- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയുടെ നീക്കം ഭരണസ്തംഭനമുണ്ടാക്കാൻ; ജനങ്ങളെ അണിനിരത്തി ചെറുക്കും; സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല; ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി ശ്രമം; കിഫ്ബിയിലെ അന്വേഷണത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം
തിരുവനന്തപുരം: സിഎജിയുടെ റിപ്പോർട്ട് നിഷ്കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ടിൽ ഇ.ഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയത്. ഇഡിക്ക് സിഎജി റിപ്പോർട്ട് എങ്ങനെ ലഭിച്ചുവെന്നും ധനമന്ത്രി ചോദിച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണിത്. കരട് റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ച് രണ്ടേ രണ്ട് പാരഗ്രാഫ് മാത്രമെയുള്ളു. എന്നാൽ ഫൈനൽ റിപ്പോർട്ടിൽ വന്നത് കരട് റിപ്പോർട്ടിൽ ചർച്ചചെയ്യാത്ത ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളാണ്. ഇത് നാല് പേജിൽ വിസ്തരിച്ച് എഴുതിയിരിക്കുകയാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാൻ നിയമസഭയുണ്ട്. ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. ഇതിനുള്ള മറുപടി ജനങ്ങൾ കൊടുക്കും. കേരളത്തിലെ ഭരണത്തെ സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കും.
ആർബിഐ നിബന്ധനകൾ പാലിച്ചുതന്നെയാണ് മസാലബോണ്ടിലേക്ക് കടന്നത്. ഡെമോക്ലസിന്റെ വാൾ പോലെ സിഎജിയും ഇഡിയും നിൽക്കുമ്പോൾ വായ്പ തരുന്നവരുടെ ഇടയിലും സ്തംഭനം ഉണ്ടാക്കും. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഐസക് പറഞ്ഞു. ബിജെപിയുമായി ഒത്തുകളിച്ച് കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറണം. യുഡിഎഫ് അടക്കം ഒരുമിച്ച് നിന്ന് പാസാക്കിയ നിയമത്തെ സംരക്ഷിക്കണം എന്ന് പറയാനുള്ള ആർജവം പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടാകണം. യുഡിഎഫ് സർക്കാർ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞിതനപ്പുറമൊന്നും എൽഡിഎഫ് സർക്കാർ ചെയ്തിട്ടില്ല.
വായ്പ എടുക്കാനേ പാടില്ല എന്ന് പറയുന്നത് ശുദ്ധ അസംഭന്ധമാണ്. പൊതുണ്ഡലത്തിൽ ചർച്ചചെയ്യണം എന്നതിനാലാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്തുപറഞ്ഞത്. ഇത് അസാധാരണമായ സാഹചര്യമാണ്. സാധാരണ നടപടി ക്രമങ്ങളിലൂടെ മാത്രം പോയാൽ പദ്ധതികളാകെ സ്തംഭിക്കും.
നിഷ്കളങ്കമായ റിപ്പോർട്ടല്ല സിഎജിയുടേതെന്ന് നേരത്തേ പറഞ്ഞതാണ്. സുനിൽ രാജ് എന്ന എജി ആ പദവിക്ക് ഒട്ടും ചേരാത്ത രീതിയിലാണ് പെരുമാറുന്നത്. കേരളത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണ്. കരട് റിപ്പോർട്ടിൽ രണ്ട് പാരഗ്രാഫിൽ മാത്രമാണ് കിഫ്ബിയെക്കുറിച്ച് പരമാർശം ഉണ്ടായിരുന്നത്. എന്നാൽ കരടിൽ ചർച്ച ചെയ്യാത്ത ഭരണഘടനാസാധുത സംബന്ധിച്ച നിഗമനങ്ങളായി നാല് പേജാണ് അന്തിമ റിപ്പോർട്ടിൽ എഴുതിച്ചേർത്തത്.
സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയതിൽ അജണ്ടയുണ്ട്. അതിന്മേൽ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാൾ പ്രധാനമായി ഇന്നത്തെ സർക്കാരിനെ അടിക്കാൻ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവർ. ഇത് കീഴ്വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും പ്രശ്നമല്ല, അട്ടിമറി ശ്രമത്തെ ചെറുക്കുക എന്നതാണ് കടമയെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ആർബി ഐയ്ക്ക് കത്ത് നൽകി. വിശദാംശങ്ങൾ തേടികൊണ്ടാണ് ഇഡി ആർബിഐയ്ക്ക് കത്ത് നൽകിയത്. സിആൻഡ്എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.
മറുനാടന് മലയാളി ബ്യൂറോ