- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയത് യെസ് ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ സംശയം ഉയർന്നപ്പോൾ; മസാലാ ബോണ്ടിൽ അനുമതി നൽകിയോ എന്ന ചോദ്യത്തിന് റിസർവ്വ് ബാങ്കിന്റെ മറുപടി നിർണ്ണായകമാകും; ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതും പരിഗണനയിൽ; സിഎജിയുടെ കണ്ടെത്തൽ ഗൗരവത്തോടെ എടുത്ത് ഇഡി; അവകാശ ലംഘന നീക്കത്തിൽ സിപിഎം
കൊച്ചി: സിഎജിയുമായി ചേർന്നു ഗൂഢാലോചന നടത്തിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പച്ചക്കള്ളമെന്ന് കേന്ദ്ര ഏജൻസികൾ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകനത്തിൽ സിഎജി പരിശോധനകൾ തുടങ്ങുന്നതിനന് മുമ്പ് തന്നെ കിഫ്ബിയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. ഇക്കാര്യം നേരത്തെ പാർലമെന്റിനേയും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പുതിയ വിവാദങ്ങളോടെ അന്വേഷണത്തിന് പുതിയ തലം കൈവന്നുവെന്നതാണ് വസ്തുത. അതിനിടെ നിയമസഭയുടെ അവകാശ ലംഘനം ഉയർത്തി ഇഡിയെ വെട്ടിലാക്കാനാണ് സിപിഎം തീരുമാനം.
അതിനിടെ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു പണം സമാഹരിക്കാൻ അനുമതി നൽകിയിരുന്നോ എന്നു ചോദിച്ച് റിസർവ് ബാങ്കിന് ഇഡി കത്ത് നൽകി. അനുമതി നൽകിയെങ്കിൽ അതിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിന് അനുമതി നൽകിയ റിസർവ് ബാങ്ക് നടപടിയെയും സിഎജി ചോദ്യം ചെയ്തിരുന്നു. റിസർവ്വ് ബാങ്കിന്റെ മറുപടിയാകും ഇനി നിർണ്ണായകം. 7.23 % പലിശയ്ക്കു 2150 കോടി രൂപയാണു മസാല ബോണ്ടിലൂടെ സർക്കാർ സമാഹരിച്ചത്. റിസർവ്വ് ബാങ്കിന്റെ മറുപടി സംസ്ഥാന സർക്കാരിന് എതിരായാൽ ധനമന്ത്രി തോമസ് ഐസക്കിനേയും ചോദ്യം ചെയ്യും.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാരാണ് വെളിപ്പെടുത്തിയത്. യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരുന്നതെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത്. കിഫ്ബി സിഇഒ കെഎം ഇബ്രാഹിമിനെതിരെയും ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയാണെങ്കിലും അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഈ അന്വേഷണമാണ് ഇപ്പോൾ പുതിയ തലത്തിലെത്തുന്നത്. സ്വർണ്ണ കടത്തിൽ ആരോപണ വിധേയനായ ചാർട്ടേഡ് അക്കൗണ്ടന്റിനും കിഫ്ബിയുമായി ബന്ധമുണ്ട്. ഇത് കണ്ടെത്തിയതാണ് ഇപ്പോൾ നിർണ്ണായകമായത്. മസാല ബോണ്ട് ഇറക്കി കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ 2150 കോടി രൂപ സമാഹരിച്ചതിൽ വിദേശനാണയ നിയന്ത്രണ നിയമത്തിന്റെ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ഫെമ) ലംഘനമുണ്ടോയെന്നത് അന്വേഷിക്കുന്നതും യെസ് ബാങ്ക് നിക്ഷേപ തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിലാണ്.
വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ ലംഘനമാണെന്നു സിഎജി വിമർശിച്ചതു കേന്ദ്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം തെറ്റാണെന്നും എൻഫോഴ്‌സ്‌മെന്റ് പറയുന്നു.കേന്ദ്ര സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ അനുമതിയില്ലാതെ വിദേശത്തുനിന്നു രാജ്യത്തേക്കു വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതു 'ഫെമ'യുടെ ലംഘനമാണ്. യുഎഇയിൽനിന്നു കേരളത്തിലേക്കും തിരികെയും അക്കൗണ്ട് വഴിയും അല്ലാതെയും പണം കടത്തിയതിനു സ്വപ്നയും സരിത്തും അടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികൾക്കെതിരെ ഇഡി 'ഫെമ' വകുപ്പുകൾ ചുമത്തിയിരുന്നു. സമാനമായ അന്വേഷണമാണ് ഇപ്പോൾ കിഫ്ബിക്കെതിരെയും നടത്തുന്നത്.
സിഎജിയുമായി ചേർന്നു ഗൂഢാലോചന നടത്തിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ഇവിടെയുള്ള നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്നു കരുതേണ്ട. വിദേശ വായ്പയ്ക്കു റിസർവ് ബാങ്കിന്റെ അനുമതിയില്ലെന്നു സിഎജി റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ലെന്നിരിക്കെ, അതൊരു കാരണമാക്കി എങ്ങനെ ഇഡിക്ക് അന്വേഷണം പ്രഖ്യാപിക്കാനാകും. നിയമസഭയിൽ വയ്ക്കാത്ത റിപ്പോർട്ടിൽ ഇഡി അന്വേഷണം നടത്തുന്നതു സഭയുടെ അവകാശങ്ങളുടെ ലംഘനമാണ്- മന്ത്രി തോമസ് ഐസക് പറയുന്നു.
യെസ് ബാങ്കിൽ കിഫ്ബി നടത്തിയ 250 കോടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവത്തിൽ കിഫ്ബിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവന്നിരുന്നു.
പരാതി ലഭിച്ചതോടെ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിരിക്കാം. അല്ലാതെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായി എവിടെയും പറയുന്നില്ലെന്നും അന്വേഷണം നടത്താനുള്ള കാരണം വ്യക്തമല്ലെന്നും കിഫ്ബി സിഇഒ അന്ന് പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ