- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടിയപ്പോൾ എ ഗ്രൂപ്പ് വിട്ടു; സുധാകരനെ അധ്യക്ഷനാക്കിയതിനെ അനുകൂലിച്ച പ്രമുഖരിൽ പ്രധാനി; അച്ചടക്ക സമിതിയെ നയിക്കാൻ തിരുവഞ്ചൂർ എത്തുമ്പോൾ ചർച്ചയാകുന്നത് ഗ്രൂപ്പ് അതീത ചിന്ത; സമിതിയുടെ ആദ്യ കടമ്പ ശശി തൂരൂർ; കെ റെയിൽ വിവാദം വിശ്വപൗരന് വിനയായേക്കും
ന്യൂഡൽഹി: ശശി തരൂരിന് എന്തു സംഭവിക്കും? കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമിക്കുമ്പോൾ ഉയരുന്ന ചോദ്യമാണ് ഇത്. മൂന്നംഗ സമിതിയിൽ കൊല്ലം മുൻ ഡിസിസി പ്രസിഡന്റ് എൻ. അഴകേശൻ, ഡോ. ആരിഫ സൈനുദ്ദീൻ എന്നിവർ അംഗങ്ങളാണ്. മുൻ ഡപ്യൂട്ടി സ്പീക്കർ എ.നഫീസത്ത് ബീവിയുടെ മകളാണ് ഡോ. ആരിഫ. ഇവരാകും കോൺഗ്രസിലെ അച്ചടക്കത്തിൽ തീരുമാനം എടുക്കുക.
എ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു തിരുവഞ്ചൂർ. എന്നാൽ ഉമ്മൻ ചാണ്ടിയുമായി അകന്ന് സുധാകര പക്ഷത്ത് എത്തിയ ആദ്യ പ്രധാന നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ. പ്രതിപക്ഷ നേതാവായി തിരുവഞ്ചൂരിനെ ഉയർത്തിക്കാട്ടാതെ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി വാദിച്ചതാണ് ഇതിന് കാരണം. അതിന് ശേഷം നിഷ്പക്ഷ നിലപാടുമായി നിറഞ്ഞു. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. മുതിർന്ന എംഎൽഎയായ തിരുവഞ്ചൂർ ഇനി ഗ്രൂപ്പിന് അതീതനായി പ്രവർത്തിക്കും. ശശി തരൂരിനെതിരായ ആരോപണമാണ് തിരുവഞ്ചൂരിന് മുന്നിലേക്ക് ആദ്യമെത്തുക.
ഇന്നലെ കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി.യുടെ പത്രസമ്മേളനത്തിൽ ശശി തരൂർ എംപിക്കെതിരേയുണ്ടായ വിമർശനം ഹൈക്കമാണ്ടിന്റെ മനമറിഞ്ഞുള്ള പ്രതികരണമെന്ന് സൂചന പുറത്തു വരുന്നുണ്ട്. കെ-റെയിൽ വിഷയത്തിൽ കേരളത്തിലെ യു.ഡി.എഫ്. എംപി.മാർ ഒന്നിച്ച് ഒപ്പിട്ടിട്ടും തരൂർ ഒപ്പിടാത്തതും മുഖ്യമന്ത്രി പിണറായി വിജയനെ വികസനകാര്യത്തിൽ പുകഴ്ത്തിപ്പറഞ്ഞതും കോൺഗ്രസിൽ ചർച്ചയായിരുന്നു. ഇത് അച്ചടക്ക ലംഘനമായി സുധാകരൻ കാണുന്നു.
തരൂരിനെതിരേ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനമൊന്നും തുടക്കത്തിൽ ഉണ്ടായില്ല. കെ.പി.സിസി. പ്രസിഡന്റ് സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മിതത്വം പാലിച്ചാണ് സംസാരിച്ചത്. എന്നാൽ മുൻ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തുടന്ന് രാജ്മോഹൻ ഉണ്ണിത്താനും വിഷയത്തിൽ പൊട്ടിത്തെറിച്ചു. പിന്നാലെയാണ് അച്ചടക്ക സമിതിയും എത്തുന്നത്. ശശി തരൂരിനെ കോൺഗ്രസ് ഒഴിവാക്കാനുള്ള സാധ്യത ഏറെയാണ്.
നേരത്തേ ജി-23 ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തിയ തരൂർ ഹൈക്കമാണ്ടുമായി അത്ര രസത്തിലല്ല. അതേസമയം വിശ്വപൗരൻ എന്ന നിലയിലും എഴുത്തുകാരൻ, രാഷ്ട്രീയാതീതമായി നല്ല ബന്ധങ്ങളുള്ള വ്യക്തിയെന്ന നിലയിലും തരൂരിനെ പുറത്താക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ ഉറവിടത്തിൽനിന്നുതന്നെ താക്കീത് ആഗ്രഹിക്കുന്നുമുണ്ട്. മുല്ലപ്പള്ളി ബുദ്ധിപൂർവം ചെയ്തതും അതാണ്. ചിത്രം ബോധ്യപ്പെട്ടതിനെ തുടർന്നാണ് കെപിസിസി. പ്രസിഡന്റും ശക്തമായ ഭാഷയിൽ തരൂരിനെ ആക്രമിച്ചത്. തരൂർ കോൺഗ്രസിലെ ഒരു എംപി. മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോകേണ്ടി വരുമെന്നുമാണ് സുധാകരൻ പറഞ്ഞത്. പാർട്ടി നിലപാട് അനുസരിച്ചുമാത്രമേ എംഎൽഎ.മാർക്കും എംപി മാർക്കും പെരുമാറാൻപറ്റൂ. തരൂരിനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയാൽ ചർച്ചചെയ്ത് തുടർകാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സുധാകരൻ പറയുന്നത്.
കെ-റെയിലിനെതിരേ ശക്തമായ സമരത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോൾ തരൂരിനെപ്പോലുള്ള വ്യക്തി എതിരുനിൽക്കുന്നത് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഗുണം ചെയ്തതായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇക്കാര്യം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. കെപിസിസി. പ്രസിഡന്റിന്റെ തുറന്നുപറച്ചിലോടെ തരൂരിനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളും പിൻവലിയാനാണ് സാധ്യത. നിലവിൽ കെപിസിസി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ ഹൈക്കമാണ്ട് തൃപ്തരാണ്.
വിശദീകരണം തരൂരിനോട് ചോദിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. എഴുതി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടതെന്നും പറയുന്നു. ഈ വിശദീകരണം തിരുവഞ്ചൂർ സമിതിക്ക് കൈമാറും. അവർ തരൂർ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. ഗ്രൂപ്പിന് അതീതമായി നിൽക്കുന്നവർ കോൺഗ്രസിൽ പ്രാധാന്യം കിട്ടുമെന്ന സന്ദേശമാണ് തിരുവഞ്ചൂരിന്റെ നിയമനം നൽകുന്നതും.
മറുനാടന് മലയാളി ബ്യൂറോ