- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മോഡൽ തിരുവനന്തപുരത്ത് ആവർത്തിക്കാൻ ടി വി എം; കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക 35 സീറ്റിൽ; കോവിഡു കാലത്ത് വർക് ഫ്രം ഹോം സംവിധാനത്തിലൂടെ തിരിച്ചെത്തിയ യുവാക്കളിൽ പ്രതീക്ഷ; ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരേയും വോട്ട് ചെയ്യിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാൻ പദ്ധതിയുമായി തിരുവനന്തപുരം വികസന മുന്നേറ്റം
തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി വിജയം തിരുവനന്തപുരത്ത് ആവർത്തി്ക്കാൻ തിരുവനന്തപുരം വികസന മുന്നേറ്റവും. ടെക്‌നോപാർക്കിനെ വിജയ വഴയിലെത്തിച്ച വിജയരാഘവനും എസ് എൻ രഘുചന്ദ്രൻനായരുമാണ് ഈ ആശയത്തിന് പിന്നിൽ. തിരുവനന്തപുരത്തെ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറി വികസന സമ്മർദ്ദ ഗ്രൂപ്പായി മാറുകയാണ് തിരുവനന്തപുരം വികസന മുന്നേറ്റ കൂട്ടായ്മയുടെ ലക്ഷ്യം. ടിവി എം എന്നെഴുതിയാൽ തിരുവനന്തപുരം എന്ന് വായിക്കും. ഈ പുതിയ കൂട്ടായ്മയും ടിവി എം എന്ന ചുരുക്കെഴുത്തുമായാണ് തിരുവനന്തപുരത്തെ അധികാരം പിടിക്കാൻ ഇറങ്ങുന്നത്.
തലസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മക്ക് കേരളപ്പിറവി ദിനത്തിലാണ് ഔദ്യോഗിക രൂപം കൈവന്നത്. 100 സീറ്റുകളാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്. ഇതിൽ 35 സീറ്റിൽ കൂട്ടായ്മ സ്ഥാനാർത്ഥികളെ നിർത്തും. പൊതു രംഗത്ത് സജീവമായ ജനങ്ങൾക്ക് വിശ്വാസമുള്ളവരെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയുള്ള ഇടപെടലിനാണ് ശ്രമം. 35 സീറ്റിൽ പരമാവധി ജയിച്ചു കഴിഞ്ഞാൽ തിരുവനന്തപുരത്ത് ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥവും. കഴിഞ്ഞ തവണ സിപിഎമ്മിന് 40ന് മുകളിൽ സീറ്റുമായാണ് അധികാരം പിടിക്കാൻ കഴിഞ്ഞത്. പുതിയൊരു മുന്നണിയെത്തുമ്പോൾ 30 സീറ്റുള്ളവർക്ക് പോലും കോർപ്പറേഷനിലെ അധികാര സ്ഥാനമായ മേയർ പദവി കൈ്യ്യടക്കാൻ കഴിയും.
ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് മത്സരിക്കാനുള്ള സീറ്റുകൾ നിശ്ചയിക്കുന്നത്. കോവിഡുകാലത്ത് നാട്ടിൽ മടങ്ങിയെത്തി വീട്ടിൽ ഇരുന്ന് ജോലി എടുക്കുന്ന ടെക്കികളാണ് ഈ കൂട്ടായ്മയുടെ പ്രധാന പ്രതീക്ഷ. ഇവരിൽ ബഹുഭൂരിഭാഗവും യുവാക്കളാണ്. ഈ യൂവാക്കളെ രാഷ്ട്രീയത്തിന് അതീമായി ചന്തിപ്പിച്ച് തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ ഭാഗമാക്കാനാണ് പദ്ധതി. ഇതിനൊപ്പം ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചും വോട്ടു പിടിത്തം നടത്തും. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരെ പരമാവധി വോട്ട് ചെയ്യിപ്പിക്കാനാണ് നീക്കം. അങ്ങനെ മറ്റ് രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കും. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടക്കമുള്ളവരെ ഈ സംവിധാനവുമായി സഹകരിപ്പിക്കാൻ ആലോചനയുണ്ട്.
കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പത്ത് ലക്ഷത്തോളം വോട്ടർമാർ തിരുവനന്തപുരത്തുണ്ടായിരുന്നു. ഇതിൽ ആറു ലക്ഷത്തോളം പേർ വോട്ട് ചെയ്തു. 62 വാർഡുകളിൽ ജയം നേടിയവരുടെ ഭൂരിപക്ഷം 500 വോട്ടിൽ താഴെയായിരുന്നു. 34 വാർഡുകളിൽ വിജയം 250 വോട്ടിന് താഴെയും. ഈ സീറ്റുകളിൽ സമ്മർദ്ദ ശക്തമാക്കി ജയിച്ചു കയറുകയാണ് ലക്ഷ്യം. കൂട്ടായ ചർച്ചകളിലൂടെ സ്ഥാനാർത്ഥികളെ കണ്ടെത്തും. വലിയ അംഗീകാരം നേടിയവരെ ഈ ബാനറിൽ മത്സരിപ്പിക്കാനാണ് ആലോചന. രണ്ടര ലക്ഷത്തോളം പേർ കോവിഡുകാലത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുന്ന ഇവരെ ബൂത്തുകളിൽ എത്തിച്ചാൽ പോലും വലിയ മാറ്റമുണ്ടാക്കാമെന്നാണ് തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ വിലയിരുത്തൽ.
പൗര പ്രമുഖർ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാരി-വ്യവസായി സംരംഭകർ, പ്രൊഫഷണൽ സംഘടനകൾ, തിരുവനന്തപുരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ, പൂർവ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവർ കൂട്ടായ്മയിൽ അംഗങ്ങളാണ്. വികസന വോട്ടുബാങ്കുകൾ സൃഷ്ടിച്ചു കൊണ്ട് വരുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ നഗരവികസനനത്തിനു വേണ്ടി വോട്ടർമാരുടെ കൂട്ടായ്മ വഴി വോട്ടാക്കി മാറ്റുക എന്നതാണ് സംഘടനാ ലക്ഷ്യം.ജനങ്ങൾ വോട്ടിട്ട് മുൻഗണനാ ക്രമം നിശ്ചയിച്ചതും, വിദഗ്ദ്ധർ ക്രോഡീകരിച്ചതുമായ വികസന പദ്ധതികളും, വാർഡ് തല പദ്ധതികളും സംഘടന നഗരത്തിലെ മുഴുവൻ വോട്ടർമാരുടെ ചർച്ചക്കുമായി ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കേരളപ്പിറവിയുടെ അറുപത്തിനാലാം പിറന്നാൾ ദിനത്തിൽ അവഗണനയുടെ നൊമ്പരം പേറുന്ന സാധാരണക്കാരന്റെ പ്രതിഷേധം രാഷ്ട്രീയ കക്ഷികളെ അറിയിക്കുക എന്ന പ്രക്രിയ കൂടിയായിരിക്കും വരുന്ന നഗരസഭാ തെരഞ്ഞെടുപ്പ്.നൂറു വാർഡുകളിലും പ്രാദേശിക പ്രശ്‌നങ്ങളിൽ ധാരണയുള്ളവരും ഒപ്പം വിദ്യാസമ്പന്നരും അഴിമതിരഹിത പൊതു പ്രവർത്തന പാരമ്പര്യമുള്ളവരും സംശുദ്ധ ജീവിത ശൈലി പിന്തുടരുന്നവരും ആയവരെ നഗര സഭയിലെത്തിക്കുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ മുഖ്യമാണെന്നും അവർ പറഞ്ഞു.
വാസയോഗ്യനഗരമെന്ന സ്വപ്നം ഇന്ന് മുതൽ യാഥാർഥ്യമാക്കുന്നതിനുള്ള യുവാക്കളുടെ ഒരു സേന നടത്തുന്ന ആത്മാർത്ഥ പരിശ്രമം കൂടി വിളിച്ചോതുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ഈ ഗ്രൂപ്പ് അവകാശപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ