- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ വിവാഹ മോതിരം കവർന്നു; റിട്ട. എസ്ഐയായ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ മരിച്ച റിട്ട. പൊലീസുകാരന്റെ മൃതദേഹത്തിൽ നിന്നു വിവാഹ മോതിരം മോഷണം പോയ സംഭവത്തിൽ റിട്ട. എസ്ഐയായ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. വട്ടിയൂർക്കാവ് വലിയവിള അഞ്ജനത്തിൽ കെ.കൃഷ്ണൻകുട്ടി (91)യുടെ സ്വർണ മോതിരമാണ് മോഷണം പോയത്.
18 വർഷം മുൻപ് മരിച്ച അമ്മയുടെ ഓർമയ്ക്കായി അച്ഛൻ സൂക്ഷിച്ച വിവാഹ മോതിരമാണിത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: 28ാം വാർഡിൽ ചികിത്സയിലിരിക്കെ മെയ് 30നു പുലർച്ചെയാണ് അച്ഛൻ മരിച്ചത്. മോർച്ചറിയിലേക്ക് കൊണ്ടു പോകും മുൻപ് മോതിരത്തിന്റെ കാര്യം ഡ്യൂട്ടി നഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിരലിൽ ഇറുകി കിടക്കുകയാണെന്നും ഏതെങ്കിലും വിധത്തിൽ ഊരിയെടുത്ത് വാർഡിൽ സൂക്ഷിക്കാമെന്നും പിന്നീട് വന്ന് വാങ്ങിയാൽ മതിയെന്നും അവർ അറിയിച്ചു.
അടുത്ത ദിവസം ബന്ധപ്പെട്ടപ്പോൾ മോതിരം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ആശുപത്രി സൂപ്രണ്ടിനും മോദിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം ഇല്ല. മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽ കോവിഡ് ചികിത്സയിൽ കഴിയവേ മരിച്ച പാങ്ങോട് സ്വദേശി രവി(68)യുടെ സ്മാർട്ട് ഫോണും പണമടങ്ങിയ പഴ്സും മോഷണം പോയതാണ് മറ്റൊരു പരാതി. ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. നന്ദിയോട് ആനക്കുഴി സ്വദേശി സജികുമാറിന്റെ 3000 രൂപയും 12000 രൂപയുടെ ഫോണും മോഷണം പോയതാണ് മറ്റൊരു സംഭവം.
മോഷണം പതിവായതോടെ കോവിഡ് ചികിത്സയ്ക്കായി വരുന്ന രോഗികൾ ആഭരണങ്ങളും വിലപ്പിടിപ്പുള്ള വസ്തുക്കളും ഒഴിവാക്കണമെന്ന ബോർഡ് സ്ഥാപിച്ച് ആരോപണങ്ങളിൽ നിന്നും ഒഴിവാക്കുകയാണ് അധികൃതർ.