- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോപ്പന്റെ അറസ്റ്റിൽ തുടങ്ങിയ അകലം; ആഭ്യന്തര മന്ത്രി പദവിയിൽ നിന്ന് മാറ്റി രമേശിനെ വാഴിച്ചപ്പോഴും നിശ്ശബ്ദനായി സഹിച്ചു; വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയപ്പോൾ ആദ്യം വിഷമം വന്നെങ്കിലും പിന്നീട് സൂപ്പറായി തോന്നി; എ ഗ്രൂപ്പിനെയും ഉമ്മൻ ചാണ്ടിയെയും തള്ളിപ്പറഞ്ഞ് തിരുവഞ്ചൂർ
തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷ പട്ടിക പുറത്തുവന്നപ്പോൾ വന്ന ശ്രദ്ധേയമായ പ്രതികരണങ്ങളിൽ ഒന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റേതാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ കൂറ് ഇപ്പോൾ എ ഗ്രൂപ്പിനോട് അല്ല എന്ന അർത്ഥ ശങ്കയില്ലാതെ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടി പട്ടികയോട് കലഹിച്ച് പരസ്യ പ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ ചേരിമാറ്റം. ഡിസിസി പട്ടികയെ അദ്ദേഹം സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉള്ള പട്ടിക എന്നും അഭിനന്ദിക്കുന്നു. കോൺഗ്രസിന് മാത്രമേ ഇങ്ങനെ ഒരുനിലപാട് സ്വീകരിക്കാൻ കഴിയൂ എന്നും പാർട്ടിയെ ഏകീകരിക്കാനുള്ള ചുവട് വയ്പ് ആണിതെന്നും അദ്ദേഹം സുധാകരനെയും വി.ഡി.സതീശനെയും ശരിവയ്ക്കുന്നു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരൻ വേണ്ട രീതിയിൽ ചർച്ച നടത്തിയില്ല എന്ന ആക്ഷേപത്തെ കുറിച്ച് ചോദിക്കുമ്പോഴും താൻ ഉമ്മൻ ചാണ്ടിക്കൊപ്പമല്ല എന്ന് തിരുവഞ്ചൂർ പരോക്ഷമായി സൂചിപ്പിക്കുന്നു. ഇരുവരും വളരെ നാളുകളായി കോൺഗ്രസിനെ നയിക്കുന്നവരാണെന്നും ഇന്ന് അതേ സ്ഥാനത്ത് അവരില്ല എന്നു മാത്രമേ ഉള്ളുവെന്നും അവരുടെ അഭിപ്രായം പട്ടികയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത് എന്നുമാണ് മറുപടി. ഇരുവരും സോണിയയ്ക്ക് പരാതി അയച്ചത് സംബന്ധിച്ച ചോദ്യത്തിനും ഒഴിഞ്ഞുമാറിയുള്ള പ്രതികരണമാണ് തിരുവഞ്ചൂരിന്റെത്്. 'അതിന്റെ പശ്ചാത്തലം എന്താണെന്ന് അവർക്കല്ലേ അറിയൂ. പരമാവധി ചർച്ചകളും അഭിപ്രായം സ്വരൂപിക്കലും നടത്തണം. ഇവിടെത്തന്നെ അതു കുറേ നടന്നു. അവസാന വട്ടവും നേതൃത്വം ചർച്ച നടത്തി, എന്ന് തിരുവഞ്ചൂർ പറഞ്ഞു.
എഗ്രൂപ്പിലെ പ്രമുഖ നേതാവായിട്ടും താൻ അകന്നു നിൽക്കുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. തന്നെ ചുമതലപ്പെടുത്തുന്ന കാര്യങ്ങൾ അല്ലാതെ എല്ലാം എന്റെ തലയിൽ കൂടിയാണ് കറങ്ങുന്നതെന്ന തെറ്റായ ധാരണ ഇപ്പോൾ തനിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. താൻ എ ഗ്രൂപ്പിൽ നിന്ന് മാറി നിൽക്കുന്നില്ലെന്നും അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചതാണെന്നുമാണ് മറുപടി.
പ്രതിപക്ഷ നേതാവായി ഐ വിഭാഗത്തിലെ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടപ്പിച്ചുവോ എന്ന് തുറന്നുപറയാൻ തിരുവഞ്ചൂർ തയ്യാറല്ല. പ്രതിപക്ഷ നേതാവായി സ്വന്തം പേരു നിർദ്ദേശിക്കുന്നതിന് എ ഗ്രൂപ്പ് വിലക്കേർപ്പെടുത്തിയതിലെ പരിഭവവും അദ്ദേഹം പറയാതെ പറയുന്നു. എന്നാൽ, ഇതിന് ഉമ്മൻ ചാണ്ടിയെ പഴിക്കാൻ അദ്ദേഹം തയ്യാറുമല്ല.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ജോപ്പനെ അറസ്റ്റ് ചെയ്തതിലും തിരുവഞ്ചൂരിന് ന്യായീകരണമുണ്ട്. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞവർക്കെതിരെ മാത്രമേ അന്വേഷണ നടപടി ഉണ്ടായിട്ടുള്ളുവെന്നാണ് അദ്ദേഹത്തിന്റെ ന്യായം. തന്നെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രമേശ് ചെന്നിത്തലയെ ആ പദവിയിലേക്ക് നിയോഗിച്ചപ്പോൾ പ്രതിഷേധിച്ചില്ലെങ്കിലും അത് തന്റെ മനസ്സിലുണ്ടാക്കിയ മുറിവ് അദ്ദേഹം മറച്ചുവയ്ക്കുന്നുമില്ല. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ ആദ്യം മനസ്സിനു വിഷമം തോന്നിയെങ്കിലും സതീശന്റെ നിയമസഭയിലെ പ്രകടനം സൂപ്പർ ആണെന്നാണ് തിരുവഞ്ചൂരിന് തോന്നുന്നത്. സുധാകരനും സതീശനും വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായും അദ്ദേഹം കരുതുന്നു.
തുറന്ന അഭിപ്രായ പ്രകടനങ്ങൾക്ക് മുതിർന്ന് ആരെയും ഞെട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും എ ഗ്രൂപ്പിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണങ്ങൾ വായിച്ചെടുക്കാവുന്ന രീതിയിൽ തിരുവഞ്ചൂർ വ്യക്തമാക്കുന്നു. കെ.സിജോസഫും, കെ.ബാബുവും ഉമ്മൻ ചാണ്ടിക്കൊപ്പം ഇപ്പോഴും നിലകൊള്ളുമ്പോൾ ടി.സിദ്ധിരക്കിന് പിന്നാലെ തിരുവഞ്ചൂർ, സുധാകര പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ്.
കടപ്പാട്: മനോരമ
മറുനാടന് മലയാളി ബ്യൂറോ