തിരുവല്ല: ധാരണ പാലിക്കാൻ വേണ്ടി ചെയർപേഴ്സൺ രാജി വച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ തിരുവല്ല നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നാടകീയത മുറ്റി നിന്ന സംഭവ വികാസങ്ങൾക്കൊടുവിൽ യുഡിഎഫിൽ നിന്ന് മറുകണ്ടം ചാടിയ 20-ാം വാർഡിലെ കേരളാ കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് എൽഡിഎഫ് പിന്തുണയോടെ ചെയർ പേഴ്സനായി. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഉച്ച കഴിഞ്ഞ് നടക്കും.

യു ഡി എഫ് 15, എൽ ഡി എഫ് 14, ബി.ജെ പി 7, എസ്ഡിപിഐ 1, സ്വതന്ത്ര 1 എന്നതായിരുന്നു നിലവിലെ കക്ഷി നില. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ ആറംഗങ്ങളും ഏക എസ്ഡിപിഐ അംഗവും വിട്ടു നിന്നു. തുടർന്ന് എൽ ഡി എഫും യുഡിഎഫും 16 വോട്ടുകൾ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയർ പേഴ്സണെ തെരഞ്ഞെടുത്തത്. യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസ് എൽഡിഎഫിലെത്തിയപ്പോൾ എൻഡിഎ സ്വതന്ത്രൻ രാഹുൽ ബിജു യുഡിഎഫിലെത്തിയതാണ് വോട്ടിങ് തുല്യമാകാൻ കാരണമായത്.

വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്താണ് രാഹുലിനെ യുഡിഎഫ് കൊണ്ടു വന്നത്. ധാരണ പ്രകാരം കേരളാ കോൺഗ്രസിലെ ജോസ് പഴയിടമാണ് യുഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയാകേണ്ടിയിരുന്നത്. അവസാന നിമിഷം അത് മാറ്റിയാണ് രാഹുലിനെ യുഡിഎഫ് ചാക്കിലാക്കിയത്. കോൺഗ്രസിലെ ബിന്ദു ജയകുമാറിനെയും വൈസ് ചെയർമാൻ കേരളാ കോൺഗ്രസിലെ ഫിലിപ്പ് ജോർജിനെയും അവിശ്വാസ ഭീഷണി മുഴക്കി രാജി വയ്പിച്ചാണ് ധാരണ പാലിക്കുന്നതിന് വേണ്ടി ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടത്തിയത്. ട

നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫ് കഴിഞ്ഞ തവണ എസ്ഡിപിഐ സ്വതന്ത്രയുടെ പിന്തുണ കൂടി വാങ്ങിയാണ് ഭരണം പിടിച്ചത്. ഇക്കുറി എസ്ഡിപിഐ വിട്ടു നിൽക്കുകയും മറ്റൊരു സ്വതന്ത്രാംഗത്തിന്റെ പിന്തുണ എൽഡിഎഫ് നേടുകയും ചെയ്തു. ഇതോടെയാണ് വോട്ടിങിൽ തുല്യനില വന്നത്.

യുഡിഎഫിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസിലെ വനിതാ അംഗം ശാന്തമ്മ വർഗീസിന് അവസാന ഒരു വർഷം ചെയർപേഴ്സൺ സ്ഥാനം നൽകാൻ ധാരണയുണ്ടായിരുന്നു. എന്നാൽ, തനിക്ക് അത് കിട്ടില്ലെന്ന് ഭയന്നാണ് അവർ എൽഡിഎഫിലേക്ക് ചാടിയത്. അനു ജോർജായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. ശാന്തമ്മ എൽഡിഎഫിനൊപ്പം പോയ വിവരം ഇന്നലെ തന്നെ യുഡിഎഫ് മനസിലാക്കിയിരുന്നു.

എൽഡിഎഫ് കാവലിലാണ് അവർ ഇന്ന് വോട്ടെടുപ്പിന് എത്തിയത്. ശാന്തമ്മയുടെ അഭാവം അറിയാതിരിക്കാനാണ് എൻഡിഎയിലെ രാഹുലിനെ യുഡിഎഫ് ഒപ്പം കൂട്ടിയത്. എസ്ഡിപിഐ പിന്തുണയ്ക്കുമെന്നും അങ്ങനെ ഭരണം നിലനിർത്താമെന്നും കരുതി. എന്നാൽ, എസ്ഡിപിഐ വിട്ടു നിന്നത് യുഡിഎഫിന് തിരിച്ചടിയായി.