തിരുവല്ല: ഏഷ്യയിലെ ഏറ്റവും വലിയ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണം ഇതാദ്യമായി എൽഡിഎഫ് പിടിച്ചെടുത്തു. ബാങ്കിന്റെ അധികാര പരിധിക്ക് വെളിയിൽ നിന്ന് ബസുകളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരെ ഇറക്കി ഒരാൾ തന്നെ അഞ്ചു വോട്ട് വരെ ചെയ്താണ് ഭരണം പിടിച്ചതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വന്നു. കാമറ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കി വേണം പോളിങ് നടത്താനെന്നുള്ള ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല.

കോടതി നിരീക്ഷകനായി നിയോഗിച്ച അഭിഭാഷകനെ ആ പരിസരത്ത് പോലും കാണാനില്ലായിരുന്നുവെന്ന് ആരോപണം. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് അധികാരത്തിൽ വരുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഉപയോഗിച്ച് കള്ളവോട്ട് വഴി എൽഡിഎഫിന്റെ സഹകരണ സംരക്ഷണ മുന്നണി അധികാരം പിടിക്കുന്നത് നിസഹായതയോടെ നോക്കിൽ നിൽക്കാൻ മാത്രമേ യുഡിഎഫിനായുള്ളൂ.

ഇപ്പോഴില്ലെങ്കിൽ മറ്റൊരിക്കലുമില്ലെന്ന ലക്ഷ്യം മുന്നിൽ കണ്ട് പടയ്ക്കിറങ്ങിയ എൽഡിഎഫ് കണ്ണൂർ മോഡൽ കള്ളവോട്ടിലൂടെ അധികാരം കൈയാളിയപ്പോൾ അമിത ആത്മവിശ്വാസം യുഡിഎഫിന് വിനയായി. അന്തിമഫല പ്രഖ്യാപനം കോടതി നടത്താമെന്ന് നിർദ്ദേശം വന്നെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകിയ നിലവിലെ ബാങ്ക് പ്രസിഡന്റ് റജി തോമസ് അതിന് തയാറായില്ല. വീണ്ടും യുഡിഎഫ് ഭരണത്തിലെത്തുമെന്നും താൻ പ്രസിഡന്റായി തുടരുമെന്ന് വിശ്വസിച്ചിരുന്ന റെജി തോമസിനും കൂട്ടർക്കും വീണ്ടും നീതി തേടി ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ്. സമയം ഒട്ടും കളയാതെ ബാങ്ക് ഭരണം എൽഡിഎഫ് ഏറ്റെടുക്കുകയും ചെയ്തു.

1953 ൽ സ്ഥാപിതമായ ബാങ്ക് ആർബിഐയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 58,000 വോട്ടർമാരാണ് ബാങ്കിലുള്ളത്. വോട്ടു ചെയ്ത 8094 അംഗങ്ങളിൽ 4200 മുതൽ 4300 വരെ വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ 13 പേർ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ശരാശരി വോട്ട് 2600-2700 മാത്രവും. 1600 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഓരോ എൽഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു.
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വോട്ടുചെയ്ത അംഗങ്ങളുടെ വിധി മാനിക്കാൻ യുഡിഎഫ് ഇനിയെങ്കിലും തയാറാകണമെന്ന് സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും കൺവീനർ ജി. അജയകുമാറും പറഞ്ഞു.

വോട്ടിങിലെ മഹാഭൂരിപക്ഷത്തെ കള്ളവോട്ടെന്ന പേര് പറഞ്ഞ് വിജയത്തിന്റെ ശോഭ കെടുത്താനാണ് യുഡിഎഫിന്റെ ശ്രമം. നിരന്തരം കേസുകളിലൂടെ യഥാർത്ഥ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് എല്ലാക്കാലവും ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ ശ്രമിച്ചിട്ടുണ്ട്. 2016-ൽ 70000 അംഗങ്ങളുടെ വോട്ടവകാശം 300-ൽ താഴെ വോട്ടർമാരിലേക്ക് പരിമിതപ്പെടുത്തി കബിൽ സിബിലിനെ പോലെയുള്ള സീനിയർ അഭിഭാഷകരുടെ സേവനം തേടി അനധികൃത വിജയം സാധൂകരിച്ചാണ് ഇത്രകാലവും യുഡിഎഫ്. ഭരണത്തിൽ തുടർന്നത്. ഇപ്പോഴത്തെ ജനവിധി സ്വാഭാവികവും ആധികാരികവുമാണെന്നത് സഹകരണ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ അറിയുന്നവർക്ക് സമ്മതിക്കേണ്ടി വരും.
ഓഹരി തുക ഇരട്ടിയാക്കി അംഗസംഖ്യ പരിമിതപ്പെടുത്താൻ യുഡിഎഫ്. ഭരണസമിതി നടത്തിയ ശ്രമം ഹൈക്കോടതിയാണ് തടഞ്ഞത്. എല്ലാവർക്കും വോട്ടവകാശം ഹൈക്കോടതി ഉറപ്പാക്കി.

വീഡിയോ ക്യാമറ വക്കാൻ കോടതിയിൽ അനുമതി നേടിയവർ പണം അടയ്ക്കാതെ അതിൽ നിന്ന് പിന്മാറിയപ്പോൾ തന്നെ യുഡിഎഫ് പരാജയം അംഗീകരിച്ചു. തങ്ങളുടെ തകർച്ച ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ യുഡിഎഫ്. നേതാക്കൾക്ക് ഇതുപോലെ പല വേഷങ്ങളും കെട്ടേണ്ടി വരും. 58000 ത്തിലേറെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിലുണ്ടായിട്ടും 8094 പേർ മാത്രമേ വോട്ടുചെയ്യാൻ എത്തിയുള്ളുവെന്നത് യഥാർഥ അംഗങ്ങൾ മാത്രമാണ് വോട്ടുചെയ്തതെന്ന് തെളിയിച്ചു. 30 ബൂത്തുകളിലും യുഡിഎഫ് ഏജന്റുമാരും സ്ഥാനാർത്ഥികളും സന്നിഹിതരായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കണ്ണൂർ മോഡലിൽ വ്യാപകമായി കള്ളവോട്ട് ചെയ്ത് ഇരവിപേരൂർ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിടിച്ചെടുത്ത സർക്കാരും സിപിഎമ്മും ജനാധിപത്യം അട്ടിമറിച്ചെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സിപിഎമ്മിന് കള്ളവോട്ട് ചെയ്യാൻ സൗകര്യം ചെയ്തുകൊടുത്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും എസ്‌പി ഉൾപ്പെടെയുള്ള പൊലീസ് ഓഫീസർമാർക്കും എതിരെ നടപടി എടുക്കണം. ഹൈക്കോടതി നിയമിച്ച നിരീക്ഷകനെ നോക്കുത്തിയാക്കി, കോടതി നിർദ്ദേശങ്ങളിൽ ഒന്നുപോലും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെഎസ്എഫ്.ഇ ചെയർമാൻ, എന്നിവരുടെ നേതൃത്വത്തിൽ പോളിങ് ബൂത്ത് അക്ഷരാർഥത്തിൽ പിടിച്ചെടുത്താണ് എൽഡിഎഫിന് വിജയം ഉണ്ടാക്കിയത്. സഹകരണ മന്ത്രി വി എൻവാസവൻ, ജില്ലയിൽ നിന്നുള്ള ആരോഗ്യമന്ത്രി എന്നിവരുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടു നിന്നത്. പോളിങ് ബൂത്തിന് തൊട്ടടുത്ത കെട്ടിടത്തിൽ തിരിച്ചറിയൽ കാർഡ് പരസ്യമായി ഫോട്ടോ ഒട്ടിച്ചും സീൽ ചെയ്തും കൊടുക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ട് പൊലീസ് ഇടപെട്ടില്ല. യഥാർഥ വോട്ടർമാരുടെ മുന്നിൽ വെച്ച് കള്ളവോട്ട് ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചു. നൂറു കണക്കിന് വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് തങ്ങളുടെ വോട്ടുകൾ മറ്റാരോ ചെയ്തെന്ന് മനസിലാക്കിയത്. തിരിച്ചറിയൽ കാർഡ് ഇല്ലാതെ വന്നവരെ പോളിങ് ബൂത്തിലേക്ക് കടത്തിവിടരുത് എന്നു പറഞ്ഞവരെ ഗൂണ്ടകൾ തല്ലിയോടിച്ചു.

ബാങ്കിൽ മെമ്പർമാർ അല്ലാത്ത അടൂർ, കോന്നി, തിരുവല്ല എന്നിവടങ്ങളിൽ നിന്നുള്ള സിപിഎം പ്രവർത്തകരെ ബസുകളിൽ എത്തിച്ചു നഗ്നമായ അട്ടിമറി നടത്തുകയായിരുന്നു. ഈ നാണംകെട്ട വിജയത്തിൽ സിപിഎമ്മിന് അഭിമാനിക്കാൻ ഒന്നുമില്ല. ജില്ലയിൽ തന്നെ പറക്കോട് സർവീസ് സഹകരണ ബാങ്കും അടൂർ അർബൻ ബാങ്കും വകയാർ സർവീസ് സഹകരണ ബാങ്കും പിടിച്ചെടുത്തത് ഇതേ മാതൃകയിലാണ്. ജില്ലയിൽ സിപിഎമ്മിനു വേണ്ടി ബാങ്ക് ഇലക്ഷൻ അട്ടിമറിക്കാനും കള്ളവോട്ട് ചെയ്യാനും ക്രിമിനലുകൾ ഉൾപ്പെട്ട പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘമുണ്ട്. സഹകരണ ഡിപ്പാർട്ടുമെന്റിൽ സിപിഎമ്മിന് ബാങ്ക് പിടിക്കാൻ ഉദ്യോഗസ്ഥ സംഘമുണ്ട്. ഈ ക്രിമിനൽ സംഘങ്ങളാണ് ജില്ലയിലുടനീളം സഹകരണ ബാങ്കുകൾ ജനാധിപത്യം അട്ടിമറിച്ചു പിടിച്ചെടുക്കുന്നത്. കള്ളവോട്ട് ചെയ്ത് അട്ടിമറിക്ക് നേതൃത്വം കൊടുത്ത് ഈ ജനാധിപത്യ ലംഘനങ്ങൾക്ക് കൂട്ടു നിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കെ.എസ്.എഫ്.ഇ ചെയർമാനും ജനങ്ങളോട് മാപ്പ് പറയണമെന്ന് പഴകുളം മധു ആവശ്യപ്പെട്ടു.

എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ തീരുമാനമായിരുന്നു ബാങ്ക് ഭരണം പിടിക്കുകയെന്നത്. അതിനായി അധികാരത്തിന്റെ എല്ലാ വശങ്ങളും പ്രയോഗിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പുലർച്ചെ 5.30 ന് തന്നെ വോട്ടർമാരെ പോളിങ് സ്റ്റേഷനിൽ ഇറക്കണം. ഒരാൾ ചുരുങ്ങിയത് അഞ്ചു വോട്ടെങ്കിലും ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഈസ്റ്റ് ബാങ്ക് തെരഞ്ഞെടുപ്പിൽ ഒരാൾ അഞ്ചു വോട്ട് വരെ ചെയ്തുവെന്ന് അടൂർ പ്രദേശത്തുള്ള പാർട്ടി പ്രവർത്തകർ അഭിമാനത്തോടെ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്.