തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ. മാരക ലഹരി വസ്തുവായ എംഡിഎംഎയെയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേരെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തുമ്പ സെന്റ് സേവ്യേഴ്‌സിന് സമീപം മേനംകുളം പുതുവൽ പുരയിടം വീട്ടിൽ ലിയോൺ ജോൺസൻ എന്ന അജിത്ത് (29), കഴക്കൂട്ടം കിഴക്കുംഭാഗം നേതാജി ലൈനിൽ എസ് എൽ ഭവനിൽ വിജീഷ് എന്ന സാത്തി സന്തോഷ് (34), പാറശ്ശാല എടക്കോട് മലൈകോട് തട്ടാൻവിളാകം വീട്ടിൽ വിഷ്ണു (21 ) എന്നിവരാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് അറസ്റ്റിലായത്. ഇവരിൽ നിന്നും പത്ത് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

സംഘത്തിലെ പ്രധാനിയായ ലിയോൺ ജോൺസൺ മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കച്ചവടം, വധശ്രമം അടക്കമുള്ള അനവധി കേസ്സുകളിലെ പ്രതിയാണ്. കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വാടകവീടെടുത്ത് ലഹരി മരുന്ന് കച്ചവടം ചെയ്ത് വന്നിരുന്ന ഇയാളെ ആറ് മാസം മുമ്പ് കഠിനം കുളം പൊലീസ് എംഡിഎംഎയും നാടൻ ബോംബുകളുമായി പിടികൂടി റിമാന്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു.

ബെംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് നേരത്തേ ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിടിയിലായ മറ്റൊരു പ്രതിയായ വിജീഷ് ദേശീയപാതയിൽ പള്ളിപ്പുറത്ത് വെച്ച് സ്വർണ വ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച് സ്വർണം കവർച്ച ചെയ്ത കേസ്സിലെ പ്രധാന പ്രതിയാണ്. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്.