പത്തനംതിട്ട: കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവിന് തുടക്കമിട്ടത് റാന്നി ഐത്തലയിലെ ഒരു കുടുംബമായിരുന്നു. ഇറ്റലിയിൽ നിന്ന് കോവിഡുമായി വന്ന് നാടു മുഴുവൻ കറങ്ങി നടന്നുവെന്ന പേരിൽ ഒരു പാട് വിമർശനം ഏൽക്കേണ്ടി വന്നു. വാർത്തകളിൽ നിറഞ്ഞു നിന്ന ഇവരെ ആരോഗ്യമന്ത്രി പോലും കുറ്റപ്പെടുത്തി. അന്ന് ഇറ്റലിയിൽ നിന്ന് വന്ന മക്കളിൽ നിന്ന് രോഗം ബാധിച്ച രണ്ടു വൃദ്ധ ദമ്പതികൾ ഉണ്ടായിരുന്നു. ഐത്തല മീമൂട്ടുപാറയിലെ പട്ടയിൽ തോമസ് ഏബ്രഹാമും (94)ഭാര്യ മറിയാമ്മയും(88). കോവിഡ് ബാധിച്ച് ഇരുവരും മരിച്ചു പോയേക്കാമെന്ന് ഡോക്ടർമാർ പോലും വിശ്വസിച്ചു. പക്ഷേ, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് ഭേദമായി ഇരുവരും വീട്ടിലെത്തി.

കോവിഡ് വന്ന് സുഖപ്പെടുന്ന ഏറ്റവും പ്രായം കൂടിയയാൾ എന്ന ബഹുമതിയും അന്ന് തോമസിനായിരുന്നു. ഫെബ്രുവരി അവസാനം ഇറ്റലിയിൽ നിന്ന് നാട്ടിൽ വന്ന മകൻ മോൻസിയും കുടുംബവുമാണ് അപ്പച്ചനും അമ്മച്ചിക്കും രോഗം പകർന്ന് നൽകിയത്. അന്ന് കോവിഡിനെ തോൽപ്പിച്ച തോമസ് ഏബ്രഹാം ഇന്ന് മരണത്തോടു തോറ്റു. രാവിലെ 11 നായിരുന്നു മരണം.

ഹൃദയ സംബന്ധമായ അസുഖം തന്റെ അന്ത്യം കുറിക്കുമെന്ന് കരുതി തോമസ് ഇറ്റലിയിലുള്ള മകൻ മോൻസിയോടും കുടുംബത്തോടും നാട്ടിലെത്താൻ വാശി പിടിക്കുകയായിരുന്നു. പിതാവിന്റെ വേദന കലർന്ന ആഗ്രഹം തള്ളിക്കളയാൻ ഈ കുടുംബത്തിനു സാധിച്ചിരുന്നില്ല. അതിനാൽ ഇവർ നാട്ടിൽ എത്തി. എന്നാൽ മക്കളെ കണ്ട വൃദ്ധദമ്പതികളുടെ സന്തോഷം തകർത്തു കൊണ്ട് കോവിഡ് എന്ന മഹാമാരി ഒരു നാടിനെ ഒന്നാകെ ഭീതിയിലാഴ്‌ത്തി കുടുംബാംഗങ്ങളെ വരിഞ്ഞു മുറുക്കുകയായിരുന്നു.

എന്നാൽ, ചെറുപ്പക്കാരെ വെല്ലുന്ന മസിൽ പവറോടെ തോമസും മറിയാമ്മയും കോവിഡിനെ മലർത്തിയടിച്ചു. നല്ലൊരു കർഷകനായിരുന്നു തോമസ്. വീട്ടിലേക്ക് ആവശ്യത്തിനുള്ളതു സ്വന്തമായി കൃഷി ചെയ്തിരുന്നു. കന്നുകാലികളെ വളർത്തി അവയിൽ നിന്നു കിട്ടുന്ന പാലാണു ഉപയോഗിച്ചിരുന്നത്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ആയിരുന്നപ്പോഴും ആഹാരകാര്യങ്ങളിൽ തോമസ് നിഷ്‌കർഷത പുലർത്തി. മരുന്നിനൊപ്പം തോമസിനും മറിയാമ്മയ്ക്കും ആഹാരവും സ്നേഹ പരിചരണങ്ങളും നൽകുന്നതിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും യാതൊരു പിശുക്കും കാണിച്ചില്ല.

തോമസിനും ഭാര്യയ്ക്കും മക്കളെ ജീവനായിരുന്നു. മക്കൾക്കും തിരിച്ചും അങ്ങനെ തന്നെ. അതിനാൽ ചികിത്സയിൽ കഴിയുമ്പോഴും മക്കളെ കാണണമെന്നു വൃദ്ധദമ്പതികൾ വാശിപിടിച്ചിരുന്നു. എല്ലാവരെയും വിളിച്ചറിയിച്ചിട്ടുണ്ടെന്നും നാളെ വരുമെന്നും പറഞ്ഞ് ഓരോ ദിവസവും നഴ്സുമാർ സാന്ത്വനിപ്പിച്ചിരുന്നു. ഒടുവിൽ അസുഖംമാറി മെഡിക്കൽ കോളേജിന്റെ ആംബുലൻസിൽ തിരികെ വീട്ടിലെത്തിയ തോമസും ഭാര്യയും എവിടെ ആയിരുന്നെടാ ഇത്രയുംനാൾ...എന്നു ഇറ്റലിയിൽ നിന്നെത്തിയ മകൻ മോൻസിയോട് ചോദിച്ചപ്പോൾ കരയുകയായിരുന്നു.

ഒരു വർഷം മുൻപ് വാർധക്യസഹജമായ അസുഖത്തെ തുടർന്നു തോമസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴും മക്കളെ കാണണമെന്നു തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇറ്റലിയിൽ നിന്നും മകൻ മോൻസി എബ്രഹാം നാട്ടിലെത്തി പിതാവിനെ കണ്ട് ഒരു മാസം കഴിഞ്ഞതിനു ശേഷമാണു തിരിച്ചു പോയത്. ഇറ്റലിയിൽ തിരികെ എത്തിയതിനു ശേഷം ഫോൺ വിളിക്കുമ്പോഴെല്ലാം ഇനിയും നിങ്ങൾ വരുന്നതു വരെ പിടിച്ചു നിൽക്കുവാൻ സാധിക്കില്ലെന്നും മക്കളെ കാണണമെന്നും പിതാവ് നിർബന്ധംപിടിക്കുമായിരുന്നു.

അങ്ങ് ഇറ്റലിയിൽ ഈ കുടുംബത്തോടൊപ്പം സഹകരിച്ചിരുന്ന ബന്ധുക്കൾ ആർക്കും തന്നെ ഇതുവരെ കോവിഡിന്റെ ഒരു ലക്ഷണവും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. നാട്ടിലേക്കു പോരുന്നതിനു തലേദിവസം ബന്ധുക്കൾ ഇവരുടെ വീട്ടിലെത്തി ഒന്നിച്ച് ആഹാരം കഴിക്കുകയും പിറ്റേ ദിവസം ഒരു മണിക്കൂർ കാറിൽ ഒന്നിച്ചു യാത്ര ചെയ്ത് എയർപോർട്ടിൽ എത്തുകയും ചെയ്തിരുന്നു. മകൻ മോൻസി എബ്രഹാം പുതുതായി പണിത വീട്ടിലാണു തോമസും മറിയാമ്മയും താമസിക്കുന്നത്.

നാട്ടിൽ റേഡിയോളജി പഠിക്കുന്നതിനെത്തിയ ചെറുമകൻ റിജോ നേരത്തെ കഴിഞ്ഞിരുന്നത് ഇവർക്കൊപ്പമായിരുന്നു. അതിനാൽ റിജോയോട് പ്രത്യേക വാത്സല്യവും ഇവർക്കുണ്ട്. ഇപ്പോൾ മരുന്നെടുത്തു കൊടുക്കുന്നതിനും കുളിപ്പിക്കുന്നതിനുമെല്ലാം തോമസിനു റിജോ തന്നെ വേണം. തനിച്ചു നടന്നാൽ വീഴുമോയെന്ന ഭയത്താൽ ഊന്നുവടിയും നൽകിയിട്ടുണ്ട്. എന്നാൽ മറിയാമ്മ സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യും.

മക്കൾ ആവശ്യത്തിനു പണവും സുഖസൗകര്യങ്ങളും നൽകിയിട്ടുണ്ടെങ്കിലും പഴയകാലത്തെ കപ്പയും കാന്താരിയുമാണ് ഇവർക്കിപ്പോഴും പ്രിയം. ദീർഘനാളത്തെ വിജയകരമായ ദാമ്പത്യ ജീവിതം നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടവക പള്ളിയിൽ ഈ വൃദ്ധ ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.മാർച്ച് എട്ടിനായിരുന്നു കോവിഡ് തോമസിനും മറിയാമ്മയ്ക്കും സ്ഥിരീകരിച്ചത്.