തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ഒരു ലക്ഷത്തിൽപരം ഡബിൾ വോട്ടുകൾ ഉണ്ടെന്നും തിരുവനന്തപുരം വികസന മുന്നേറ്റം (ടിവി എം) പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം എസ് വേണുഗോപാൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

തിരുവനന്തപുരം വികസന മുന്നേറ്റം (ടിവി എം) മത്സരിക്കുന്ന 14 വാർഡുകളിൽ മാത്രം മൂവായിരത്തിലധികം ഡബിൾ വോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 500 ഡബിൾ വോട്ടിന്റെ ലിസ്റ്റ് ഇതോടെപ്പം ചേർക്കുന്നു. പൂർണ്ണ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇരട്ട വോട്ടുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ടിവി എം മത്സരിക്കുന്ന പല വാർഡുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരിയതാണ്. അതുകൊണ്ട് തന്നെ ഡബിൾ വോട്ടുകൾ പോൾ ചെയ്യപ്പെട്ടാൽ അത് ചില പ്രത്യേക രാഷ്ട്രീയ പാർട്ടികളെ സഹായിക്കും. ടിവി എം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിലെ മുഴുവൻ ഡബിൾ വോട്ടുകളും അടിയന്തിരമായി പരിശോധിക്കണം. ഡബിൾ വോട്ട് ഉള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്.

പൂജപ്പുര വാർഡിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി വി വി രാജേഷിന് മറ്റിടങ്ങളിലും വോട്ടുള്ളതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾക്ക് പോലും ഡബിൾ വോട്ടുള്ളത് ഗൗരവതരമാണ്. ഇടത് സ്ഥാനാർത്ഥിക്കും ഡബിൾ വോട്ട് ഉണ്ടെന്നത് എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി കള്ളവോട്ട് ചേർത്തിട്ടുണ്ട് എന്നതിന് തെളിവാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഡബിൾ വോട്ടും കള്ളവോട്ടും അന്തിമ ഫലത്തെ സ്വാധീനിക്കാറുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മണ്ഡലത്തിൽ ഒരുലക്ഷത്തി പന്ത്രണ്ടായിരം ഡബിൾ വോട്ടുകൾ കണ്ടെത്തിയിരുന്നു. ക്രമക്കേടിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഖ്യ. അത്യാധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ജീവനക്കാരും ഉണ്ടായിരിക്കെ ഡബിൾ വോട്ട് കണ്ടെത്താൻ കഴിയില്ല എന്ന് വിശ്വസിക്കാൻ പറ്റില്ല.

ടിവി എം സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയും പ്രചാരണ സാമഗ്രികൾ നശിപ്പിച്ചും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ പാർട്ടികൾ തുടരുകയാണെന്നും തിരുവനന്തപുരം വികസന മുന്നേറ്റം എന്ന കൂട്ടായ്മ ആരോപിച്ചു.