- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളനോട്ട് കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചു; ചിറ്റയം ഗോപകുമാറുമായി അടുപ്പമുള്ളയാളെ ചോദ്യം ചെയ്തില്ല; പ്രധാന പ്രതി അറസ്റ്റിലായ വിവരം മറച്ചു വച്ചു; തിരുവല്ല കുറ്റപ്പുഴ ഹോം സ്റ്റേയിലെ കള്ളനോട്ടടി കേസിൽ സമാന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം
തിരുവല്ല: രാജ്യസുരക്ഷയെ തന്നെ ബാധിക്കും വിധമുള്ള കള്ളനോട്ട് റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണം തിരുവല്ല പൊലീസ് അട്ടിമറിച്ചു. നിസാര സംഭവമെന്ന നിലയിൽ അന്വേഷണം മരവിക്കുമ്പോൾ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ ഇതിൽ നടത്തിയ ഇടപെടലുകൾ സംശയത്തിന് വഴി നൽകുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് വിവരങ്ങൾ കണ്ടെത്തി ലോക്കൽ പൊലീസിന് കൈമാറിയ കേസാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
പിടിയിലായ പ്രതികളിലൊരാൾ ചിറ്റയം ഗോപകുമാർ എംഎൽഎയുമായി അടുത്ത് ബന്ധമുള്ളയാൾ നോട്ടിരിട്ടിപ്പിനായി വന്നിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴി പൊലീസ് മറച്ചു വച്ചെങ്കിലും മറുനാടൻ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെ ബാക്ഫുട്ടിലായ തിരുവല്ല ഡിവൈഎസ്പി ടി രായപ്പൻ റാവുത്തർ അയാളെ ചോദ്യം ചെയ്യുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
പിന്നീട് നടപടി ഒന്നുമുണ്ടായില്ല. ചിറ്റയം ഗോപകുമാറിനെതിരേ സമരം സംഘടിപ്പിച്ച എസ്ഡിപിഐ രണ്ടു മാർച്ചിന് ശേഷം അത് അവസാനിപ്പിച്ച് മുങ്ങി. യൂത്ത്കോൺഗ്രസാകട്ടെ ഒരു മാർച്ച് മാത്രം നടത്തി. പിന്നെ അണിയറയിലേക്ക് മടങ്ങി. ഒരു പാട് ദൂരൂഹതകൾ ഉള്ള ഈ കേസ് അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പൊലീസ്-രാഷ്ട്രീയ-സാമുദായിക കൂട്ടുകെട്ടുമുണ്ട്. ആരംഭശൂരത്വം കാണിച്ച സംസ്ഥാന സ്പെഷൽ ബ്രാഞ്ചും കേസിൽ നിന്ന് കൈയെടുത്തു. പക്ഷേ, റോയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇപ്പോഴും ഈ കേസിന് പിന്നാലെയുണ്ട്. സംഭവത്തിൽ പ്രതിക്കൂട്ടിലുള്ള പൊലീസ്-രാഷ്ട്രീയ-സാമുദായിക നേതൃത്വങ്ങൾ ഇവരുടെ നിരീക്ഷണത്തിലാണ്.
ഹോം സ്റ്റേകളിലും ആഡംബര ഫൽറ്റുകളിലും താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം നടത്തിയ പ്രതികളെ കഴിഞ്ഞ സെപ്റ്റംബർ 25 നാണ് തിരുവല്ല പൊലീസ് പിടികൂടിയത്. 24 ന് കോട്ടയത്ത് വച്ച് പിടിയിലായ ഒരു പ്രതിയുടെ പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു മറ്റുള്ളവരെ കൊട്ടാരക്കരയിലേക്കുള്ള യാത്രമധ്യേ പന്തളം പറന്തലിൽ വച്ച് പിടികൂടിയത്.
മുഖ്യ സൂത്രധാരൻ കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്.സജയൻ (35)എന്നിവരാണ് പിടിയിലായത്. ഷിബുവിന്റെ പിതൃ സഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38) ഉൾപ്പടെ അഞ്ച് പ്രതികളാണുള്ളത്.
ഒന്നാം പ്രതിയായ കൊട്ടാരക്കര ജവഹർനഗർ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയിൽ സുധീറി (40 )നെ ഡിസംബർ 29 ന് തൃശൂർ മണ്ണുത്തിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും മാധ്യമങ്ങൾക്ക് കൈമാറിയിരുന്നില്ല. സംസ്ഥാന ഇന്റലിജൻസിന്റെ സമർഥമായ നീക്കത്തിനൊടുവിലാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ താമസിച്ച് മടങ്ങിയ വമ്പൻ കള്ളനോട്ട് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു ലോക്കൽ പൊലീസിന്റെ ജോലി.
ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ട് വാങ്ങിയ ശേഷം മൂന്ന് ലക്ഷം രൂപയുടെ വ്യാജ നോട്ട് കൈമാറുകയാണ് സംഘത്തിന്റെ രീതി. ഇവർക്കെതിരേ വഞ്ചനാക്കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. തിരുവല്ലയിൽ വച്ച് നോട്ട് നിർമ്മാണം നടന്നിട്ടില്ല എന്ന വിചിത്രമായ ന്യായമാണ് പൊലീസ് ഉന്നയിക്കുന്നത്. ഈ കേസ് തെളിയിക്കുന്നതിന് കാരണക്കാരനായ എസ്എസ്ബി സിവിൽ പൊലീസ് ഓഫീസർ സുദർശനൻ കണ്ടെടുത്ത് ഇവിടെ വച്ച് നിർമ്മിച്ച നോട്ടുകളുടെ അവശിഷ്ടങ്ങളായിരുന്നു.
അത് തന്നെ നോട്ട് നിർമ്മാണത്തിന് മുഖ്യതെളിവായിരുന്നു. തുടർന്ന് എസ്എസ്ബി ഡിവൈഎസ്പി കെഎ വിദ്യാധരന്റെ നേതൃത്വത്തിൽ മുഴുവൻ അന്വേഷണവും നടത്തി പ്രതികളെ മുഴുവൻ ലൊക്കേറ്റ് ചെയ്ത ശേഷം പത്തനംതിട്ട എസ്പിക്ക് ഇന്റലിജൻസ് എഡിജിപി വിവരങ്ങൾ കൈമാറുകയായിരുന്നു. ഇതിനോടകം മറുനാടൻ ഈ വാർത്ത പുറത്തു വിട്ടിരുന്നു. പ്രതികളെ കൈയിൽ കിട്ടുമ്പോൾ ആഘോഷമായി പത്രസമ്മേളനം നടത്തി മാധ്യമങ്ങൾക്ക് മുന്നിലിരിക്കാമെന്നുള്ള എസ്പി കെജി സൈമൺ അടക്കമുള്ളവരുടെ മോഹം തല്ലിക്കെടുത്തുന്നതായിരുന്നു മറുനാടൻ വാർത്ത.
ഇതോടെയാണ് കേസ് നിസാരവൽക്കരിക്കപ്പെട്ടത്. പിന്നീടാണ് ദുരൂഹമായ പല സംഭവങ്ങളും അരങ്ങേറിയത്. ചോദ്യം ചെയ്യലിനിടയിലാണ് ചിറ്റയം ഗോപകുമാർ എംഎൽഎയുമായി അടുത്തു ബന്ധമുള്ളയാൾ നോട്ടിരട്ടിപ്പിന് തങ്ങളുടെ അടുത്ത് വന്നിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയത്. ഇയാൾ ആറുലക്ഷം രൂപയാണ് വെളുപ്പിക്കാൻ കൊണ്ടു വന്നതെന്നും പറഞ്ഞിരുന്നു. ഈ മൊഴി തിരുവല്ല ഡിവൈഎസ്പി ഗൗരവത്തിലെടുത്തില്ല. എന്നാൽ, രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങി. മറുനാടൻ ഇതും വാർത്തയാക്കിയതോടെ എസ്ഡിപിഐ എംഎൽഎയ്ക്ക് എതിരേ സമരം തുടങ്ങി.
യൂത്ത് കോൺഗ്രസും സമരം പ്രഖ്യാപിച്ചു. പിന്നീട് ഇതേ എസ്ഡിപിഐ ഒത്തു തീർപ്പിന് വഴങ്ങുന്നതാണ് കണ്ടത്. ഇതിന് ഇടനില നിന്നത് തിരുവല്ല ഡിവൈഎസ്പിയായിരുന്നുവത്രേ. മണ്ണടി സ്വദേശികളായ എസ്ഡിപിഐ നേതാവും ഡിവൈഎസ്പിയുമായുണ്ടാക്കിയ ധാരണയുടെ പുറത്ത് തിരുവല്ല പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം മാറ്റി വച്ചു. ഇതിനിടെ ചിറ്റയം ഗോപകുമാർ അനിൽകുമാറിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നു. എന്നാലും എംഎൽഎയും അനിലുമായുള്ള ബന്ധം സ്വന്തം പാർട്ടിക്കാർ തന്നെ വെളിപ്പെടുത്തിയതോടെ എംഎൽഎയും പിന്നാക്കം പോയി. തുടർന്നുണ്ടായ ധാരണയുടെ പുറത്ത് എസ്ഡിപിഐ സമരം നിർത്തി.
എസ്ഡിപിഐ സമരരംഗത്തേക്ക് വന്നതും പിന്നീട് പിന്മാറിയതും ആർക്കു വേണ്ടിയാണ് എന്നാണ് ഇന്റലിജൻസ് ബ്യൂറോ ഇപ്പോൾ അന്വേഷിക്കുന്നത്. വളരെ വലിയൊരു കള്ളനോട്ട് റാക്കറ്റ് പിടിയിലായിട്ടും ഇവർക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിട്ടും അത് അട്ടിമറിച്ച പൊലീസ് നടപടി വിമർശന വിധേയമാവുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്