- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സഹായിച്ചില്ലെങ്കിലും സ്വയം സഹായ സംഘം സഹായത്തിന്; നിരണത്ത് ആത്മഹത്യ ചെയ്ത കർഷകൻ രാജീവിന്റെ ബാധ്യത എഴുതി തള്ളി പുരുഷ സ്വയം സഹായ സംഘം; നിക്ഷേപ ഇനത്തിലുള്ള 1.11 ലക്ഷം കുടുംബത്തിന് കൊടുക്കും
തിരുവല്ല: കടബാധ്യതയും കൃഷിനാശവും കാരണം നിരണത്ത് ജീവനൊടുക്കിയ കർഷകൻ രാജീവിന്റെ കുടുംബത്തിന് സർക്കാർ ഇതു വരെ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ രാജീവ് അംഗമായ പുരുഷ സ്വയം സഹായസംഘം അദ്ദേഹത്തിന്റെ കടബാധ്യതകൾ എഴുതി തള്ളി. നിരാലംബമായ കുടുംബത്തിന് 1.11 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.
രാജീവ് പരസ്പര ജാമ്യത്തിൽ എടുത്തിട്ടുള്ളതായ വായ്പയിൽ അവശേഷിക്കുന്ന തുക എഴുതിത്തള്ളുമെന്നും അംഗങ്ങളുടെ നിക്ഷേപ ഇനത്തിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ള 1. 11ലക്ഷം രൂപ കുടുംബത്തെ ഏൽപ്പിക്കുമെന്നും നിരണം നവോദയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ അറിയിച്ചു.
കർഷകന്റെ മരണത്തെ തുടർന്ന് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സംഘത്തെ തകർക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. സംഘത്തിന് മരണത്തിൽ യാതൊരു പങ്കുമില്ല. സംഘത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഏത് അന്വേഷണത്തിനും തയ്യാറാണ്. കഴിഞ്ഞ 20 വർഷമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ നൽകിയതുൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് വാർഡ് മെമ്പർ അന്നമ്മ ജോർജ്, രക്ഷാധികാരി കെ എം ശശി, പ്രസിഡഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് എം കെ വിജയൻ , സെക്രട്ടറി ബന്നി തോമസ്, ജോ സെക്രട്ടറി വി ഭാസ്കരൻ , അംഗങ്ങളായ കെ എ സലീം, വി എ റഹീം എന്നിവർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്