തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർത്തി മുന്നണികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കിയതോടെ തിരുവനന്തപുരത്തും രാഷ്ട്രീയ ചർച്ചകൾ സജീവം. കഴിഞ്ഞ രണ്ടു തവണയും മണ്ഡലം കോൺഗ്രസിന് അനുകൂലമായാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഹാട്രിക് ജയസാധ്യതയുമായി നിലകൊള്ളുന്ന ശശി തരൂരിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നീക്കം. ഇടതുമുന്നണിയിൽ തിരുവനന്തപുരം ലോക്സഭാ സീറ്റ് സിപിഐയുടേതാണ്. അതുകൊണ്ട് തന്നെ സിപിഐയിൽ നിന്നാണ് തീരുമാനം വരേണ്ടത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയതിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കരുത്തനായ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിപിഐ തീരുമാനമെടുത്തിട്ടുണ്ട്.

പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അടക്കമുള്ളവരെ സിപിഐ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. ശക്തനായ സ്ഥാനാർത്ഥിയില്ലെങ്കിൽ കഴിഞ്ഞ തവണത്തെ പോലുള്ള റെക്കോർഡ് പരാജയമാകും തങ്ങളെ കാത്തിരിക്കുന്നത് എന്നാണ് സിപിഐ വിലയിരുത്തുന്നത്. പക്ഷെ പൊതുസമ്മതരെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ ആവശ്യം. എപ്പോഴും കൈമോശം വരുന്ന ഈ സീറ്റിൽ വിജയം ഉറപ്പിക്കാൻ സിപിഎമ്മിന് ഈ സീറ്റ് സിപിഐ കൈമാറണം എന്നും ആവശ്യമുണ്ട്. പക്ഷെ ഘടകക്ഷി ബന്ധങ്ങളിൽ ഉള്ള കൈകടത്തൽ വരുന്നതിനാൽ ഈ ആവശ്യം അങ്ങിനെ ഉന്നയിക്കാൻ സിപിഐ തയ്യാറുമല്ല. ഐഎസ്ആർഒ കേസിലെ ജീവിക്കുന്ന രക്തസാക്ഷി ശാസ്ത്രജ്ഞൻ നമ്പി നാരായണനെ തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള ആവശ്യവും ഇടതു വൃത്തങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു.

മിസോറാം ഗവർണർ ആയ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനടക്കമ്ുള്ള വിവിധ പദ്ധതികളാണ് ബിജെപിയുടേത്. കുമ്മനത്തിന്റെ ഗവർണർ സ്ഥാനം രാജിവെപ്പിക്കാൻ അനുബന്ധിച്ചുള്ള നീക്കങ്ങൾ ബിജെപിയിൽ സജീവമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ രാജഗോപാൽ നേടിയ 282336 വോട്ടുകൾക്ക് അടുത്തുള്ള വോട്ടുകൾ ഒരുപക്ഷെ അതിലും കൂടുതൽ അത് സ്‌കോർ ചെയ്യണമെങ്കിൽ കുമ്മനം തന്നെ എത്തണമെന്നാണ് പാർട്ടിയിൽനിന്ന് ഉയരുന്ന ആവശ്യം. കുമ്മനത്തിനും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സജീവമാകാനാണ് താത്പര്യമെന്നാണ് അറിയുന്നത്. ഇതോടൊപ്പം ശ്രീധരൻ പിള്ള, സുരേഷ് ഗോപി എംപി, നടൻ മോഹൻലാൽ എന്നിവരുടെ പേരുകളും ബിജെപിയിൽ സജീവമാണ്. ഇതിൽ മോഹൻലാലിൻെ പേര് വെറുതെ എടുത്ത് ഇടുന്നതാണെന്നും അദ്ദേഹം ഉടനെയൊന്നും സജീവരാഷട്രീയത്തിൽ ഇറങ്ങില്ലെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.

എന്നാൽ ഇടതുമുന്നണിയുടെയും ബിജെപിയുടെയും ഒരുക്കങ്ങളെ ഒട്ടും കൂസാതെയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. തരൂർ ഇക്കുറിയും വിജയക്കൊടി പാറിക്കും എന്ന കാര്യത്തിൽ കോൺഗ്രസ് വൃത്തങ്ങളിൽ സംശയം ഉയരുന്നുമില്ല. സുനന്ദ പുഷക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് തരൂർ കഴിഞ്ഞ തവണയും വിജയിയാകുന്നത്. അതുകൊണ്ട് തന്നെ തരൂരിന് മുന്നിൽ അങ്ങിനെ വെല്ലുവിളി ഉയർത്താൻ ഇക്കുറി മുന്നണികൾക്ക് കഴിയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് ഇങ്ങിനെ പറയുന്നുണ്ടെങ്കിലും ബിജെപി പേടിയാണ് കഴിഞ്ഞ തവണ തരൂരിന് വിജയം ഉറപ്പാക്കിയത്. രാജഗോപാൽ വിജയിക്കുമെന്ന തോന്നലിൽ ഇടത് പാർട്ടികളിൽ നിന്ന് അടക്കമുള്ള വോട്ടുകൾ തരൂരിന് അനുകൂലമായി വന്നിരുന്നു. പതിനഞ്ചായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് തരൂർ കഴിഞ്ഞ തവണ വിജയിയായത്. എന്നാൽ അതിനു തൊട്ടുമുൻപ് 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇതായിരുന്നില്ല അവസ്ഥ. അന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന സിപിഐയുടെ അഡ്വക്കേറ്റ് പി.രാമചന്ദ്രൻ നായരെ ഒരു ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് തരൂർ പരാജയപ്പെടുത്തിയത്. ആ ഭൂരിപക്ഷമാണ് ലോപിച്ച് വെറും 15000 ത്തോളം വോട്ടുകൾ ആയി മാറുന്നത്.

അതുകൊണ്ട് തന്നെ തരൂരിന്റെ കാര്യത്തിൽ കോൺഗ്രസ് ജാഗരൂകരാണ്. പക്ഷെ അന്നത്തെ രാഷ്ട്രീയ അവസ്ഥ പ്രത്യേകിച്ചും ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിൽക്കുന്നില്ല എന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തെ പോലെ ശക്തമായ ഒരു പോരാട്ടം ബിജെപിക്ക് നടത്താൻ കഴിയില്ലാ എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ രണ്ടു തവണത്തെ പരാജയത്തിൽ നിന്ന് പാഠം പഠിച്ചതിനാൽ ഇക്കുറി കരുതിയാണ് സിപിഐ നീക്കം. പാർട്ടി സംഘടനാ വർക്കുകൾ സിപിഐ ശക്തിപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ ചേർക്കുന്ന ജോലികൾ വിജയകരമായി പൂർത്തീകരിച്ചതിൽ പാർട്ടി വൃത്തങ്ങൾ ആത്മവിശ്വാസത്തിലാണ്. ബൂത്ത് കമ്മറ്റി രൂപീകരണം പൂർത്തിയാക്കുകയാണ്. 100 ഓളം കുടുംബയോഗങ്ങൾ ഇതുവരെ സിപിഐ പൂർത്തിയാക്കിയിട്ടുണ്ട്. മറ്റു ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കുകയുമാണെന്നു പാർട്ടി വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു മുന്നണി വിപുലീകരിക്കുമെന്നു കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്. എൽജെഡി അടക്കമുള്ള ഒട്ടുവളരെ കക്ഷികൾ പുറത്ത് നിൽക്കുന്ന സാഹചര്യത്തിലാണിത്. ഇതും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കരുത്തുകൂട്ടും.

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി തുടങ്ങിയിട്ട് ഒരു വർഷത്തോളമായതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. ഉപരാഷ്ട്രപതിയാകുന്നതിന് തൊട്ടുമുൻപ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം ബിജെപി തിരുവനന്തപുരത്ത് വിളിച്ചു. കൂട്ടിയിരുന്നു, നിരന്തരമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി നടത്തിവരുന്നതായും പാർട്ടി പറയുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹാറാലികൾ വിളിച്ചു ചേർക്കാനും ബിജെപിയിൽ ആലോചനയുണ്ട്. പക്ഷെ കോൺഗ്രസ് അല്ലാതെ മറ്റു ഇരുമുന്നണികൾക്കും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തതതയില്ല. ആദ്യം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുൻഗണന നൽകിയാണ് സിപിഐയും ബിജെപിയും മുന്നോട്ടു പോകുന്നത്.