- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും കുഞ്ഞുമുള്ള വീട്ടമ്മയിൽ പിറന്ന കുഞ്ഞുമായി യുവാവ് നേരെ സ്വന്തം വീട്ടിലേക്ക്; സഹോദരിയും അമ്മയും പൊലീസിൽ അറിയിച്ചപ്പോൾ അമ്മയ്ക്കായി അന്വേഷണം; തിരുവല്ലയിലെ സത്യസന്ധനായ കാമുകന്റെ കഥ
തിരുവല്ല: ഭർത്താവും മകനുമുള്ള കാമുകി. പ്രണയത്തിൽ അവർ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു. ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുന്ന വില്ലനായ കാമുകൻ.... സിനിമയിലെ സ്ഥിരം ചേരുവയാണ് ഇത്. കാമുകിയുടെ കുടുംബം തകരാതെ ബന്ധം തുടരാനുള്ള മാർഗ്ഗം. ഈ സ്ഥിരം ക്ലീഷേ സിനിമാ രംഗത്തിന് ഒപ്പമായിരുന്നില്ല തിരുവല്ലയിലെ കാമുകൻ. ആയാൾ സത്യസന്ധനായിരുന്നു. കാമുകി പ്രസവിച്ച കുഞ്ഞുമായി അയാൾ നേരെ എത്തിയത് സ്വന്തം വീട്ടിൽ തന്നെ. ഇനി ഈ കുട്ടിയുടെ അമ്മ ആരെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയും. കഥയ്ക്കൊടുവിൽ അമ്മയുടെ കുടുംബം കാമുകന്റെ സത്യസന്ധതയ്ക്കിടയിലും തകരും.
നവജാത ശിശുവുമായി വീട്ടിൽ എത്തിയ യുവാവിനെതിരെ മാതാവും സഹോദരിയും പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തണമെന്ന പരാതിയെ തുടർന്നു കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കുട്ടിയുടെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു കാമുകന്റെ അമ്മയും സഹോദരിയും എല്ലാം പൊലീസിൽ അറിയിച്ചത്. നിയമ വഴിയിലൂടെ അവരുടെ പരിരക്ഷ ഉറപ്പിക്കുകയായിരുന്നു അവരും.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28ന് ആണ് ആൺകുഞ്ഞ് ജനിച്ചത്. 31ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പെരുമ്പെട്ടി സ്വദേശിയായ യുവാവ് ഈ കുഞ്ഞിനെ ഏറ്റെടുത്തു സ്വന്തം വീട്ടിൽ എത്തിച്ചു. കുഞ്ഞിന്റെ അമ്മയും യുവാവും തമ്മിൽ ബന്ധമുണ്ടായിരുന്നതായും ഈ ബന്ധത്തിലുള്ളതാണ് കുഞ്ഞെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ഇല്ല. എന്നാലും അതിന് തന്നെയാണ് കൂടുതൽ സാധ്യതയെന്ന് പൊലീസും സൂചനകൾ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തും.
കുഞ്ഞിന്റെ മാതാവിനു ഭർത്താവും മറ്റൊരു കുട്ടിയും ഉണ്ട്. ഇവർ ഗർഭിണിയായതും പ്രസവിച്ചതും സ്വന്തം വീട്ടിൽ അറിഞ്ഞില്ലെന്നും അധികൃതർ പറയുന്നു. ഇതാണ് കാമുകനാണ് കുട്ടിയുമായി പോയതെന്ന സംശയം ശക്തമാക്കുന്നത്. യുവാവിനൊപ്പമായിരുന്ന കുട്ടി മുലപ്പാലില്ലാതെ മൂന്നു ദിവസം കഴിഞ്ഞതോടെ അവശനായി. ഇതിനിടെയാണ് യുവാവിന്റെ മാതാവും സഹോദരിയും പൊലീസിനെ സമീപിച്ചത്. പരാതി ചൈൽഡ് ലൈനിലേക്കു കൈമാറി.
ചൈൽഡ് ലൈൻ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്കു മാറ്റിയില്ലായിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. കുട്ടിയെ ഏറ്റെടുത്ത യുവാവ് സ്വകാര്യ ബസിലെ ഡ്രൈവറാണ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന്റെ പേരിൽ മാതാവിനെതിരെയും കുഞ്ഞിനെ ഏറ്റെടുത്തതിനു യുവാവിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറയുന്നു. ഇതു രണ്ടും നിയമ വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ