തിരുവല്ല: ഇങ്ങനെയാകണം കേരളാ പൊലീസ്. തെരഞ്ഞെടുപ്പിൽ തോറ്റ ബിജെപി സ്ഥാനാർത്ഥിയുടെ അമ്മയുടെ കൈവെട്ടിയ കേസിൽ, ഒളിവിലായത് കാരണം അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ ഒന്നാം പ്രതി ഇന്ന് രാവിലെ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത് പൊലീസ് അകമ്പടിയോടെ. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ കളി മാറുമെന്ന് ബിജെപിക്കാർക്ക് ഭീഷണി.

തങ്ങളുടെ നേതാവിന് സുരക്ഷയൊരുക്കാൻ കുറുവടിയിൽ കൊടി കെട്ടി പാർട്ടിക്കാരുടെ പ്രകടനം കൂടിയായതോടെ എല്ലാം പൂർണമായി. കണ്ടാലുടൻ അറസ്റ്റ് ചെയ്യേണ്ട ക്രിമിനൽ കേസ് പ്രതിയെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഘോഷയാത്രയായി കൊണ്ടു വരുന്ന പൊലീസിനെ കണ്ട് നാട്ടുകാരും അന്തം വിട്ടു നിന്നു.

നിരണം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നിന്നും വിജയിച്ച ബിനീഷ് കുമാറിന്റെ സത്യപ്രതിജ്ഞയാണ് വിവാദമാകുന്നത്. വോട്ടെണ്ണൽ ദിനമായിരുന്ന 16 ന് വൈകിട്ട് സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ബിനീഷ് കുമാറിന്റെ വിജയാഹ്ലാദത്തിനിടെയാണ് വീട്ടമ്മയും ആറാം വാർഡ് ബിജെപി സ്ഥാനാർത്ഥിയുടെ മാതാവുമായ സരസമ്മയ്ക്ക് വെട്ടേറ്റത്.

ഈ സംഭവത്തിൽ പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ബിനീഷ് കുമാറാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. നിരണം രണ്ടാം വാർഡിൽ നിന്നും വിജയിച്ച എൻ ഡി എ സ്ഥാനാർത്ഥിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സ്ത്രീകൾ അടങ്ങുന്ന ബിജെപി പ്രവർത്തകരെ പൊലീസ് വിരട്ടിയതായും പരാതി. സരസമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ബിനീഷ് കുമാറടക്കം 10 പേരെ പ്രതികളാക്കിയാണ് പുളിക്കീഴ് പൊലീസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ ഒന്നാം പ്രതിയാണ് ബിനീഷ്. കേസെടുത്തതിന് പിന്നാലെ ബിനീഷും മറ്റ് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. കേസിൽ പ്രതികളായ ആറ് പേരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് കേസിലെ പ്രധാന പ്രതിയായ ബിനീഷ് ഡി വൈ എസ് പി ഉൾപ്പടെയുള്ള പൊലീസ് സംഘം നോക്കി നിൽക്കെ സത്യപ്രതിജ്ഞ ചെയ്ത് മടങ്ങിയത്

.