തിരുവനന്തപുരം: ബൈക്കിൽ പോയ യുവാവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. മർദനമേറ്റ യുവാവിന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് മംഗലപുരം പൊലീസ് പ്രതിയെ വിട്ടയച്ചത്. ഗുരുതരമായി പരിക്കേറ്റ അനസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കണിയാപുരം പുത്തൻതോപ്പ് സ്വദേശി എച്ച്. അനസിനാണ് മർദനമേറ്റത്. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കേസെടുത്തത്. ഉച്ചയക്ക് ശേഷം കേസിലെ പ്രതി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അതിന് ശേഷം വിചിത്രമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

യുവാവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ട് അയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അനസിന് ക്രൂരമായ മർദനമാണ് ഇയാളിൽ നിന്നുണ്ടായത്. അനസിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണിട്ടും പ്രതി അനസിനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഈ പ്രതിയെയാണ് കൊലപതാകശ്രമത്തിനുള്ള വകുപ്പ് ചേർക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പൊലീസ് പറഞ്ഞുവിട്ടത്.സംഭവത്തിൽ പൊലീസിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ഞായറാഴ്ച രാത്രി പത്തു മണിയോടെ ഭക്ഷണം വാങ്ങാൻ ഇറങ്ങിയതായിരുന്നു അനസ്. മസ്താന്മുക്ക് സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വഴിയിൽ വച്ച് അനസിനെ തടഞ്ഞ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.

ഇതിനെ അനസ് എതിർത്തതോടെ മദ്യലഹരിയിലായിരുന്ന സംഘം മർദനം തുടങ്ങി. മർദനമേറ്റ് നിലത്തു വീണപ്പോൾ നിലത്തിട്ടു ചവിട്ടി. മതിലിനോട് ചേർത്ത് വച്ച് ഇടിച്ചും പതിനഞ്ചു മിനിറ്റോളം ക്രൂരത തുടർന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് അവരുടെ സ്റ്റേഷൻ പരിധിയല്ലെന്ന് പറഞ്ഞ് നടപടിയെടുക്കാതെ മടങ്ങി. അധികാര പരിധിയുള്ള മംഗലപുരം പൊലീസിൽ പരാതി നൽകിയപ്പോൾ, ചികിത്സയിൽ കഴിയുന്ന അനസ് സ്റ്റേഷനിലെത്തി മൊഴി നൽകിയാൽ കേസെടുക്കുന്നത് ആലോചിക്കാമെന്നായിരുന്നു നിലപാട്.

ലഹരിസംഘത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് വിമർശനം.

സിസിടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും പ്രതിയായ ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചുമത്തി മംഗലപുരം പൊലിസ് ജാമ്യത്തിൽ വിട്ടു. കൈകൊണ്ടടിച്ചാൽ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും മൊഴി പ്രകാരം കേസെടുത്തുവെന്നാണ് പൊലീസ് വിശദീകരണം.

മർദ്ദനത്തിനിരയായ അനസിന്റെ പല്ലു പോയതും യുവാവിനേറ്റ ഗുരുതര പരിക്കുമെല്ലാം കണ്ടില്ലെന്ന് നടിച്ച പൊലീസ് കണ്ണിൽ പൊടിയിടാൻ കേസെടുത്ത് ലഹരിസംഘത്തിലെ കണ്ണിയായ ഫൈസലിനെ ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം- മംഗലപുരം മേഖലയിൽ പൊലീസ് നിസ്സംഗതയാണ് വീണ്ടും ഗുണ്ടാസംഘങ്ങൾ സജീവമാകാൻ കാരണമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മംഗലപുരം പൊലീസിന്റെ വീഴ്ച.പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും മർദ്ദനമേറ്റ അനസ് പറയുന്നു.

കണിയാപുരം പുത്തൻ തോപ്പ് സ്വദേശിയായ അനസിനെ നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് മർദ്ദിച്ചത്. അനസും സുഹുത്തും കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞ് നിർത്തിയെന്നാണ് അനസ് പറയുന്നത്.

മർദ്ദനത്തിൽ അനസിന്റെ രണ്ട് പല്ലുകൾ നഷ്ടമായി. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ പരാതി കൊടുക്കാനെത്തിയെങ്കിലും മംഗലപുരം സ്റ്റേഷനിൽ നിന്നും കണിയാപുരം സ്റ്റേഷനിൽ നിന്നും തിരിച്ചയച്ചെന്നാണ് അനസ് പറയുന്നത്. ഒടുവിൽ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുത്തത്.