയാളം അന്വേഷണ സംഘത്തിന്റെ ഫയലിൽ ഉണ്ടായിരുന്നതാണ് 48 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്താൻ
സഹായകമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മേജർ ക്ഷേത്രങ്ങളിലൊന്നാണ് കോന്നി ടൗണിനോടു ചേർന്നുള്ള മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രം.
മേളക്കാർ ഉൾപ്പടെ 10 ജീവനക്കാരാണ് ക്ഷേത്രത്തിൽ ഉള്ളത്. കോന്നി ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു അനേഷണം. പൊലീസ് സേനയിലെ ശാസ്ത്രീയ അന്വേഷകരായ ബിജു ലാൽ, ശ്രീജ,രവി, ജയദേവ കുമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്