തിരുവല്ല: ഏഷ്യയിലെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ആർബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ഭരണം ഇപ്പോൾ യുഡിഎഫിന്റെ കൈവശമാണ്. 1953 ൽ സ്ഥാപിതമായ ബാങ്ക് 1993 വരെ രാഷ്ട്രീയത്തിന് അതീതമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഭരണ സമിതിയിലേക്ക് രാഷ്ട്രീയം കടന്നു വന്നതോടെ ബാങ്കിന്റെ അധോഗതി തുടങ്ങി. പക്ഷേ, ഭരണക്കാരുടെ കൈയിട്ടു വാരലിന്റെ സുവർണകാലം അവിടെ തുടങ്ങി. പ്യൂൺ നിയമനത്തിലൂടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ലക്ഷങ്ങൾ സമ്പാദിച്ചു. നിലവിൽ ബാങ്ക് നഷ്ടത്തിലാണ്. ഏറ്റവും അവസാനത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 3.50 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട ജില്ലയിലെയും സംസ്ഥാനത്തെയും ചുരുക്കം ചില സഹകരണ സംഘങ്ങളിലൊന്നാണിത്. 28 ന് ബാങ്ക് ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇക്കുറി ഭരണം പിടിക്കാനുറച്ച് തന്നെയാണ് എൽഡിഎഫ്. സംസ്ഥാന ഭരണത്തിന്റെ സ്വാധീനം വഴി കള്ളവോട്ടും വ്യാജവോട്ടും വഴി സിപിഎം ഭരണം പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചിട്ടുണ്ട് നിലവിലെ ഭരണക്കാരായ യുഡിഎഫ്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകൻ കെ.ബി പ്രദീപാണ് നിരീക്ഷകൻ.

58,000 അംഗങ്ങളുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അർബൻ ബാങ്കാണ് ഇത്. ഇവിടെ ഭരണം പിടിക്കുക എന്നത് പൊതുതെരഞ്ഞെടുപ്പിനേക്കാൾ വാശിയേറിയതാണ്. ദീർഘ കാലമായി യുഡിഎഫ് ഭരണത്തിലുള്ള ബാങ്ക് ഏത് വിധേനെയും പിടിച്ചെടുക്കാനാണ് എൽഡിഎഫ് ശ്രമം.ഇതിനിടയിൽ ആദ്യമായി മത്സരത്തിന് ബിജെപിയും രംഗത്തെത്തി. വോട്ടെടുപ്പ് അടുക്കുന്നതോടെ ഈ പാനലിന്റെ പ്രവർത്തനം നിർജീവമായതിനാൽ മത്സരം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തമ്മിലാണ്.

നിലവിലെ 58,000 വോട്ടർമാരിൽ 15,000 പേർ വോട്ടിങിന് എത്തിയേക്കുമെന്നാണ് എൽഡിഎഫ് പറയുന്നത്. ശേഷിച്ചവരിൽ വലിയൊരു ശതമാനം വ്യാജവോട്ടർമാരാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു. മറ്റു ബാങ്കുകളുടെ ഭരണം പിടിക്കാൻ എൽഡിഎഫ് അനുവർത്തിച്ചു പോരുന്ന അതേ രീതി തന്നെയാണ് ഭരണം നിലനിർത്താൻ ഇവിടെ യുഡിഎഫ് പ്രയോഗിക്കുന്നത്. വ്യാജ വോട്ടർമാർ, തിരിച്ചറിയൽ കാർഡ് എന്നിവ ഇതിനായി തയാറാക്കി കഴിഞ്ഞു. മുൻപൊരിക്കൽ സിപിഎം സംസ്ഥാന ഭരണം കൈയാളുമ്പോൾ ബാങ്ക് പിടിക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, പരാജയപ്പെട്ടു. ഇക്കുറി ആ ഗതി ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഭരണ സ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് യുഡിഎഫിൽ നിന്നുള്ള മുൻ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ. കെ. ജയവർമയും റെജി തോമസും ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയിരിക്കുന്നത്. ഇതിൻ പ്രകാരമാണ് ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചത്.

വ്യാജ തിരിച്ചറിയൽ കാർഡിന്റെയും കള്ളവോട്ടിന്റെയും പിൻബലത്തിൽ അധികാരം കൈയടക്കി വച്ചിരുന്ന തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിൽപ്പെടുന്ന വിവിധ പഞ്ചായത്തുകളിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർത്ത് തിരിച്ചറിയൽ കാർഡുകൾ കെട്ടുകണക്കിന് തയാറാക്കി രണ്ട് മുൻ പ്രസിഡന്റുമാർ കൈവശം വച്ചിരിക്കുകയാണ്. 58000 ഓളം വോട്ടർമാരാണ് നിലവിൽ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടികയിലുള്ളത്. എൽ.ഡി.എഫ് വീടുവീടാന്തരം നടത്തിയ പരിശോധനയിൽ ഇതിൽ 8000 വ്യാജ വോട്ടർമാരെ കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടിക 15000 വരെയെങ്കിലും ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 18 ലെ ബോർഡു യോഗത്തിൽ മാത്രം 741 അംഗങ്ങളെ പുതുതായി ചേർത്തു. ഇതിൽ പലരുടെയും മേൽവിലാസം വ്യക്തമല്ല.

എൽഡിഎഫ് കണ്ടെത്തിയ വ്യാജ വോട്ടർമാരുടെ പട്ടിക വരണാധികാരികൾക്കും ബൂത്തുതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കൈമാറും. കള്ളവോട്ടിന്റെ പിൻബലത്തിൽ ബാങ്ക് ഭരണം കൈയടക്കാമെന്ന യു.ഡി.എഫ് താത്പര്യം ഇത്തവണ വിലപ്പോവില്ല. ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതിനു പിന്നിൽ മുൻ ഭരണ സമിതിയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. ഭരണസമിതിക്കുണ്ടായ വീഴ്ച മൂലം ഹൈക്കോടതിയാണ് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. ബാങ്കിലേക്ക് സിഇഓയെ നിയമിക്കാൻ ആർബിഐ അനുമതി നൽകിയെങ്കിലും ഇതിന് ബാങ്ക് പൊതുയോഗത്തിന്റെ അംഗീകാരംവാങ്ങാനായില്ല. ഇക്കാരണം കൊണ്ടു തന്നെ സിഇഓ നിയമനം ആർബിഐ അംഗീകരിച്ചില്ല. 1993 മുതൽ യുഡിഎഫ് മാത്രം ഭരിച്ചുവരുന്ന ബാങ്ക് തകർച്ചയിലാണെന്ന് എൽഡിഎഫ് ്കുറ്റപ്പെടുത്തി.

ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. 22 മാനേജർമാരുടെ തസ്തികകളിലും ആളില്ല. ബാങ്കിൽ പ്യൂൺമാരായി നിയമിക്കപ്പെടുന്നവർക്ക് മാനേജർമാരുടെ ചുമതല നൽകിയിരിക്കുകയാണ്. ഭരണ സമിതിയുടെ കൈപ്പിടിയിൽ നിയമനം നിലനിർത്താൻ വേണ്ടിയാണ് മാനേജർമാരുടെ നിയമനം നടത്താതിരിക്കുന്നത്. ബാങ്ക് ശാഖാ കെട്ടിടങ്ങൾ പലതും തകർച്ചയിലാണ്. ആധുനികവത്കരണ നടപടികൾ നടത്തിയിട്ടില്ല. 226 കോടി നിക്ഷേപവും 138 കോടി വായ്പയുമുള്ള ബാങ്കിന്റെ പകുതിയിലധികം നിഷ്‌ക്രിയ ആസ്തിയാണ്. കഴിഞ്ഞ മാർച്ചിൽ 3.4 കോടി രൂപയുടെ നഷ്ടം കാണിക്കുന്നു. ആർബിഐ വിലക്ക് ഏതു നിമിഷവും ബാങ്കിനു വന്നു ചേരാമെന്ന് സഹകരണ സംരക്ഷണ മുന്നണി ഭാരവാഹികളായ ചെയർമാൻ പീലിപ്പോസ് തോമസ്, കൺവീനർ ജി. അജയകുമാർ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽ കുമാർ, ഏരിയ സെക്രട്ടറി പിസി സുരേഷ് കുമാർ എന്നിവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസത്തെ മുഴുവൻ നടപടികളും നിരീക്ഷിച്ച് കൃത്യമായ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നത്. ഇതിനാണ് അഭിഭാഷകനെ നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ നടപടികളും മുഴുവൻ പോളിങ് ബൂത്തുകളിലേയും പോളിങ് നടപടികളും വീഡിയോയിൽ പകർത്താൻ റിട്ടേണിങ് ഓഫീസർക്കും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

വോട്ടവകാശ വിനിയോഗത്തിനു ബാങ്കിന്റെ ഐഡന്റിറ്റി കാർഡിനു പുറമേ വോട്ടറുടെ മറ്റൊരു തിരിച്ചറിയൽ രേഖയും കൂടി ഹാജരാക്കണമെന്ന് നിയമപ്രകാരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് ഉറപ്പാക്കാൻ റിട്ടേണിങ് ഓഫീസർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ദിവസത്തെ എല്ലാ നടപടികളുടെയും മേൽനോട്ടം നേരിട്ട് നിർവഹിക്കുന്നതിന് ജില്ലാ പൊലീസ് സൂപ്രണ്ടിനെ ഹൈക്കോടതി ചുമതലപ്പെടുത്തി. പോളിങ് ബൂത്തുകളിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാന ഭംഗം ഉണ്ടാകില്ലെന്ന് എസ്. പി ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഏതൊരു സാഹചര്യത്തിലും അക്രമമോ സമാധാന ഭ്രംശമോ ഉണ്ടാവാൻ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതെല്ലാം സംബന്ധിച്ച് നിരീക്ഷകന്റെ റിപ്പോർട്ട് പരിഗണിച്ച് കൂടുതൽ ഉത്തരവ് ആവശ്യമെങ്കിൽ അത് നൽകാൻ കേസ് നവംബർ 30ന് പരിഗണിക്കാൻ മാറ്റി. കള്ളവോട്ടും അക്രമവും തടയണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികളും ബാങ്കിന്റെ മുൻ പ്രസിഡന്റുമാരുമായ റെജി തോമസ്,
കെ. ജയവർമ എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ ഇടക്കാല ഉത്തരവ്.