തിരുവല്ല: ഭർത്താക്കന്മാരില്ലാത്ത സമയം നോക്കി താമസസ്ഥലത്തെത്തി ആസാമീസ് സ്വദേശിനികളെ കടന്നു പിടിച്ച മൂന്നു പേർ അറസ്റ്റിൽ. രണ്ടു പേർക്കായി പൊലീസിന്റെ തെരച്ചിൽ. പതികൾ കൂറ്റൂരിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകർ ആയതോടെ കേസ് ഒതുക്കാൻ തിരുവല്ല പൊലീസ് സ്റ്റേഷനിൽ തിരക്കിട്ട ചർച്ചകൾ. പരാതി പിൻവലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭാഷ മാത്രമാണ് ഏക തടസം.

തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് ആസാം സ്വദേശിനികളെയാണ് അപമാനിക്കാൻ ശ്രമം നടന്നത്. ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യമാരെ അപമാനിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താക്കന്മാരെ അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചു. മർദനമേറ്റവരുടെ പരാതി പ്രകാരം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മർദനമേറ്റവരുടെ പരാതി പരിഭാഷപ്പെടുത്തി നൽകിയത് ട്രാഫിക് യൂണിറ്റിലെ ഹോം ഗാർഡ് പ്രസാദാണ്. ഇതിൻ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് പ്രതികൾക്കെതിരേ കേസ് എടുക്കാനൊരുങ്ങുമ്പോഴാണ് ഇവർ കുറ്റൂരിലെ സജീവ സിപിഎം പ്രവർത്തകരാണെന്ന് അറിയുന്നത്. ഇതോടെ പാർട്ടിയുടെ നേതൃത്വം ഇടപെട്ടു. കേസ് എടുക്കരുതെന്നാണ് ആവശ്യം.

പരാതിക്കാർ പരാതി പിൻവലിച്ചാൽ കേസ് ഒഴിവാക്കാമെന്നാണ് പൊലീസിന്റെ നിലപാട്. ഇതിനായി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. സജീവ പ്രവർത്തകർ പെണ്ണു കേസിൽപ്പെട്ടത് പാർട്ടിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷീണം വരുത്തുമെന്ന് കണ്ടാണ് ഇടപെടൽ. കസ്റ്റഡിയിലുള്ളവരുടെ പേര് വിവരം പുറത്തു വിടാൻ പൊലീസ് തയാറല്ല. രഹസ്യാന്വേഷണ വിഭാഗത്തിന് പോലും ഇവരുടെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആയവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.