കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആഘോഷങ്ങൾ ഇപ്പോഴും കേരളത്തിൽ പൊടി പൊടിക്കുന്നുണ്ട്. ആൾക്കൂട്ടങ്ങൾ എത്രത്തോളം അപകടരമാണെന്നതിന് തെളിവാണ് കരുനാഗപ്പള്ളിയിലെ ഈ യുവാവിന്റെ മരണം.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച യുവാവ് വിവാഹപ്പിറ്റേന്ന് കോവിഡ് ബാധിക്കുകയും ചികിത്സയിൽ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് മരിക്കുകയും ചെയ്തു. തൊടിയൂർ തെങ്ങുംതറയിൽ പരേതനായ തുളസീധരന്റെയും മണിയുടെയും മകൻ സായികുമാറാണ് (ചന്തു-28) മെയ് ഒന്നിന് മരണപ്പെട്ടത്. വിവാഹത്തിന് ശേഷം നടത്തിയ സത്ക്കാരത്തിനിടെയാണ് കോവിഡ് പിടിപെട്ടതെന്നാണ് ആരോഗ്യ പ്രവർത്തകർ മറുനാടനോട് പറഞ്ഞത്.

സായികുമാർ ഏറെ നാളായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുകയായിരുന്നു. അടൂരിലെ എസ്.എൻ.ഐ.ടി കോളേജ് പഠന കാലത്ത് കോളേജിൽ തന്നെ പഠിച്ചിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ വിവാഹം നടത്താനിരുന്നതായിരുന്നു.

കോവിഡ് മൂലം അഫ്ഗാനിസ്ഥാനിൽ നിന്നും സായികുമാറിന് വരാൻ കഴിയാതിരുന്നതോടെ വിവാഹം മാറ്റി വച്ചു. പിന്നീട് ഏപ്രിൽ 5 ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനായി സായികുമാർ മാർച്ച് 24 ന് നാട്ടിലെത്തുകയും ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയുകയും ചെയ്തതായി പറയുന്നു. പിന്നീട് പുനലൂർ പ്ലാത്തറയിലെ പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ഗുരുമന്ദിരത്തിൽ വച്ച് വിവാഹം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടാണ് വിവാഹം നടന്നത്.

വിവാഹ ശേഷം അരമത്ത് മഠത്തിലെ വീട്ടിൽ വച്ച് സ്ത്ക്കാരവും നടത്തി. പിറ്റേദിവസം സായികുമാറിന്റെ സഹോദരന് കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെ വലിയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടു പിന്നാലെ സായികുമാറിനും ലക്ഷണങ്ങൾ പ്രകടമായി. കരുനാഗപ്പള്ളിയിലെ എസ്.ബി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

ഇവിടെ ചികിത്സയിൽ തുടരുന്നതിനിടയിൽ 14 ന് രക്തം ഛർദ്ധിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗം മൂർച്ഛിച്ചതോടെ മെയ് ഒന്നിന് ന്യുമോണിയ പിടിപെട്ട് മരണപ്പെടുകയായിരുന്നു. ഇതിനിടയിൽ സായികുമാറിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്കും കോവിഡ് പിടിപെട്ടു. പിന്നാലെ വിവാഹ സത്ക്കാരത്തിന് പങ്കെടുത്ത പത്തോളം പേർക്കും കോവിഡ് പിടിപെട്ടതായും റിപ്പോർട്ട് വന്നു.

സംഭവം അറിഞ്ഞ് ആരോഗ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് വിവാഹ സത്ക്കാരം നടത്തിയതെന്ന് കണ്ടെത്തി. വിവാഹം നടക്കുന്ന വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ വിവാഹത്തിനായുള്ള അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല എന്നും കണ്ടെത്തി. അഫ്ഗാനിസ്ഥാനിൽ നിന്നും സായികുമാർ എത്തിയ വിവരവും നിരീക്ഷണത്തിൽ എവിടെ കഴിഞ്ഞു എന്നും ആരോഗ്യ പ്രവർത്തകർ അറിഞ്ഞിട്ടു കൂടിയില്ല. വിവാഹ സത്ക്കാരത്തിനിടെയുണ്ടായ സമൂഹ വ്യാപനമാണ് രോഗികൾ കൂടാൻ കാരണമെന്ന് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.

അതേ സമയം കരുനാഗപ്പള്ളിയിൽ രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ക്വാറന്റൈൻ ലംഘനങ്ങൾ കണ്ടെത്താനായി വനിതാ പൊലീസ് സംഘം പഞ്ചായത്തുകളിൽ പട്രോളിങ് നടത്തുകയാണ്. കൂടുതൽ രോഗികളുള്ള കുലശേഖരപുരം പഞ്ചായത്തിലാണ് ആദ്യ ദിവസം വനിതാ പൊലീസ് സംഘം നിരീക്ഷണം നടത്തിയത്.

തുടർന്നുള്ള ദിവസങ്ങളിൽ തഴവ, തൊടിയൂർ പഞ്ചായത്തുകളിലും നിരീക്ഷണം നടത്തും. കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ നിലവിൽ നിരോധനാജ്ഞ നിലവിലുണ്ട്. തൊടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡും കണ്ടെയ്ന്മെന്റ് സോണായി.